CinemaLatest NewsMovie Gossips

‘വരും തലമുറയെ പടുകുഴിയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിക്കുന്ന ആളാണ് ഗവർണർ’: സുരേഷ് ഗോപി

വെണ്‍പാലവട്ടം ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ വെണ്‍പാലവട്ടത്തമ്മ ശ്രീചക്ര പുരസ്‌കാരം സുരേഷ് ഗോപിക്ക്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും സുരേഷ് ഗോപി പുരസ്കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പഞ്ചലോഹനിര്‍മ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രം സുരേഷ് ഗോപി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കിട്ടത്.

സുരേഷ് ഗോപി നീതി വാങ്ങിനല്‍കുന്ന ഭരത്ചന്ദ്രന്‍ ഐ.പി.എസ് എന്ന സിനിമാ കഥാപാത്രത്തില്‍ നിന്ന് ഭാരതപുത്രന്‍ എന്ന നിലയിലേക്ക് മാറിയെന്നും സാധാരണക്കാരോടുള്ള അനുകമ്പയും സഹാനുഭൂതിയും അദ്ദേഹത്തെ വേറിട്ടതാക്കുന്നുവെന്നും ഗവർണർ പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ അധികാരം ആവശ്യമാണ്. രാഷ്ട്രീയ അധികാരമല്ല. മറിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള ശക്തിയാണ്. യഥാര്‍ത്ഥ ശക്തി ഉണ്ടാവുന്നത് അറിവ് നേടി സ്വയം തിരിച്ചറിയുമ്പോഴാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

വെണ്‍പാലവട്ടത്തമ്മ പുരസ്‌കാരം ഭാര്യ രാധികയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് സുരേഷ് ഗോപി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നിരവധി അവാര്‍ഡുകള്‍ ജീവിതത്തില്‍ ലഭിച്ചിട്ടുണ്ട്. പകുതിയും ഏറ്റുവാങ്ങാനായിട്ടില്ല. സാമൂഹ്യപ്രവര്‍ത്തന രംഗത്ത് വ്യാപരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ലഭിച്ച പുരസ്‌കാരങ്ങളില്‍ 99 ശതമാനവും ഭാര്യയോ മകളോ ആണ് വാങ്ങിയിട്ടുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. അവാര്‍ഡുകള്‍ക്ക് വേണ്ടിയാവരുത് തന്റെ പ്രവര്‍ത്തനങ്ങളെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ്. ഈ പുരസ്‌കാരം വാങ്ങാനുള്ള അര്‍ഹതയും രാധികയ്ക്കാണ്. അവര്‍ അത് വാങ്ങിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ഹൃദയം കൊണ്ട് പുരസ്‌കാരം കൈമാറുകയാണ്.

വരും തലമുറയെ പടുകുഴിയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിക്കുന്ന ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ കഴിഞ്ഞത് അഭിമാനമാണ്. കേരളത്തിനു രക്ഷാപഥം തീര്‍ക്കുന്നയാളാണ് ഗവര്‍ണറെന്നും സുരേഷ് ഗോപി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഗായകരായ പി.ജയചന്ദ്രന്‍, ജി. വേണുഗോപാല്‍,എം.ജി ശ്രീകുമാര്‍, ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ് എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം.

 

 

 

shortlink

Related Articles

Post Your Comments


Back to top button