Latest News

കളളപ്പണം വെളുപ്പിക്കല്‍ കേസ്: നടന്‍ മഹേഷ് ബാബു ഇ ഡിക്കു മുന്നില്‍ ഹാജരാകും

ഹൈദരാബാദ്: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ തെലുങ്ക് നടന്‍ മഹേഷ് ബാബു ഇഡിക്കു മുന്നില്‍ ഹാജരാകും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്‌സും സുരാന ഗ്രൂപ്പും ഉള്‍പ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് മഹേഷ് ബാബു ഇ ഡിക്കു മുന്നില്‍ ഹാജരാകുന്നത്. ഈ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ പരസ്യത്തിനും പ്രമോഷനുകള്‍ക്കുമായി നടന്‍ കോടികള്‍ വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇതേ കേസില്‍ ഏപ്രില്‍ 27-ന് ഹാജരാകാന്‍ ഇ ഡി നേരത്തെ മഹേഷ് ബാബുവിന് നോട്ടീസ് നല്‍കിയിരുന്നു. വിദേശത്ത് ഷൂട്ടിംഗിലായതിനാല്‍ വരാനാകില്ലെന്ന് നടന്‍ ഇ ഡിയെ അറിയിച്ചു. തുടര്‍ന്ന് തിയതി മാറ്റി നല്‍കുകയായിരുന്നു. പരസ്യത്തില്‍ അഭിനയിച്ചതിന് സുരാന ഗ്രൂപ്പില്‍ നിന്ന് 5.5 കോടി രൂപയും സായ് സൂര്യ ഗ്രൂപ്പില്‍ നിന്ന് 5.9 കോടി രൂപയും മഹേഷ് ബാബു വാങ്ങിയതായി ഇ ഡി കണ്ടെത്തി. സായ് സൂര്യ ഗ്രൂപ്പില്‍ നിന്ന് 2.5 കോടി പണമായും ബാക്കി ചെക്കായുമാണ് മഹേഷ് വാങ്ങിയത്. രണ്ട് സ്ഥാപനങ്ങളും മഹേഷ് ബാബുവിന് നല്‍കിയ പണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇഡി അറിയിച്ചിരുന്നു.

സുരാന ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സായ് സൂര്യ ഡെവലപ്പേഴ്‌സ്, ഭാഗ്യനഗര്‍ പ്രോപ്പര്‍ട്ടീസ് എന്നിവിടങ്ങളിലും നടത്തിയ പരിശോധനയില്‍ നൂറുകോടി രൂപയുടെ അനധികൃത ഇടപാടുകളാണ് ഇ ഡി കണ്ടെത്തിയത്. പരിശോധനയില്‍ 74. 5 ലക്ഷം രൂപ ഇ ഡി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

മഹേഷ് ബാബുവിനെ വിശ്വസിച്ച് നിരവധിപേരാണ് ഈ സംരംഭത്തിന്റെ ഭാഗമായി വലിയ ഓഹരികള്‍ നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടത്. അനധികൃത ഭൂമി ലേയൗട്ടുകള്‍, ഒരേ ഭൂമി ഒന്നിലധികം ആളുകള്‍ക്ക് വില്‍ക്കല്‍, ശരിയായ രേഖകളില്ലാതെ പണം കൈപ്പറ്റല്‍, ഭൂമി രജിസ്‌ട്രേഷനെക്കുറിച്ചുളള തെറ്റായ ഉറപ്പുകള്‍ എന്നിവയാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരായ കുറ്റം. റിയല്‍ എസ്റ്റേറ്റിന്റെ മറവില്‍ വന്‍ തട്ടിപ്പാണ് നടന്നതെന്നാണ് ഇ ഡി പറയുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button