GeneralLatest News

നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത് അഴുകി ദുർ​ഗന്ധം വമിക്കുന്ന നിലയിൽ

പൂനെ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) യെ പൂനെയിലെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാർട്ട്മെ​ന്റിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുർന്ന് അയൽവാസികൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച്ച മഹാജനിയുടെ മൃതദേഹം കണ്ടെത്തിയത്. പൂനെയിലെ തലേഗാവ് ദബാഡെ പ്രദേശത്തെ ഫ്ലാറ്റില്‍ വാടകക്ക് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു അദ്ദേഹം.

ടെലിവിഷന്‍ താരം ഗഷ്മീര്‍ മഹാജനിയുടെ പിതാവ് കൂടിയാണ് രവീന്ദ്ര. അറിയപ്പെടുന്ന താരമായിരുന്നെങ്കിലും പൂനെയിലെ അപ്പാര്‍ട്ട്മെന്‍റില്‍ രവീന്ദ്ര മരണം വരെ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ മുംബൈയിൽ താമസിച്ചിരുന്ന മഹാജനി, കഴിഞ്ഞ എട്ട് മാസമായി തലേഗാവ് ദബാഡെയിലെ അംബിയിലെ എക്‌സ്‌ബിയ സൊസൈറ്റിയിലെ വാടക അപ്പാർട്ട്‌മെന്‍റിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച, അപ്പാർട്ട്മെന്‍റില്‍ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അകത്തു നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തലേഗാവ് എംഐഡിസി പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മഹാജനിയുടെ മൃതദേഹം കണ്ടത്. മഹാജനി മരിച്ചിട്ട് രണ്ടു മൂന്നു ദിവസമായെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മഹാജനിയുടെ മരണത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മരണ കാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

70-80 കാലഘട്ടങ്ങളില്‍ മറാത്തി സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് രവീന്ദ്ര മഹാജനി.അദ്ദേഹത്തിന്‍റെ സുന്ദരമായ രൂപവും വ്യക്തിത്വവും കൊണ്ട് ‘മറാത്തിയിലെ വിനോദ് ഖന്ന’ എന്നാണ് മഹാജനിയെ വിശേഷിപ്പിച്ചിരുന്നത്. ‘ദുനിയാ കാരി സലാം’ (1979), ‘മുംബൈ ചാ ഫൗസ്ദാർ’ (1984), ‘സൂഞ്ച്’ (1989), ‘കലത് നകലത്’ (1990), ‘ആറാം ഹറാം ആഹേ’ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍. അദ്ദേഹം അഭിനയിച്ച ‘ലക്ഷ്മി ചി പാവലെ’ എന്ന ചിത്രം മറാത്തി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റാണ്.’ഹാ സാഗർ കിനാര’, ‘സുംബരൻ ഗാവോ ദേവാ’, ‘ഫൈതേ അന്ധരാച്ചേ ജാലേ’ എന്നിവയുൾപ്പെടെ നിരവധി റൊമാന്റിക് ഗാനങ്ങളിൽ മഹാജനി അഭിനയിച്ചിട്ടുണ്ട്. 2015ൽ ‘കേ റാവു തുംഹി’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button