GeneralInterviewsLatest NewsNEWS

പലരും കഥ മുഴുവന്‍ കേള്‍ക്കും മുമ്പ് വേണ്ടെന്ന് പറഞ്ഞു, ബിജുവിന്റെ കൂടെ അഭിനയിക്കാന്‍ ആരും തയ്യാറായില്ല: ജിബു ജേക്കബ്

ബിജു മേനോനെ നായകനാക്കി തിരികെ കൊണ്ട് വന്ന ചിത്രമായിരുന്നു ജിബു സംവിധാനം ചെയ്ത വെള്ളിമൂങ്ങ. ചിത്രത്തില്‍ മാമച്ചന്‍ എന്ന രാഷ്ട്രീയക്കാരനായി മിന്നും പ്രകടനമായിരുന്നു ബിജു മേനോന്‍ കാഴ്ചവച്ചത്. ചിത്രം സൂപ്പര്‍ ഹിറ്റാകുന്നതിനൊപ്പം ബിജു മേനോന്‍ നായക വേഷങ്ങളിലേക്ക് ശക്തമായി തിരികെ വരികയും ചെയ്തു. എന്നാല്‍ തുടക്കത്തില്‍ ഈ ചിത്രത്തില്‍ ബിജുവിനൊപ്പം അഭിനയിക്കാന്‍ പലരും തയ്യാറായിരുന്നില്ല എന്നാണ് മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ജിബു ജേക്കബ് പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ :

‘ഈ വേഷം മമ്മൂക്ക ചെയ്താല്‍ നന്നാകില്ലേ എന്നായിരുന്നു ജോജി ചോദിച്ചിരുന്നത്. എന്നാല്‍ പുതുമ തോന്നണമെന്നതിനാല്‍ മറ്റൊരാളായിരിക്കും നല്ലതെന്ന് എനിക്ക് തോന്നി. എന്റെ മനസില്‍ ബിജു തന്നെയായിരുന്നു. ഓര്‍ഡിനറിയൊക്കെ കഴിഞ്ഞു നില്‍ക്കുകയായിരുന്നു ബിജു അപ്പോള്‍. ബിജുവിനെ നായകനാക്കുന്നതില്‍ ജോജിയ്ക്ക് സംശയമുണ്ടായിരുന്നു. പ്രൊജക്ട് ആക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും പക്ഷെ വര്‍ക്കാകും എന്ന് എനിക്ക് തോന്നി. ബിജുവിനോട് കഥ പറഞ്ഞു. രണ്ട് മണിക്കൂര്‍ കൊണ്ടാണ് പറഞ്ഞത്. ബിജു ഇടയ്‌ക്കൊക്കെ ചിരിക്കുന്നുണ്ട്. ഞങ്ങള്‍ പറഞ്ഞതൊക്കെ ബിജുവിന് കണക്ടായിരുന്നു. അങ്ങനെ ഈ സിനിമ ചെയ്യാം എന്ന് ബിജു സമ്മതിക്കുകയായിരുന്നു. ഒരുപാട് പേരോട് കഥ പറഞ്ഞിട്ടുണ്ട്. പലരും കഥ മുഴുവന്‍ കേള്‍ക്കും മുമ്പ് തന്നെ വേണ്ടെന്ന് പറഞ്ഞിരുന്നു. കഥയുടെ ഫ്രെഷ്‌നസ് അവര്‍ക്കൊന്നും മനസിലായിരുന്നില്ല. ഒരുപാട് നിര്‍മ്മാതാക്കളേയും കണ്ടിരുന്നു. ഒന്നര വര്‍ഷം പലരേയും കണ്ടു.

ബിജു, അജു, ടിനി ടോം ഇവര്‍ മൂന്ന് പേര്‍ക്കും ആ പ്രൊജക്ടില്‍ വിശ്വാസമുണ്ടായിരുന്നു. അവര്‍ കട്ടയ്ക്ക് നിന്നിരുന്നു. ഓര്‍ഡിനറിയാണ് ബിജുവിന് ഹ്യൂമര്‍ ചെയ്യാനാകുമെന്ന് വിശ്വാസം നല്‍കുന്നത്. കഥ പറയുമ്പോള്‍ തന്നെ ബിജുവിന് പെട്ടെന്ന് തന്നെ അത് കണക്ടാവുകയും ചെയ്തു. പക്ഷെ പ്രൊജക്ട് നടക്കാതെ വന്നപ്പോള്‍ നീ വേറെ ആളെ വച്ച് ചെയ്‌തോ എന്നു വരെ ബിജു പറഞ്ഞിരുന്നു. അന്ന് ബിജുവിന് സ്വന്തമായി മാര്‍ക്കറ്റില്ല. ഹീറോയുടെ കൂടെയുള്ള വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. ഇതിന് ശേഷമാണ് ഹീറോയായി മാറുന്നത്.

അജുവിന്റെ വേഷത്തിലേക്ക് വേറെ പല ആര്‍ട്ടിസ്റ്റുകളേയും സമീപിച്ചുവെങ്കിലും ആരും തയ്യാറായിരുന്നില്ല. ചെറിയ ഹീറോസിനെയായിരുന്നു നോക്കിയിരുന്നത്. പക്ഷെ ബിജുവിന്റെ കൂടെ അങ്ങനെ വരാന്‍ ആരും തയ്യാറായില്ല. അങ്ങനെയാണ് അജുവിനോട് പറയുന്നത്. ആസിഫ് അലിയുടെ അതിഥി വേഷത്തിലേക്കും ഒരുപാട് ആര്‍ട്ടിസ്റ്റുകളെ ട്രൈ ചെയ്തിരുന്നു. നമുക്ക് പരിചയമുള്ള ഒരുപാട് പേരുണ്ടായിട്ടും ആരും അതിന് തയ്യാറായില്ല. ഇപ്പോഴത്തെ ബിജുവാണെങ്കില്‍ അവരൊക്കെ വന്നേനെ. അജുവിന്റെ കഥാപാത്രം ബിജുവിന്റെ താഴെ നില്‍ക്കണമല്ലോ, ഏതൊരു ആര്‍ട്ടിസ്റ്റാണെങ്കിലും താഴേക്ക് പോകാന്‍ ആഗ്രഹിക്കില്ലല്ലോ. ഓരോരുത്തരുടേയും ഇഷ്ടങ്ങളും താല്‍പര്യങ്ങളുമാണ്. ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യുക എന്നു മാത്രം. അവിടെയാണ് ആസിഫ് അലിയെ പോലുള്ളവര്‍ ഹീറോയായി നില്‍ക്കുമ്പോഴും ചെറിയ കഥാപാത്രങ്ങള്‍ ചെയ്യുന്നത്. ശരിക്കും ബിജുവിന് വേണ്ടിയാണ് ആസിഫ് അത് ചെയ്തത്. ആ കഥാപാത്രം ചെയ്യാമോ എന്ന് ആസിഫിനെ വിളിച്ച് ചോദിക്കുന്നത് ബിജു തന്നെയാണ്. അതാണ് ആസിഫിന്റെ ക്വാളിറ്റി. ബിജുവും ഇതുപോലെ ആസിഫിന്റെ സിനിമയില്‍ അഭിനയിക്കാറുണ്ട്.’

 

shortlink

Related Articles

Post Your Comments


Back to top button