GeneralLatest NewsNEWS

എല്ലാ പ്രേക്ഷകർക്കും ഈ ചിത്രം വളരെയധികം ഇഷ്ടപ്പെടും, അതിനാണ് ഞാൻ ശ്രമിക്കുന്നത്: ഉണ്ണി മുകുന്ദൻ

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കായ പത്മരാജന്റെ ‘ഞാൻ ​ഗന്ധർവ്വൻ’ എന്ന ചിത്രത്തിന് ശേഷം ​ഗന്ധർവ്വൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽക്കെ ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ‘ഗന്ധര്‍വ്വ ജൂനിയർ’ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ഷൂട്ടിം​ഗ് പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിൽ ​ഗന്ധർവ്വനായാണ് ഉണ്ണി അഭിനയിക്കുക. ഇപ്പോഴിതാ, ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് ഉണ്ണി മുകുന്ദൻ നൽകിയ ഉത്തരമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഫാൻ മെയ്ഡ് പോസ്റ്ററിന് താഴെയാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘എഡിറ്റ് ചെയ്ത ഈ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു , പക്ഷേ എന്റെ ഗന്ധർവ്വൻ വ്യത്യസ്തനാണ്! ഉറപ്പായും നിങ്ങളത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു !! എഡിറ്റ് ചെയ്ത വ്യക്തിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു’ എന്ന് കുറിച്ചു കൊണ്ടാണ് ഉണ്ണി മുകുന്ദൻ പോസ്റ്റർ പങ്കുവെച്ചത്. ഇതിന് താഴെ, പത്മരാജൻ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ‘ഈ ക്ലാസ്സിക്‌ ചിത്രത്തിന്റെ മേലെ ഈ ഗന്ധർവ്വൻ പോകുമോ’ എന്ന ചോദ്യവുമായി ഒരു പ്രേക്ഷകനും എത്തി. ‘അറിയില്ല ബ്രോ. എന്നാൽ എല്ലാ പ്രേക്ഷകർക്കും ഈ ചിത്രം വളരെയധികം ഇഷ്ടപ്പെടും. അതിനാണ് ഞാൻ ശ്രമിക്കുന്നത്!’ എന്നായിരുന്നു ഉണ്ണി മുകുന്ദൻ നൽകിയ ഉത്തരം.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ഒരുങ്ങുന്ന ‘ഗന്ധര്‍വ്വ ജൂനിയർ’ സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്‍റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആകുന്ന നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഫാന്റസിയും തമാശകളും കലര്‍ന്ന ചിത്രമാണ് ‘ഗന്ധര്‍വ്വ ജൂനിയർ’ എന്ന് അണിയറപ്രവർത്തകർ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button