
തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിഷ്ണു പ്രസാദ് വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ മരണ വിവരം പങ്കുവച്ചത്. സംസ്കാരം നാളെ നടക്കും.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ പരിചയം. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണുപ്രസാദ് സജീവമായി.
നേരത്തെ നടന്‍റെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സത്യ പറഞ്ഞിരുന്നു. മകൾ കരൾ നല്കാൻ തയ്യാറായിരുന്നു എന്നും സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണു പ്രസാദ് അംഗമാണ്. അമ്മയിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കിഷോർ സത്യ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.
Post Your Comments