CinemaGeneralMollywoodNew ReleaseNEWSNow ShowingWOODs

‘എന്റെ വീട് പെട്ടെന്നൊരു മരണ വീടായി, ചേട്ടനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ക്കായില്ല’: കണ്ണുനിറഞ്ഞ് ഷാജി കൈലാസ്

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തിയേറ്ററുകളിൽ വിജയക്കൊടി പാറിക്കുകയാണ്. സർവൈവൽ ത്രില്ലർ ഗണത്തിലാണ് ചിത്രത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രം കണ്ട് കണ്ണീരണിഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ്. സ്വന്തം ചേട്ടനെ നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള വികാരനിര്‍ഭരമായ ഷാജി കൈലാസിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കൂട്ടുകാര്‍ക്കൊപ്പം അഗസ്ത്യാര്‍കൂടത്തിലേക്ക് ടൂര്‍ പോയപ്പോള്‍ ഡാമില്‍ വീണ് ആയിരുന്നു അദ്ദേഹത്തിന്റെ സഹോദരൻ മരണപ്പെട്ടത്. മഞ്ഞുമ്മൽ സിനിമ, സംവിധായകനെ പഴയ കാര്യങ്ങൾ ഓർമിപ്പിച്ചു. മഞ്ഞുമ്മല്‍ ടീമിന് അവരുടെ സുഹൃത്തിനെ രക്ഷിക്കാന്‍ കഴിഞ്ഞു, പക്ഷെ തന്റെ ജേഷ്ഠനെ രക്ഷിക്കാനായില്ല. സിനിമ കണ്ടപ്പോള്‍ അച്ഛന്റെ കരച്ചില്‍ ഓര്‍ത്തു എന്നാണ് ഷാജി കൈലാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഷാജി കൈലാസിന്റെ കുറിപ്പ്:

ജീവിതം തൊട്ട സിനിമ. കാണാവുന്ന സാഹിത്യം എന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാല്‍ എം.ടി സാറാണ്. സിനിമകള്‍ക്കും ചേരും ഈ വിശേഷണം. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമ. പ്രേക്ഷകലക്ഷങ്ങള്‍ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓര്‍മ്മയാണ്. വേര്‍പാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്.

ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ്. ഒരു ദിവസം അച്ഛനെ തേടി കുറച്ച് സുഹൃത്തുക്കള്‍ വീട്ടില്‍ വന്നു. അവര്‍ അച്ഛനെ മാറ്റിനിര്‍ത്തി എന്തോ പറയുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. തിടുക്കത്തില്‍ അച്ഛന്‍ അവരോടൊപ്പം പോകുന്നതും ഞാന്‍ കാണുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ വീട്ടുമുറ്റത്ത് ചെറിയ ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടു. അതു പതുക്കെ വലുതാവാന്‍ തുടങ്ങി. രാത്രിയാവുമ്പോഴേക്കും മുറ്റം നിറയെ ആളുകളായി മാറിയിരുന്നു. എല്ലാവരും നിശ്ശബ്ദരായിട്ട് നില്‍ക്കുന്നു. എങ്ങും കനപ്പെട്ട മൂകത മാത്രം.

വൈകിയാണ് അച്ഛന്‍ തിരിച്ചെത്തിയത്. അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛന്‍ കരയുന്നത് ഞാനാദ്യം കാണുകയാണ്. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. പിന്നീടാണ് വിവരങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം ടൂറു പോയ എന്റെ ജ്യേഷ്ഠന്‍… അഗസ്ത്യാര്‍കൂടത്തിലേക്ക് ആയിരുന്നു അവര്‍ പോയത്. മലകണ്ട് ഇറങ്ങുന്നതിനിടയില്‍ കാല്‍ വഴുതി ഡാമിലേക്ക് വീണു. ജ്യേഷ്ഠനെ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കള്‍ ശ്രമിച്ചു. കഴിഞ്ഞില്ല. അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തില്‍ മുങ്ങി ഇല്ലാതായത്. എന്റെ വീട് പെട്ടെന്നൊരു മരണവീടായി മാറി.

സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അതനുഭവിച്ചവര്‍ക്കേ അറിയൂ. മഞ്ഞുമ്മല്‍ ബോയ്‌സ് ആ വേദനയുടെ ആഴം ഒരിക്കല്‍ കൂടി എന്നെ അനുഭവിപ്പിച്ചു. സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്ന് മിടുക്കരായ ഇതിന്റെ അണിയറക്കാര്‍ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇതൊരു സിനിമയാണല്ലോ എന്ന് പ്രേക്ഷകര്‍ മറന്നു പോകുന്നത്.

അവര്‍ക്കിത് അവരവരുടെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരേടില്‍ സംഭവിച്ച നേര്‍ അനുഭവത്തിന്റെ നേര്‍ കാഴ്ചയാണ്. ആ കാഴ്ചയ്ക്കാണ് പ്രേക്ഷകര്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത്. ഞാനും ആ കൂട്ടത്തിലുണ്ട്, ഞാന്‍ കയ്യടിക്കുമ്പോള്‍ അതില്‍ കണ്ണീരും കലരുന്നു എന്നു മാത്രം. മഞ്ഞുമ്മല്‍ ബോയ്‌സിലെ കൂട്ടുകാര്‍ക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാന്‍ പറ്റി. അതുപോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാന്‍ പറ്റിയിരുന്നെങ്കില്‍… ഏട്ടന്റെ കൂട്ടുകാര്‍ അന്ന് പരമാവധി ശ്രമിച്ചതാണ്. എന്നിട്ടും കഴിഞ്ഞില്ല, ഭാഗ്യം തുണച്ചില്ല.

ഈ സിനിമ കണ്ടപ്പോള്‍ ഞാന്‍ ആ ദിവസങ്ങള്‍ വീണ്ടും ഓര്‍ത്തു. അച്ഛന്റെ കരച്ചില്‍ ഓര്‍ത്തു. പരസ്പരം ആരും മിണ്ടാത്ത മൂകമായ ആ രാത്രി ഓര്‍ത്തു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറക്കാരെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. അത്ര നല്ല സിനിമ. ഇനിയും നിങ്ങള്‍ക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാന്‍ പറ്റട്ടെ. നിങ്ങളുടെ സിനിമകളില്‍ ഇനിയും ജീവിതം കിടന്ന് പിടയ്ക്കട്ടെ. അത് ആരുടെയെങ്കിലും കണ്ണുകളെ ഈറനണിയിക്കട്ടെ, മനസുകളെ വിമലീകരിക്കട്ടെ, നിങ്ങള്‍ വലിയ ഉയരങ്ങളില്‍ എത്തട്ടെ.

shortlink

Related Articles

Post Your Comments


Back to top button