CinemaLatest NewsMovie Gossips

‘ഇവന്മാരൊന്നും ഒരു കാലത്തും മാറാൻ പോകുന്നില്ല, മൻസൂർ അലി ഖാന് ഇനിയും സിനിമകൾ കിട്ടും’: ചിന്മയി ശ്രീപദ

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ ലൈംഗിക ചുവയോടെ സംസാരിച്ച നടൻ മൻസൂർ അലി ഖാനെതിരെ ഗായിക ചിന്മയി ശ്രീപദ രംഗത്ത്. ഒന്നും മാറാൻ പോകുന്നില്ലെന്നും മൻസൂർ അലി ഖാനെ പോലെയുള്ളവർക്ക് ഇനിയും സിനിമകൾ കിട്ടുമെന്നും ചിന്മയി എക്‌സിൽ എഴുതിയ പോസ്റ്റിൽ പറയുന്നു. മൻസൂർ അലി ഖാനേപ്പോലുള്ളവർ ഇങ്ങനെയാണ് എപ്പോഴും സംസാരിക്കുന്നതെന്ന് ചിന്മയി പറഞ്ഞു.

‘വില്ലൻ വേഷങ്ങൾ അവതരിപ്പിക്കുന്ന നടന്മാരോട് കൂടുതൽ റേപ്പ് സീനുകൾ ചെയ്യണമെന്ന് നടൻ രാധാ രവി ആഹ്വാനം ചെയ്തതിനേക്കുറിച്ചോർക്കുന്നു. കാരണം വലിയൊരു വിഭാ​ഗം ആളുകളിലും അവരുടെ മനോഭാവത്തിലും ഇതേ മാലിന്യം നിറഞ്ഞിരിക്കുകയാണ്’, ചിന്മയി അഭിപ്രായപ്പെട്ടു.

അതേസമയം, ഇയാൾക്കെതിരെ തൃഷ പരസ്യമായി രംഗത്തെത്തി. മൻസൂർ അലി ഖാനൊപ്പം ഇനി അഭിനയിക്കില്ലെന്നായിരുന്നു തൃഷ തുറന്നു പറഞ്ഞത്. തൃഷയ്ക്ക് പിന്തുണയുമായി തമിഴ് സിനിമ മേഖലയിൽ നിന്നും കൂടുതൽ പേർ രംഗത്ത് വരികയാണ്. മൻസൂർ അലി ഖാന്റേത് വൃത്തികെട്ട മനോഭാവമാണെന്നും, തൃഷയെ അപമാനിച്ച സംഭവത്തിൽ അയാൾ മാപ്പ് പറയണമെന്നും ഖുശ്‌ബു ആവശ്യപ്പെട്ടു.

‘ഒരു സ്ത്രീയെ അപമാനിക്കുന്നതും അവളെക്കുറിച്ച് ഏറ്റവും അനാദരവോടെ സംസാരിക്കുന്നതും തങ്ങളുടെ ജന്മാവകാശമാണെന്ന് ചില പുരുഷന്മാർ കരുതുന്നു. മൻസൂർ അലി ഖാന്റെ സമീപകാല വീഡിയോ അതിനൊരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. അവരുടെ ‘ചുമ്മാ കോമഡിക്ക് മകനെ’ എന്ന മനോഭാവം അവഗണിക്കപ്പെടണം. തന്റെ വൃത്തികെട്ട, സ്ത്രീവിരുദ്ധ, താഴ്ന്ന മനോഭാവം പ്രദർശിപ്പിച്ചതിന്, തന്റെ പ്രസംഗത്തിൽ എല്ലാ സ്ത്രീകളോടും അദ്ദേഹം ക്ഷമ ചോദിക്കണം. ഇന്നത്തെ സ്ത്രീകൾ അവരുടെ ബഹുമാനത്തിനും അന്തസ്സിനും വേണ്ടി പോരാടാൻ ശക്തരാണ്’, ഖുശ്‌ബു എക്‌സിൽ കുറിച്ചു.

‘മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’, എന്നായിരുന്നു തൃഷ കുറിച്ചത്.

‘മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ല, ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നു’ എന്നൊക്കെയാണ് ലിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിൽ മൻസൂർ പറഞ്ഞിരുന്നത്. കടുത്ത വിമർശനമാണ് നടനെതിരെ സോഷ്യൽ മീഡിയയിലുയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button