CinemaComing Soon

ബോബൻ സാമുവലിന്റെ മച്ചാൻ്റെ മാലാഖ; സൗബിൻ ഷാഹിറും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങൾ

സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മച്ചാൻ്റെ മാലാഖ എന്ന് പേരിട്ടു. ക്രിസ്മസ് ദിനത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും ഹൃദയസ്പർശിയായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. സാധാരണക്കാരനായ ബസ് കൺഡക്ടർ സജീവൻ്റേയും മെഡിക്കൽ ഷോപ്പു ജീവനക്കാരിയായ ലിജിമോളുടേയും ജീവിതത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തോടു പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഭർത്താവ്, ഇതിൻ്റെ രസകരമായ മുഹൂർത്തങ്ങൾക്കിടയിൽത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ കടന്നുവരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.

സജീവനേയും ലിജിമോളേയും സൗബിനും നമിതാ പ്രമോദും ഭദ്രമാക്കുമ്പോൾ ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ , എന്നിവർ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ്.കെ.യു, വിനീത് തട്ടിൽ, ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജക്സൻ ആൻ്റണിയുടേതാണ് കഥ.

തിരക്കഥ – അജീഷ് തോമസ്. സിൻ്റോസണ്ണിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – വിനോദ് മേനോൻ. എഡിറ്റിംഗ് – രതീഷ് രാജ്. കലാസംവിധാനം -സഹസ് ബാല. മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം – ഗിരി ശങ്കർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ. പ്രൊഡക്ഷൻ മാനേജർ – അഭിജിത്ത് കെ.എസ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. മാള, അന്നമനട, മുളന്തുരുത്തി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. അബാം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button