GeneralLatest NewsMollywoodNEWS

നമ്മൾ ഇവിടെ കണ്ടിട്ടുള്ള അടിമതൊമ്മി ജനുസ്സിൽ പെട്ട ആണൊരുത്തനല്ല ഉണ്ണി മുകുന്ദൻ: അഞ്ജു പാർവതി എഴുതുന്നു

തന്റെ രാഷ്ട്രീയ നിലപാടും ഇടതുപക്ഷ ചായ്വും വിശ്വാസവും ഒക്കെ ഉറക്കെ പറഞ്ഞ വ്യക്തിയാണ് ശ്രീ. മമ്മൂട്ടി

 നെപ്പോട്ടിസം അരങ്ങു വാഴുന്ന, തൊഴുത്തിൽ കുത്ത് കോമൺ ഫാക്ടറായ ഒരു തൊഴിലിടത്തിൽ ഗോഡ്ഫാദറിന്റെ അകമ്പടിയില്ലാതെ ആകാരഭംഗിയും ആത്മവിശ്വാസവും ഹാർഡ് വർക്കും മാത്രം കൊണ്ട് അരങ്ങേറ്റം കുറിച്ച ഒരു ചെറുപ്പക്കാരനാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിൽ തന്റേതായ ഒരു മേൽവിലാസമുണ്ടാക്കിയ ശേഷം തെലുങ്ക് സിനിമവരെ എത്തിയ ഉണ്ണി മുകുന്ദൻ അവിടം വരെയെത്തിയത് തന്റെ സ്വപ്നങ്ങളെ ചേസ് ചെയ്തു കൊണ്ട് തന്നെയാണ്. SIow and steady wins the race എന്നു പറയാതെ പറഞ്ഞ ഉണ്ണിയും ഉണ്ണിയുടെ പ്രൊഡക്ഷൻ കമ്പനിയും അത് നിർമ്മിച്ച മേപ്പടിയാനും ഷെഫീക്കിൻ്റെ സന്തോഷവും ഒക്കെ സിനിമ സ്വപ്നമായി കൊണ്ടു നടക്കുന്ന ശരാശരി യുവാക്കൾക്ക് റോൾ മോഡലാക്കേണ്ട സംഗതി തന്നെയാണ്. ഇതിപ്പോൾ ഒരിക്കൽ കൂടി പറയുവാൻ കാരണം നാളെ ഇറങ്ങുന്ന ഷെഫീക്കിൻ്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ ഇൻ്റർവ്യൂകളിൽ ഉണ്ണി മുകുന്ദൻ നേരിട്ട ചില ചോദ്യങ്ങളിലെ കുനുഷ്ടും അതിന് അദ്ദേഹം നല്കിയ മറുപടിയെ വളച്ചൊടിച്ച് ടോക്സിക് തലക്കെട്ടുകൾ നല്കി വാർത്തകളാക്കുന്ന പ്രവണതകളും കണ്ടതുകൊണ്ടാണ്.

read also: ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന ‘കായ്പോള’: വീൽചെയർ ക്രിക്കറ്റിനെ ഓർമ്മിപ്പിച്ച് പുതിയ പോസ്റ്റർ പുറത്ത്

ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയുടെ പ്രൊമോഷനായിട്ടു വന്ന നായക നടനും അതിൻ്റെ നിർമ്മാതാവുമായ ഉണ്ണിയോട് ചോദ്യകർത്താക്കൾക്ക് ചോദിക്കേണ്ടത് സിനിമയെ കുറിച്ചല്ല മറിച്ച് അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തെ കുറിച്ചും മതത്തെ കുറിച്ചുമാണ്. കുറിയിട്ട ഉണ്ണി മുകുന്ദൻ എന്തുകൊണ്ട് നിസ്കാരത്തൊപ്പിയണിഞ്ഞ ഉണ്ണി മുകുന്ദൻ ആയി എന്ന തരം ടോക്സിക് ചോദ്യങ്ങളാണ്. എന്തുകൊണ്ടാണ് ഈ രീതി ഈ നടനോട് മാത്രം മാധ്യമങ്ങൾ കാണിക്കുന്നത് എന്നതിൻ്റെ ഉത്തരം വളരെ സിമ്പിളാണ്. അയാൾ ഒളിച്ചു കടത്തലില്ലാതെ തൻ്റെ ദേശീയതയോടുള്ള കുറ് തുറന്നു പറയുന്നു. തൻ്റെ ഹൈന്ദവ വിശ്വാസങ്ങളെ കുറിച്ച് ശക്തമായ സ്റ്റേറ്റ്മെൻ്റുകൾ നടത്തുന്നു. ! ഒരാൾക്ക് രാജ്യത്തോട് കൂറ് തോന്നിയാൽ, ഹനുമാൻ സ്വാമിയോടും അയ്യപ്പസ്വാമിയോടും അതിരറ്റ വിശ്വാസമാണെന്നു പറഞ്ഞാൽ അതിന് സംഘിചാപ്പ അടിച്ചു നല്കി ഒറ്റപ്പെടുത്തുന്ന പ്രവണതയുടെ ഇരയാണ് ഉണ്ണി മുകുന്ദൻ.

തന്റെ രാഷ്ട്രീയ നിലപാടും ഇടതുപക്ഷ ചായ്വും വിശ്വാസവും ഒക്കെ ഉറക്കെ പറഞ്ഞ വ്യക്തിയാണ് ശ്രീ. മമ്മൂട്ടി . എന്നിട്ട് നാളിതു വരെ അദ്ദേഹത്തിനെതിരെ ഇതരരാഷ്ട്രീയ സംഘടനകളുടെ ഭാഗത്തു നിന്നുമോ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നോ ഇത്തരത്തിൽ എന്തെങ്കിലുമൊന്ന് ഉണ്ടായിട്ടുണ്ടോ? എല്ലാ പെരുന്നാളിനും അദ്ദേഹം നിസ്കരിക്കുന്ന ഫോട്ടോ വരാറുണ്ടല്ലോ. ഏതെങ്കിലും ഇൻറർവ്യൂവിൽ അദ്ദേഹത്തിൻ്റെ വിശ്വാസത്തെ റിലേറ്റ് ചെയ്ത് ഒരു ചോദ്യം ചോദിക്കാൻ ധൈര്യമുണ്ടോ? ഇനി മമ്മൂക്ക വിടാം. യുവതാരങ്ങളുടെ കാര്യമെടുക്കാം. ചാക്കോച്ചൻ , ജോജു ജോർജ്ജ്, ആസിഫ് അലി, ടൊവിനോ തുടങ്ങി എത്രയോ പേർ തങ്ങളുടെ രാഷ്ട്രീയവും വിശ്വാസവും ഉറക്കെ പറഞ്ഞിട്ടുണ്ട്. മാമ്മോദീസ പോലുള്ള മതപരമായ ചടങ്ങുകളിൽ തങ്ങളുടെ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്നത് പോസ്റ്റ് ചെയ്യാറുമുണ്ട്. അവരോട് ആരോടെങ്കിലും സിനിമാ പ്രൊമോഷനിടയ്ക്ക് ഈ സിനിമയിൽ കുറി തൊട്ടതെന്ത്, കഴിഞ്ഞ സിനിമയിൽ പൂണൂൽ ഇട്ടതെന്ത് എന്നൊക്കെ ചോദിക്കുമോ? ഇല്ല! പക്ഷേ മേപ്പടിയാനിൽ ശബരിമലയ്ക്ക് പോകാൻ മാലയിട്ട, കറുപ്പണിഞ്ഞ ജയകൃഷ്ണൻ എന്ന കഥാപാത്രമായി മാറിയ ഉണ്ണി അടുത്ത സിനിമയിൽ ഷെഫീക്കായാൽ അത് പ്രശ്നം. ഇനി വ്യക്തി ജീവിതത്തിൽ ഈശ്വരവിശ്വാസിയായ ഉണ്ണി തൻ്റെ ഇഷ്ടമൂർത്തിയായ ഹനുമാൻ്റെ ചിത്രം പോസ്റ്റ് ചെയ്താൽ വർഗ്ഗീയവാദി സംഘി. എന്തുതരം പ്രബുദ്ധതയാണ് ഇതൊക്കെ?

ഈ കേരളത്തിൽ ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിനൊപ്പമോ ഓരം ചേർന്നോ നടക്കുന്നവർക്ക് മാത്രം കല്പിച്ചരുളി കൊടുത്തിരിക്കുന്ന വരമാണ് നിലവിൽ ആശയ-അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യമെന്നത്. എതിർപക്ഷത്തുള്ളവർ അവരുടെ രാഷ്ട്രീയം ഉറക്കെപ്പറഞ്ഞാൽ, അവരുടെ വിശ്വാസം പറഞ്ഞാൽ ഒക്കെ മറുപക്ഷം വെട്ടുക്കിളിയാക്രമണം നടത്തുന്നു. ഫാസിസത്തിനെതിരെ നില്ക്കുന്നുവെന്നു പറയുന്നവർ തന്നെ തികഞ്ഞ ഫാസിസ്റ്റുകളായി, അസഹിഷ്ണുതാ വാദികളായി തീരുന്നു. ഒന്നല്ല; പല ഉദാഹരണങ്ങളുണ്ട്.

കലയെ കലയായി മാത്രം കണ്ടിരുന്ന, സിനിമയെ വിനോദോപാധിയായി മാത്രം കണ്ടിരുന്ന ഇവിടെ നടന്റെയോ സംവിധായകന്റെയോ രാഷ്ട്രീയവും മതവുമൊക്കെ ചർച്ചയായി തുടങ്ങിയത് രണ്ടായിരത്തിനു ശേഷമാണ്. വോട്ടുബാങ്ക് രാഷ്ട്രീയം ഇവിടെയുണ്ടാക്കി വച്ച മത പ്രീണനം എത്രത്തോളം കലാസൃഷ്ടികളെ സ്വാധീനിക്കുമെന്ന് നമ്മൾ കണ്ടു തുടങ്ങിയത് അതിനു ശേഷമാണ്. മലയാളസിനിമ തന്നെ ഒരു ലോബിക്ക് (മട്ടാഞ്ചേരി) ചുറ്റും കറങ്ങി തുടങ്ങി. പറ്റാവുന്ന ഇടത്തൊക്കെ മതം തിരുകി കയറ്റി തുടങ്ങി. ഒരു മതവിഭാഗത്തിലെ ആചാരങ്ങളെ അപമാനിക്കുന്ന കലാസൃഷ്ടികൾക്ക് മാർക്കറ്റ് കിട്ടുമെന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിയപ്പോൾ നല്ല കാമ്പുള്ള പ്രമേയങ്ങളിൽ പോലും ഹൈന്ദവവിരുദ്ധതയിടുന്നത് കാലത്തിന്റെ അനിവാര്യതയായി. ഒപ്പം 1980-90 കാലഘട്ടങ്ങളിലെ പത്മരാജൻ – ഭരതൻ ,പ്രിയദർശൻ സിനിമകളെ ഫോക്കസ് ചെയ്ത് സംവിധായകനോ അന്നത്തെ കാണികളോ കാണാതിരുന്ന സവർണ്ണ ഫാസിസവും ഒളിച്ചുകടത്തും സമർത്ഥമായി മാർക്കറ്റ് ചെയ്യുന്ന പൊളിറ്റിക്കൽ കറക്ട്നെസ്സുകാരുടെ ഇടിച്ചുകയറ്റവും കൂടിയായപ്പോൾ ഒക്കെ പൂർണ്ണമായി.

ഇടതുരാഷ്ട്രീയം ഉറക്കെ വിളിച്ചു പറയുന്ന ശ്രീ. മമ്മൂക്കയും മുകേഷും ഇന്നസെന്റും ആസിഫും ടൊവിനോയും ഒക്കെ പുരോഗമനാശയത്തിന്റെ വക്താക്കളാണ്. അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാൽ അത് അവരുടെ ജനാധിപത്യപരമായ അവകാശമാണ്. പാർവ്വതിയും റിമയും നിമിഷയും നിഖിലയും ഒക്കെ ഇടതുപക്ഷത്തിനൊപ്പമാണെന്ന് തുറന്നുപ്പറഞ്ഞാൽ അത് നിലപാടാണ്. എന്നാൽ നാഷണലിസ്റ്റാണ് താനെന്നു പറയുന്ന , ഇന്ത്യൻ പ്രധാനമന്ത്രിക്ക് ബർത്ത് ഡേ വിഷ് ചെയ്യുന്ന, ഒരു തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും മുന്നിട്ടിറങ്ങാത്ത ഉണ്ണി നൂറു വർഷം പിന്നോട്ടു നടക്കുന്നവനും വർഗ്ഗീയവാദിയുമാണ്. അതാണ് ഇവിടുത്തെ നടപ്പുരീതി.

ഉണ്ണിമുകുന്ദൻ എന്ന നടനെ ഇഷ്ടമാണ്. അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന പ്രതിഭയൊന്നുമല്ല ഉണ്ണി . പക്ഷേ കൊടുക്കുന്ന റോൾ മോശമല്ലാത്ത രീതിയിൽ അവതരിപ്പിക്കുന്ന ഒരു നടനാണ് . മാസ്റ്റർ പീസിലും മാമാങ്കത്തിലും മേപ്പടിയാനിലുമെല്ലാം അത് കണ്ടതുമാണ്. എന്നാൽ ഉണ്ണിയെന്ന വൃക്തിയെ നടനെക്കാളേറെ ഇഷ്ടപ്പെടുന്നതിനു കാരണങ്ങൾ വേറെയുണ്ട്. നമ്മൾ ഇവിടെ കണ്ടിട്ടുള്ള അടിമതൊമ്മി ജനുസ്സിൽ പെട്ട ആണൊരുത്തനല്ല ഉണ്ണി മുകുന്ദൻ , ഇടതുപക്ഷലോബിക്കൊപ്പം മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാളസിനിമയിൽ ഇങ്ങനെ നെഞ്ചു വിരിച്ച് നിന്ന് സ്വന്തം വിശ്വാസവും അഭിപ്രായവും ഉറക്കെപ്പറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേര് കൂടിയാകുന്നു ഉണ്ണി മുകുന്ദനും UMF ഉം!!

ഷെഫീക്കിൻ്റെ സന്തോഷം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറട്ടെ! ജയകൃഷ്ണനെ ഏറ്റെടുത്ത പ്രേക്ഷകർ ഷെഫീക്കിനെയും ഏറ്റെടുക്കട്ടെ! ടീം ഷെഫീക്കിൻ്റെ സന്തോഷത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു!

shortlink

Related Articles

Post Your Comments


Back to top button