GeneralLatest NewsNEWS

‘എന്നിലെ നടനെ കണ്ടെത്തി സിനിമാ ലോകത്തേക്ക് കൊണ്ടുവന്ന മഹാപ്രതിഭ, ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടം’; ഗണേഷ് കുമാര്‍

സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍. കെ.ജി ജോര്‍ജിന്റെ ‘ഇരകള്‍’ എന്ന ചിത്രത്തിലൂടെയാണ് ഗണേഷ് കുമാര്‍ സിനിമയിലേക്ക് എത്തുന്നത്. തന്നിലെ നടനെ കണ്ടെത്തി സിനിമാ ലോകത്തേക്ക് കൊണ്ടുവന്ന മഹാപ്രതിഭയായിരുന്നു അദ്ദേഹമെന്ന് ഗണേഷ് കുമാർ 24 ന്യൂസിനോട് പ്രതികരിച്ചു. പരാതികള്‍ ഇല്ലാത്ത എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന വലിയൊരു വ്യക്തിത്വമാണ് വിട പറഞ്ഞിരിക്കുന്നതെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സംവിധായകന്മാരില്‍ ഒരാളാണ് കെ.ജി ജോര്‍ജ്.

സത്യജിത് റേ പോലെയുള്ള സംവിധായകന്മാര്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന വ്യക്തി. സിനിമകളിലെ വിഷയങ്ങളുടെ വ്യത്യസ്തതയാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. ‘യവനിക’ എന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ സ്‌ക്രിപ്റ്റാണ്. തിരക്കഥ എങ്ങനെ എഴുതണമെന്ന് മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ കണ്ട് പഠിക്കേണ്ട ഒന്നാണ് യവനികയുടെ തിരക്കഥ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷ് കുമാറിനെ കൂടാതെ, അശോകൻ, വി.ഡി സതീശൻ, അഭിലാഷ് പിള്ള തുടങ്ങിയവരും കെ.ജി ജോർജിനെ അനുസ്മരിച്ചു.

അതേസമയം, വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാള സിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ.ജി ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം ആണ് ആദ്യ ചിത്രം. 1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് അവസാന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button