GeneralKollywoodLatest NewsNEWSWOODs

നളപാചകം പോലെ സുന്ദരം എ ആർ റഹ്മാന്റെ സംഗീതരസകൂട്ട് : ശ്രീനേഷ് എൽ പ്രഭു

ഇന്ന് ചിലർ ചെയ്യുന്ന പോലെ മൊത്തത്തിൽ ഉള്ള അടിച്ചുമാറ്റൽ ഒന്നും അദ്ദേഹം ചെയ്തില്ല.

കാ‍ന്താരാ ടീമും തൈക്കുടം ബ്രിഡ്ജും തമ്മിൽ ഉണ്ടായ വരാഹ രൂപം വിവാദം ഉണ്ടാക്കിയ പുകിൽ കെട്ടടങ്ങി വരുന്നതേ ഉള്ളൂ.ഇപ്പോൾ ഇതാ ഓസ്കർ ജേതാവും കൂടിയായ വിശ്വ പ്രസിദ്ധ ഇന്ത്യൻ സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ പൊന്നിയിൻ സെൽവം രണ്ടാം ഭാഗത്തിലെ വീര രാജ വീര എന്ന പാട്ട് ആണ് വിവാദത്തിൽ കുടുങ്ങിയത്.

പുരാതന ഭാരതത്തിന്റെ ഭക്തി പ്രസ്ഥാന സംഗീത ശാഖയിൽ പെട്ട ദ്രുപദ് ശൈലിയിൽ ആണ്, റഹ്മാൻ ഈ ഗാനം ചിട്ടപ്പെടുത്തിയത്. അതെ സമയം ,സ്വാമി ഹരിദാസിന്റെ (സംഗീത സാമ്രാട്ട് താൻസന്റെ ഗുരു,15ആം നൂറ്റാണ്ടിൽ) ശിക്ഷ്യന്മാരിൽ ഉള്ള ദഗർ കുടുംബത്തിന്റെ പരമ്പരാഗത കൃതി ദർബാരി കാനഡ പോലെ തോന്നുന്ന അഠാണ രാഗത്തിൽ (കർണാടിക് അഠാണ അല്ല) തങ്ങളുടെ പൂർവികർ രചിച്ച ,ഈണം നൽകിയ ശിവ ശിവ ശിവ എന്ന ദ്രുപദിന്റെ ഈണം റഹ്മാൻ അനുവാദം പോലും ഇല്ലാതെ മറ്റൊരു പാട്ടിനായി ഉപയോഗിച്ചു എന്ന് കുടുംബത്തിന്റെ പിന്മുറക്കാർ നസീർ സഹീറുദീനും നസീർ ഫയാസുദീനും അവകാശപെട്ടു, നിയമ പോരാട്ടവും നടക്കുന്നു.

read also: സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ: കൗതുകകരമായ വീഡിയോ പുറത്ത്

പൊന്നിയിൻ സെൽവം രണ്ടാം ഭാഗത്തിലെ വീര രാജ വീരയൂടെ ആദ്യപകുതി, ദഗർ കുടുംബത്തിന്റെ കൃതിയുടെ അതേ ഈണവും താളവും ആണ് എന്ന് നിരീക്ഷിച്ചാൽ മനസ്സിലാവും. പക്ഷേ, റഹ്മാന്റെ സൃഷ്ടി പാടവവും പ്രായോഗിക ബുദ്ധിയും ശ്ലാഘനീയമാണ്,കാരണം അദ്ദേഹത്തിന്റെ സംഗീത ജ്ഞാനം കൊണ്ട് ആ ഈണം ദ്രുപദ് കേൾക്കാത്ത ആളുകളെ പോലും കേൾക്കാൻ പ്രേരിതമാക്കുംവിധം സുന്ദരമായി.

എ ആർ റഹ്മാന്റെ തന്നെ പ്രശസ്തമായ മറ്റ് ചില പാട്ടുകളും ഇതുപോലെ പ്രചോദനം ഉൾക്കൊണ്ടത് എന്ന് പറയാൻ പറ്റുന്നവ ഉണ്ട്. സംഗീതത്തിൽ ഗവേഷണം നടത്തുന്ന ഒരാൾ എന്നത് കൊണ്ട് വളരെ അധികം പാട്ടുകൾ ഞാൻ പഠന വിധേയമാക്കാറുണ്ട് .അങ്ങനെ ഉള്ള കുറച്ചു ഗാനങ്ങളെ പറ്റി ആണ് ഈ ഭാഗം.

എ ആർ റഹ്മാന്റെ ആദ്യ സിനിമ റോജയിലെ പുതു വെള്ളൈ മഴൈ എന്ന പാട്ട് ആരംഭിക്കുന്ന റിഥ൦ പാറ്റേൺ , ഗ്രീക്ക് സംഗീതജ്ഞൻ വാൻജെലിസ്സിന്റെ ചാരിയ്യട്ട്സ് ഓഫ് ഫയർ എന്ന പാട്ടിന്റെ തുടക്കത്തിലെ സംഗീതം തെല്ലിട വ്യത്യാസത്തോടെ കടം എടുത്ത് ഉപയോഗിച്ചതായി മനസ്സിലാവും. അതേ പാട്ടിന്റെ ഉച്ചസ്ഥായിയിൽ (ഗായിക സുജാത പാടിയ ഭാഗം നദിയേ,നീയാനാൽ,കരൈ നാനെ ) ഗ്രീക്ക് കമ്പോസർ യാനി യുടെ ക്വയറ്റ് മാൻ എന്ന ഉപകരണ സംഗീതത്തിന്റെ ആദ്യഭാഗത്തുള്ള പിയാനോ ട്യൂൺ ആണ് .കർണ്ണാട്ടിക് രാഗം കാനഡയിൽ സൃഷ്ടിച്ച തന്റെ ഈണത്തിൽ ഈ വിദേശ സംഗീത ശകലങ്ങൾ ചേർത്തു കൊണ്ട് എ ആർ റഹ്മാൻ അതിനെ ഒരു മാന്ത്രിക സൃഷ്ടി ആക്കി മാറ്റി. ഇന്ന് ചിലർ ചെയ്യുന്ന പോലെ മൊത്തത്തിൽ ഉള്ള അടിച്ചുമാറ്റൽ ഒന്നും അദ്ദേഹം ചെയ്തില്ല.

അതുപോലെ ,ജീൻസ് എന്ന സിനിമയിലെ അൻപേ,അൻപേ എന്ന പാട്ടിന്റെ ആദ്യഭാഗത്തു ഉള്ള ഹമ്മിംഗ് ,പോപ് മാന്ത്രികൻ മൈക്കിൾ ജാക്ക്സണിന്റെ ഹൂ ഈസ് ഇറ്റ് എന്ന പാട്ടിന്റെ തുടക്കത്തിലെ ഹമ്മിംഗിന്റെ ചെറുതരി വ്യത്യാസത്തിൽ ഉള്ള പതിപ്പ് ആണ്. എ ആർ റഹ്മാന്റെ തിരുടാ തിരുടായിലെ അതിപ്രശസ്തമായ ചന്ദ്രലേഖ എന്ന പാട്ടും മൈക്കിൾ ജാക്ക്സണിന്റെ ഹൂ ഈസ് ഇറ്റ് ഇൽ നിന്നും പ്രചോദനം ഉൾകൊണ്ടതാണ് എന്ന് കേൾക്കുമ്പോൾ മനസ്സിലാകും.

പാശ്ചാത്യ ശൈലി ഉള്ള പാട്ടുകൾ ആവട്ടെ ,പൗരസ്ത്യമായ ഗ്രാമീണ പാട്ടുകൾ ആവട്ടെ ഏത് പാട്ടിനെയും മറ്റൊരു തലത്തിൽ എത്തിക്കാൻ പറ്റുന്ന ഈണം ഒരുക്കാൻ എ ആർ റഹ്മാൻ അഗ്രഗണ്യനാണ്. വിശ്വസംഗീതത്തിന്റെയും ഭാരതീയ ക്ലാസ്സിക്കൽ ,സൂഫി,റാപ്പ്, റെഗ്ഗെ തുടങ്ങിയ വിവിധ തരം സംഗീതത്തിന്റെ അറിവും സാങ്കേതിക ജ്ഞാനവും കൂടെ ആകുമ്പോൾ എ ആർ മറ്റൊരു ലെവൽ ആണ്. സംഗീതരസ കൂട്ട് റഹ്മാന് കൃത്യമായി ഉണ്ടാക്കാൻ അറിയാം എന്നതാണ്‌ അദ്ദേഹത്തെ മഹനീയൻ ആക്കുന്നത് ,മാത്രവുമല്ല ഇക്കാലത്ത് ചില സംഗീത സംവിധായകർ ചെയ്യുന്ന പോലെ അടപടലം അടിച്ചുമാറ്റൽ സ്കീം അദ്ദേഹം ചെയ്യുന്നില്ല എന്നതും.

shortlink

Related Articles

Post Your Comments


Back to top button