GeneralLatest NewsNew ReleaseNEWSNow Showing

‘മലൈക്കോട്ടെ വാലിബന്റെ’ റിവ്യൂ ബോംബിങ്ങിന് പിന്നില്‍ രാഷ്ട്രീയ താല്പ്പര്യം: ഷിബു ബേബി ജോൺ

കടുത്ത ഡീഗ്രേഡിംഗ് ആണ് മോഹന്‍ലാലിന്റെ ‘മലൈകോട്ടൈ വാലിബന്‍’ എന്ന സിനിമയ്ക്ക് നേരെ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്‌നുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷിബു ബേബി ജോണ്‍. ‘മലൈക്കോട്ടെ വാലിബന്റെ’ റിവ്യൂ ബോംബിങ്ങിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുമുണ്ടെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.

‘സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍, സിനിമാ വ്യവസായത്തെ തന്നെ തകര്‍ക്കുന്നതാണ് ഇപ്പോള്‍ നടക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദത്തിന്റെ ആഴം അളക്കാനാവില്ല. അവരുടെ പേരില്‍ ആരെങ്കിലും സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിഡ്ഢികളാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി മാനസികമായി തകര്‍ന്നിരിക്കുകയാണ്. ഡീഗ്രേഡിങ് നടത്തുന്നവരുടെ പശ്ചാത്തലം നോക്കുകയാണെങ്കില്‍ പല രാഷ്ട്രീയ താല്‍പര്യങ്ങളും മറ്റു താല്‍പര്യങ്ങളും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്‍ പണ്ട് മുതലേ ഒരു മത്സരമുണ്ടായിരുന്നു. അതില്‍ മമ്മൂക്കായുടെ എല്ലാ പരീക്ഷണങ്ങളെയും അദ്ദേഹത്തെ ഇഷ്ടമുള്ളവര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ലാലിനെ ഇഷ്ടപ്പെടുന്നവര്‍ അത് ചെയ്യുന്നില്ല. ലാല്‍ അതില്‍ മാത്രം പരിമിതപ്പെടണം എന്ന് ഇവര്‍ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

നാല്‍പത് വര്‍ഷത്തോളം ലാലുമായി പരിചയമുണ്ട്. ഈ നാല്‍പത് വര്‍ഷമായി ഒരിക്കല്‍പോലും മമ്മൂക്കയെക്കുറിച്ച് മോശമായി ഒരു വാക്ക് എന്നോടോ എന്റെ സാന്നിധ്യത്തില്‍ മറ്റൊരാളാടോ ലാല്‍ പറഞ്ഞിട്ടില്ല. ഇവര്‍ തമ്മില്‍ ആ മര്യാദകളുണ്ട്. ഇവരുടെ പേരില്‍ ആരെങ്കിലും ചെയ്താല്‍പോലും അവര്‍ വിഡ്ഢികളാണെന്നേ പറയാന്‍ പറ്റൂ. ലിജോയുമായി ഈ സിനിമയിലൂടെയാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അദ്ദേഹവുമായി വളരെ അടുത്ത ബന്ധവുമായി.

ദോശക്കല്ലില്‍ നിന്നും നല്ല ദോശ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന ആളാണ് ലിജോ. ആ ദോശക്കല്ലില്‍ നിന്നും ഇഡ്ഡലി വേണമെന്നു പറഞ്ഞാല്‍, അത് ആ പ്രതീക്ഷയര്‍പ്പിച്ചവരുടെ തെറ്റാണെന്നേ ഞാന്‍ പറയൂ. ഷൂട്ടിങ് ആരംഭിച്ച ദിവസം മുതല്‍ റിലീസിന്റെ തലേദിവസം വരെ ആ മനുഷ്യന്‍ അനുഭവിച്ച ടെന്‍ഷന്‍ ഞാന്‍ നേരിട്ടു കണ്ടതാണ്. മോശം പടം എടുക്കാന്‍ വേണ്ടിയല്ലല്ലോ ഈ ടെന്‍ഷന്‍ മുഴുവന്‍ അനുഭവിച്ചത്. അദ്ദേഹത്തിന്റെ സ്‌പേസില്‍ നിന്നുകൊണ്ട് മോഹന്‍ലാലിനെ എങ്ങനെ പുള്ളി കാണാന്‍ ആഗ്രഹിക്കുന്നോ അതാണ് ഈ സിനിമയില്‍ ചെയ്തത്. അങ്ങനെയൊരു വ്യക്തിയെ പെട്ടെന്നെല്ലാവരും വലിച്ചുകീറുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദമുണ്ട്. വലിയൊരു ആഘാതം തന്നെയാണത്’, ഷിബു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button