GeneralLatest NewsNEWS

തലയണ കീറി വരെ തിരച്ചില്‍ നടന്നു, അശോകനെ ദുബായ് പാെലീസ് പിടികൂടി ജയിലിലടച്ചു: മുകേഷ്

1979-ൽ പുറത്തിറങ്ങിയ പി. പത്മരാജന്റെ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയൻ കുഞ്ചു’ വിനെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമ ലോകത്തെത്തിയ നടനാണ് അശോകൻ. ഒട്ടുമിക്ക പ്രഗൽഭ സംവിധായകരുടെയും ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കഴിവിനുള്ള അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. തനിക്കു ലഭിച്ച ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അദ്ദേഹം മികവുറ്റതാക്കി. ഇപ്പോഴിതാ അശോകനെക്കുറിച്ചുള്ള ഓര്‍മ്മ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുകേഷ്. അശോകനും മുകേഷും ഇന്‍‌ ഹരിഹര്‍ നഗര്‍ ഉള്‍‌പ്പെടെ ഒരുപിടി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

മുകേഷിന്റെ വാക്കുകൾ :

‘അശോകന്‍ പറഞ്ഞ ഒരു കഥ നിങ്ങളുമായി പങ്കുവെക്കാം. ഇത് അശോകനെക്കൊണ്ട് പ്രോഗ്രാമുകളില്‍ ഞാന്‍ പറയിപ്പിച്ചിട്ടുണ്ട്. അതല്ലാതെ ചില സന്ദര്‍ഭങ്ങളില്‍ ആ കഥ പറയൂയെന്ന് പറഞ്ഞാല്‍ ഒരു മടിയുമില്ലാതെ അശോകന്‍ പറയും. പക്ഷെ കരയും. കഥയുടെ തുടക്കത്തില്‍ തന്നെ കണ്ണ് നിറയും. കഥ തീര്‍ന്ന് കുറേ നേരം അശോകന്‍ നിശബ്ദനായിരിക്കും.

അന്നത്തെ കാലത്ത് ഗള്‍ഫ് എന്നത് സിനിമാക്കാര്‍ക്ക് പോലും അത്ര റീച്ചബിള്‍ അല്ല. നാട്ടിലുള്ളവരൊക്കെ ഗള്‍ഫില്‍ പോവാന്‍ വേണ്ടി ചക്ര ശ്വാസം വലിക്കുകയാണ്. പക്ഷെ അശോകന്‍ ഗള്‍ഫില്‍ പോവും. അശോകന്റെ ഒന്ന് രണ്ട് ചേട്ടന്‍മാര്‍ അവിടെ ജോലിയുമാണ് ബിസിനസും ചെയ്യും. അശോകന്‍ സിനിമാ ഷൂട്ടിനിടെ ഗ്യാപ്പ് വരുമ്പോൾ ചേട്ടന്‍മാരുടെയടുത്ത് പോവും. അങ്ങനെയൊരു പ്രാവശ്യം അശോകന്‍ ഗള്‍ഫില്‍ പോവുന്നു. നേരെ ഹോട്ടലിലെത്തി. പെട്ടെന്ന് കതകിലൊരു തട്ട്. തുറന്ന് നോക്കുമ്പോൾ ദുബായ് പൊലീസാണ്. എന്താണ് പ്രശ്നമെന്ന് അശോകന്‍ ചോദിച്ചു. മാറി നില്‍ക്കാന്‍ പറഞ്ഞു. തലയണ കീറി വരെ തിരച്ചില്‍ നടന്നു. അശോകന് ഒന്നും മനസ്സിലായില്ല. അവസാനം യു ആര്‍ അണ്ടര്‍ അറസ്റ്റെന്ന് പൊലീസ് അശോകനോട് പറഞ്ഞു. ചേട്ടന്‍മാര്‍ ജോലി കഴിഞ്ഞ് വന്നിട്ടില്ല. അവിടെയാെന്നും മലയാളികളെയും കാണാനില്ല. നേരെ അശോകനെ ഒരു ജീപ്പില്‍ കയറ്റി.

അശോകനെ സെല്ലിലേക്ക് കൊണ്ട് പോയി. പല സെല്ലുകളിലും പല രാജ്യക്കാര്‍ കിടക്കുന്നു. അതിനകത്ത് നിന്ന് ഒരാള്‍ വിളിച്ച്‌ പറഞ്ഞു അശോക‌നല്ലേ ആ പോവുന്നതെന്ന്. അത് കൂടെയായപ്പോള്‍ അശോകന്‍ തളര്‍ന്നു. തല കുമ്പിട്ടു . ആരെയും അറിയിക്കാന്‍ പറ്റുന്നില്ല, ഫോണ്‍ വിളിക്കാന്‍ പറ്റില്ല. അശോകനവിടെ ഇരുന്ന് കരയുകയാണ്. വിവരമറിഞ്ഞ് വക്കീലിനെയും സംഘടിപ്പിച്ച്‌ ചേട്ടന്‍മാര്‍ വന്നു. അകത്തോട്ട് പോവാന്‍ പറ്റുന്നില്ല. അവര്‍ പറയുന്നത് മയക്ക് മരുന്ന് കള്ളക്കടത്താണ്, മയക്കു മരുന്ന് ഉപയോഗിക്കുന്ന ഇദ്ദേഹം ഇവിടെ വില്‍ക്കുന്നു.

മയക്കു മരുന്നെന്നൊക്കെ പറഞ്ഞാല്‍‌ അവിടെ പുറം ലോകം കാണില്ല. എങ്ങനെ രക്ഷപ്പെടുത്തുമെന്ന് ആലോചിച്ച്‌ ഇവര്‍ നെട്ടോട്ടമോടുകയാണ്. അവിടെയാണ് അശോകന്‍ മഹാ ഭാഗ്യവാന്‍. പിറ്റേ ദിവസം ദുബായില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നു. അനന്തരം എന്ന സിനിമ പ്രദര്‍‌ശിപ്പിക്കുന്നുണ്ട്. അതില്‍ മമ്മൂട്ടിയാണ് നായകനെങ്കിലും വളരെ പ്രൊമിനന്റായ റോള്‍ അശോകന്‍ ചെയ്യുന്നുണ്ട്. സിനിമയുടെ ഷോ സംബന്ധിച്ച്‌ ഖലീജ് ടൈംസില്‍ അശോകന്റെ പടം വെച്ച്‌ ഒരു റിപ്പോര്‍ട്ട് വന്നു. വക്കീല്‍ അതൊരു കച്ചിത്തുരുമ്പാക്കി. അദ്ദേഹം ഒരു പ്രമുഖ നടനാണ്, നിരപരാധിയാണെന്ന് പറഞ്ഞു. പോലീസ് കുറച്ച്‌ ഫോട്ടോ അശോകന്റെ മുമ്പിലിട്ട് കൊടുത്തു. കഞ്ചാവ് വലിക്കുന്നതും സിറിഞ്ച് കുത്തുന്നതുമെല്ലാം. പ്രണാമം എന്ന സിനിമയില്‍ അശോകന്‍ അഭിനയിക്കുന്ന റോളാണത്. അതിന്റെ സ്റ്റില്‍സായിരുന്നു. അത് മലയാളി സുഹൃത്തുക്കോളോ മറ്റോ വെട്ടിക്കൊടുത്ത് ഇദ്ദേഹം വലിയ ഡ്രഗ് ഡീലറാണെന്ന് പറയുകയായിരുന്നു. ഫോട്ടോ കണ്ട് ബോധ്യപ്പെട്ടപ്പോള്‍ അവര്‍ അശോകനോട് സോറി പറഞ്ഞു.’

shortlink

Related Articles

Post Your Comments


Back to top button