General

കൊല്ലം സുധി മരിച്ച വാഹനാപകടത്തിൽ ബിനു അടിമാലി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

ടിവിഷോ കോമഡി താരം കൊല്ലം സുധിയുടെ അപകട മരണം ഞെട്ടലോടെയാണ് കലാകേരളം കേട്ടത്. ഈ അപകടത്തിൽ ബിനു അടിമാലിയും ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവരുടെ ആരോഗ്യ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. സുധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം.

സഹതാരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെ വിദ​ഗ്ദ ചികിത്സയ്ക്ക് ആയിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കോഴിക്കോട് വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കാറിന്റെ മുന്‍ സീറ്റിലായിരുന്നു സുധി ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ സുധിക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പ്രോ​ഗ്രാം അവതരിപ്പിച്ചിരുന്നു. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളിൽ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം.  ടെലിവിഷന്‍ പരിപാടികളിലൂടെ ജനപ്രീതി നേടിയ സുധി 2015ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. കേശു ഈ വീടിന്റെ നാഥന്‍, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ അടക്കം ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button