GeneralLatest News

സ്വന്തം പേരും ദിനചര്യകളും മറന്നു, വിശപ്പും ദാഹവും അറിയുന്നില്ല, ഉമിനീരുപോലും ഇറക്കാതായി: കനകലതയുടെ ഇപ്പോഴത്തെ ജീവിതം

മലയാള സിനിമയിൽ എന്നും ഓർമ്മിക്കാൻ ഒരുപിടി കഥാപാത്രങ്ങൾ നൽകിയ സുപരിചിത നടിയാണ് കനകലത ദുഷ്ടയായ അമ്മായി അമ്മയായും, വേലക്കാരിയായും, പ്രൗഢിയുള്ള കഥാപാത്രങ്ങളിലും കനകലത തിളങ്ങി. വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അവരിന്ന് ജീവിതത്തിന്റെ ദുർഘടമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഊരും പേരും മറന്ന്, വിശപ്പും ദാഹവും അറിയാതെ ആണ് ഇപ്പോൾ കനകലതയുടെ ജീവിതം.

ഗൃഹ ലക്ഷ്മി വാരികയിലൂടെയാണ് കനകലതയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. തനിച്ച് ഭക്ഷണം കഴിക്കാനറിയാതെ, പ്രാഥമിക കാര്യങ്ങൾ പോലും ഒറ്റയ്ക്ക് ചെയ്യാനാവാതെ, ഇടയ്‌ക്കെങ്കിലും സ്വന്തംപേരുപോലും മറന്നുപോവുന്ന അവസ്ഥ. സിനിമ മാത്രം അവർക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട്. പാർക്കിൻസൺസും ഡിമെൻഷ്യയുമാണ് കനകലതയെ തളർത്തിയത്. 2021 ഡിസംബർ തൊട്ടാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

സഹോദരി വിജയമ്മയാണ് കനകലതയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചത്. എന്നാൽ ലോക്ക്ഡൗണിന്റെ പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് ഡോക്ടറെ കാണാമെന്ന് പറഞ്ഞപ്പോൾ ആവശ്യമില്ല എന്ന് പറഞ്ഞു കനകലത അത് വിടുമായിരുന്നു എന്നും സഹോദരി പറയുന്നു.

‘ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവൾ അത് നിർത്തി. അപ്പോഴും ഡോക്ടറെ കാണാമെന്ന് പറഞ്ഞ് ഞാനവളെ നിർബന്ധിച്ചു. അങ്ങനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങൾ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയിൽ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകൾക്കായി പോയപ്പോൾ പരുമല ഹോസ്പിറ്റലിൽ കാണിച്ച് എം.ആർ. എ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ വ്യക്തമായി’.

‘തിരുവനന്തപുരത്തേക്ക് തിരിച്ചുവന്നശേഷം കിംസ് ഹോസ്പിറ്റലിലെ ഡോക്ടറെ കാണിച്ചു. കഴിഞ്ഞ ഒക്ടോബർ 22 മുതൽ നവംബർ അഞ്ച് വരെ അവൾ അവിടെ ഐസിയുവിലായിരുന്നു. തീർത്തും ഭക്ഷണം കഴിക്കുന്നത് നിർത്തി. വിശപ്പും ദാഹവും ഒന്നും അറിയില്ല. നമ്മൾ നിർബന്ധിച്ചു കഴിപ്പിക്കണം.വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോൾ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാൽ എങ്ങനെയിരിക്കും.’ വിജയമ്മ ചോദിക്കുന്നു.

shortlink

Post Your Comments


Back to top button