GeneralLatest News

മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ചതിൽ മാപ്പ് പറഞ്ഞ് ഷിയാസ് കരീം

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്നിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് യുവതി നൽകിയ പരാതിയിൽ റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് ഒരു വീഡിയോ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവച്ചിരുന്നു.

‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല… ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്.’ ‘നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’, എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. വീഡിയോ വിവാദമായതിന് പിന്നാലെ ഇപ്പോൾ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ്.

സോഷ്യല്‍ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പെട്ടെന്ന് കുറേ ലിങ്കുകള്‍ കിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടതാണെന്ന് ഷിയാസ് പറയുന്നു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഷിയാസ് പറയുന്നു. എന്നാൽ അതിന് താഴെയും ഷിയാസിനെ വിമര്‍ശിച്ചും ഉപദേശം നല്‍കിയും പലരും കമന്‍റ് ചെയ്യുന്നുണ്ട്.

അതേ സമയം, പീഡന പരാതി വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ ഷിയാസ് കരീം തന്‍റെ നിക്കാഹ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഷിയാസ് വിവാഹിതനാകുന്നു എന്ന് മുന്‍പ് പറഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണ് താരം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. രഹാനയാണ് ഷിയാസിന്റെ പ്രതിശ്രുത വധു. ദന്ത ഡോക്ടറാണ് രഹാന. അനശ്വരമായ ബന്ധത്തിന് തുടക്കം എന്ന് പറഞ്ഞാണ് വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും ഷിയാസ് പങ്കുവച്ചത്. അതേ സമയം ഷിയാസിനെതിരായ കേസില്‍ അന്വേഷണം നടക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്.

ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് ചന്തേര പോലീസാണ് ഷിയാസിനെതിരെ (34) കേസെടുത്തിരിക്കുന്നത്. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഗർഭിണിയായപ്പോൾ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍ വച്ച് തന്നെ മര്‍ദ്ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ മുപ്പത്തിരണ്ടുകാരി ഷിയാസിനെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു. 2023 മാര്‍ച്ച് 21-നാണ് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചത്. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു.

യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പരാതിക്കാരിയെ ശനിയാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി.

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെറുവത്തൂരിലെ ഹോട്ടലിലെത്തി ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. മാര്‍ച്ച് 21-ന് ഹോട്ടലില്‍ ഇരുവരും ഡീലെക്സ് മുറിയെടുത്തിരുന്നെന്നും മുറിക്കകത്ത് എന്ത് നടന്നതെന്നറിയില്ലെന്നും മനേജര്‍ പോലീസിനോട് പറഞ്ഞു. ചന്തേര എസ്.ഐ. എം.വി.ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button