ഒരു ഡീസൻറ് പോലീസ് ക്രൈം സ്റ്റോറി, ഒറ്റ വാക്കിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് ചിത്രത്തെ അങ്ങനെ വിശേഷിപ്പിക്കാം. എസ്.ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായി ടൊവിനോ ജീവിക്കുകയായിരുന്നു. ഒപ്പം സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഏറെ മികവ് പുലർത്തിയിട്ടുണ്ട്. തൊണ്ണൂറുകളിൽ നടന്ന രണ്ട് ക്രൂരമായ കൊലപാതകങ്ങളും അവയ്ക്ക് പിന്നാലെയുള്ള നാല് പോലീസുകാരുടെ ജീവിതവുമാണ് സിനിമയിൽ.
ഒട്ടും അതിഭാവുകത്വമില്ലാത്ത രീതിയിലാണ് നായക കഥാപാത്രമായ ടൊവിനോ തോമസിനെ അവതരിപ്പിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് കാര്യാലയത്തിലേക്ക് കോരിച്ചൊരിയുന്നൊരു മഴയത്ത് ഒരു ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന ടൊവീനോയുടെ കഥാപാത്രമായ എസ്.ഐ ആനന്ദ് നാരായണനിലാണ് സിനിമയുടെ തുടക്കം. ഒരു കേസുമായി ബന്ധപ്പെട്ട് കുറച്ചുനാൾ സസ്പെൻഷനിലായ ശേഷം തിരിച്ച് സർവ്വീസിൽ കയറാനായാണ് അയാളുടെ വരവ്. അവിടെവെച്ച് മറ്റുചിലരുടെ സംസാരത്തിനിടെയാണ് അയാൾ സസ്പെൻഷനിൽ ആകാനിടയായ പ്രമാദമായ ലൗലി മാത്തൻ കൊലക്കേസിനെ കുറിച്ച് അയാളുടെ കാതിലേക്കെത്തുന്നത്.
അതോടെ അന്ന് നടന്ന സംഭവങ്ങൾ അയാളുടെ മനസ്സിലേക്കെത്തുകയാണ്. സർവ്വീസിലുണ്ടായിരുന്ന അച്ഛൻറെ പാത പിന്തുടർന്ന് അയാൾ പോലീസിലെത്തുന്നതും കോട്ടയം ചിങ്ങവനം സ്റ്റേഷനിൽ എസ്ഐ ആയി ആദ്യ പോസ്റ്റിങ് ലഭിക്കുന്നതും അയാൾ ഉൾപ്പെട്ട നാലംഗ അന്വേഷണ സംഘം ലൗലി എന്ന പെൺകുട്ടിയുടെ മിസിങ് കേസ് അന്വേഷിക്കുന്നതും അതിനെ തുടർന്നുണ്ടായ കാര്യങ്ങളുമൊക്കെയാണ് പിന്നീട് സ്ക്രീനിൽ തെളിയുന്നത്. ആദ്യ പകുതിക്കും രണ്ടാം പകുതിക്കും രണ്ട് ക്ലൈമാക്സുകളാണ് ഉള്ളതെന്നതാണ് ചിത്രത്തെ ഏറെ വേറിട്ടതാക്കിയിരിക്കുന്നത്.
തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’.
Post Your Comments