CinemaComing SoonGeneralNEWS

പ്രഭു ആവശ്യപ്പെട്ടു, ടൊവിനോ ചിത്രത്തിന്റെ പേരുമാറ്റി ലാലും ജീനും: നടികർ തിലകം ഇനി നടികർ-കൗതുകമായി ടൈറ്റിൽ അനൗൺസ്‌മെന്റ്

വളരെ നാടകീയവും കൗതുകകരവുമായ ഒരു ചടങ്ങാണ് ജനുവരി ഇരുപത്തിമൂന്ന് ചൊവ്വാഴ്ച്ച കൊച്ചിയിലെ, കൗൺ പ്ലാസാ ഹോട്ടലിൽ അരങ്ങേറിയത്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ പോസ്റ്റർ റിലീസ് ചടങ്ങായിട്ടാണ് അനൗൺസ് ചെയ്തതെങ്കിലും ഇവിടെ അരങ്ങേറിയത് തികച്ചും നാടകീയമായ മുഹൂർത്തങ്ങളായിരുന്നു. വേദിയിലേക്ക് തെന്നിന്ത്യയിലെ പ്രശസ്ത നടനും നടികർതിലകം ശിവാജി ഗണേശൻ്റെ മകനുമായ പ്രഭുവിൻ്റെ കടന്നുവരവാണ് സദസ്സിനെ വിസ്മയിപ്പിക്കുകയും കൗതുകകരവുമാക്കിയത്.
നടികർതിലകത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്ത ഒരു വാർത്താ സമ്മേളനമാണ് ഇവിടെ അരങ്ങേറിയത്.

നടികർതിലകത്തിലെ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ്, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗ ബിൻ ഷാഹിർ, സുരേഷ് കൃഷ്ണ, ഛായാഗ്രാഹകൻ ആൽബി, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, മറ്റ് അണിയറ പ്രവർത്തകർ, നിർമ്മാതാക്കളാ ഇൻഡ്യയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ, പുഷ്പ പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയ മൈത്രി മൂവി മേക്കേഴ്സ് ഉടമ നവീൻ യേർനേനി, ഗോഡ് സ്പീഡ് കമ്പനി സാരഥികളായ അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലാൽ ഈ ചടങ്ങിനേക്കുറിച്ച് ലഘുമായ വിവരണം നൽകി.

‘ഒരു ദിവസം പ്രഭു സാറിൻ്റെ ഒരു ഫോൺ കോൾ എനിക്കു വന്നു. മലയാളത്തിൽ നടികർതിലകം എന്ന പേരിൽ ഒരു സിനിമ നടക്കുന്നു. നടികർതിലകം എന്ന പേര് തൻ്റെ അച്ഛന് പ്രക്ഷകർ നൽകിയ പേരാണ്. ആ പേര് വിഭജിച്ചു പോകുന്നത് ശരിയല്ല പറ്റുമെങ്കിൽ അതൊന്നു മാറ്റിത്തരാനുള്ള സൗകര്യം ചെയ്തു തരുമോ’യെന്നായിരുന്നു ആ ഫോൺ കോളിൻ്റെ ഉള്ളടക്കം.

അതിനു മറുപടിയായി താൻ പറഞ്ഞത് ഇങ്ങനെ ‘ആ സിനിമ സംവിധാനം ചെയ്യുന്നത് എൻ്റെ മകനാണ്’. ഇത് അദ്ദേഹം പ്രതീക്ഷിച്ചതായിരുന്നില്ല.
അവർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ മതി എന്നും പറഞ്ഞു. കൂടാതെ ഒരു മെസ്സേജും അയച്ചു. നടികർതിലകം ഷൂട്ടിംഗ് അപ്പോൾ കാഷ്മീരിലാണു നടക്കുന്നത്. അവരുമായി സംസാരിച്ച് മറുപടിക്കായി ഒരാഴ്ചത്തെ സമയം ഞാൻ പ്രഭുസാറിനോട് ചോദിച്ചു. കാശ്മീരിൽ എനിക്കും പോകേണ്ടതുണ്ട്. അത് അടുത്ത a ആഴ്ചയിലാണ്. അവിടെച്ചെന്ന് നേരിൽ അവരുമായി സംസാരിക്കണം. എന്നാൽ ഞാൻ പിറ്റേ ദിവസം തന്നെ കാശ്മീരിലേക്കു പോയി. സംവിധായകനും, നിർമ്മാതാക്കളുമായി സംസാരിച്ചു.

ജീൻ പറഞ്ഞത് ‘പപ്പാ..നമുക്ക് പേരു മാറ്റാം. അവരുടെ ഒരു വിഷമം നമ്മൾ കാണാതിരിക്കരുത്.. ഒരു ശാപം വരുത്തിവയ്ക്കണ്ട. നമുക്കു
പുതിയ പേര് നമുക്കു കണ്ടുപിടിക്കാം’. അപ്പോൾത്തന്നെ ഞാൻ പ്രഭു സാറിനെ വിളിച്ച് ഈ വിവരം പറയുകയും കൂടെ ഒരു റിക്വസ്റ്റും നടത്തി –
പുതിയ പേരിടുമ്പോൾ അത് സാറിൻ്റെ നാവിൽ നിന്നുതന്നെ വേണമെന്നായിരുന്നു അത്. ആ വാക്കാണ് ഇന്ന് ഇവിടെ ഇങ്ങനെയൊരു ചടങ്ങ് ഇവിടെ അരങ്ങേറാൻ കാരണമായത്, ലാൽ പറഞ്ഞു.

പ്രഭു സ്റ്റേജിലെത്തി പുതിയ പേര് പ്രഖ്യാപിച്ചു, നടികർ! നടികർ തിലകത്തിലെ തിലകം ഒഴിവാക്കി ‘നടികർ’ എന്ന മാത്രം ഇട്ടു. ടൈറ്റിൽ പോസ്റ്റർ റിലീസ് ഫംങ്ഷനായിട്ടാണ് ഈ ചടങ്ങ് നടത്തിയതെങ്കിലും പുതിയ പേര് പ്രഭു സാറിനെക്കൊണ്ടുതന്നെ അനൗൺസ് ചെയ്യിക്കുകയെന്നതായിരുന്നു മുഖ്യമായ ചടങ്ങ്. വലിയ പ്രചാരം നേടിയ ടൈറ്റിലാണ് നടികർ തിലകം. നടികറും ഇനി അതേപോലെ തന്നെ വാർത്താപ്രാധാന്യം നേടണം. അതിനായി മാധ്യമങ്ങളുടെ എല്ലാ പിന്തുണയും ലാൽ തേടി. നടികറിൻ്റെ ക്രൂവിനൊടൊപ്പം നിന്ന് തനിക്ക് മലയാള സിനിമയേക്കുറിയ്യുള്ള ആത്മബന്ധത്തെക്കുറിച്ച് പ്രഭു സംസാരിച്ചു. ലാലുമായുള്ള ദീർഘനാളത്തെ ബന്ധത്തേക്കുറിച്ചും പറഞ്ഞു. മോഹൻലാലിൻ്റെ കുടുംബവുമായുള്ള അടുപ്പവും ഇവിടെ അനുസ്മരിച്ചു. തൻ്റെ ഒരു റിക്വസ്റ്റ് സ്വീകരിക്കുകയും, പകരം പുതിയൊരു പേരു നിശ്ചയിക്കുകയും ചെയ്ത ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ ഏറെ അഭിനന്ദിച്ചു. ഈ ചടങ്ങിൽ പങ്കെടുത്തത് ഏറെ സന്തോഷത്തോടെയാണന്നും അദ്ദേഹം പറഞ്ഞു.

‘വളരെ ഹാൻ്റ്സം പെഴ്സണാലിറ്റിയാണ് ടൊവിനോ … നടികർ : ആയി ഏറെ തിളങ്ങട്ടെ’യെന്നും ഈ ചിത്രത്തിൻ്റെ വിജയാഘോഷവേളയിൽ താനും പങ്കാളിയാകുമെന്ന ഉറപ്പു നൽകിയാണ് പ്രഭു മടങ്ങിയത്. ടൊവിനോ തോമസ്, ബാബു ഷാഹിർ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് മൂന്നിന് പ്രദർശനത്തിനെത്തുന്നു. ഫോട്ടോ: വിവി ചാർലി.

വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button