മനസ്സില്‍ നിന്നും മായാതെ മായാനദി (റിവ്യൂ)

സിനിമാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മായാനദി. വ്യക്തിജീവിതത്തിലും, സിനിമയിലും വ്യക്തമായ നിലപാടുകളുള്ള അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് ആഷിക് അബു. പ്രതിഷേധം അര്‍ഹിക്കുന്ന വിഷയങ്ങളില്‍ ആഷിക് അബു മുഖം നോക്കാതെ അഭിപ്രായം പറയാറുണ്ട്. നിലപാടുകളില്‍ പിന്നോട്ട് പോകാതെ ഉറച്ചുനിന്നു പ്രതികരിക്കാറുണ്ട്. എന്നാല്‍ ആഷിക് അബുവെന്ന സിനിമാക്കാരനിലേക്ക്,സംവിധായകനിലേക്ക് വരുമ്പോള്‍ വ്യത്യസ്തമായ പ്രമേയങ്ങള്‍ സിനിമാസ്വാദകാര്‍ക്ക് സമ്മാനിക്കുന്നതിന് ആഷിക് അബു ശ്രദ്ധിക്കാറുണ്ട്. കലയോടും സമൂഹത്തോടും അങ്ങിനെയാണ് ആഷിക് അബു ഇടപെടാറുള്ളത്. ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് മായാനദി. അവിടെ പ്രണയം കൊണ്ട് കലഹിക്കുന്ന മാത്തന്റെയും,അപ്പുവെന്ന അപര്‍ണയുടെയും കഥയാണ്‌ ആഷിക് അബു പറയുന്നത്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ ഒരു നോവായി മാത്തനും അപര്‍ണയും തങ്ങി നില്‍ക്കുന്നു. മാത്യുസ് എന്ന മാത്തന്റെയും അവന്റെ പ്രിയപ്പെട്ട അപ്പുവിന്റെയും പ്രണയമാണ് മായാനദി.

പ്രണയവും സൗഹൃദവും സാഹചര്യങ്ങളും തീര്‍ക്കുന്ന പച്ചയായ ജീവിതമുഹൂര്‍ത്തങ്ങളില്‍ ഇണങ്ങിയും പിണങ്ങിയും മാത്തനും അപ്പുവും കലര്‍പ്പില്ലാത്ത കഥാപാത്രങ്ങളായി ആസ്വാദകര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. വളരെ ബോള്‍ഡ് ആയ എന്നാല്‍ തന്റേതായ അഭിപ്രായങ്ങളുള്ള, വികാരങ്ങളുള്ള അപര്‍ണ്ണ എന്ന പെണ്‍കുട്ടിയായാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്. വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്. മാത്തന്‍ എന്ന വേഷം ടോവിനോയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ്. അത്രയധികം റിയലിസ്റ്റിക്കായി ടോവിനോ മാത്തനായി ജീവിക്കുകയായിരുന്നു. വളരെ സ്വാഭാവികമായ സംഭാഷണങ്ങളും രംഗങ്ങളും എന്നതാണ് മറ്റൊരു പ്രത്യേകത. നെടുനീളന്‍ സംഭാഷണങ്ങളും സംഘര്‍ഷങ്ങളും ഈ ചിത്രത്തിലില്ല. ലളിതമായ കഥയ്ക്ക് അനുയോജ്യമായ സംഭാഷണങ്ങളും ചിത്രീകരണവും കൊണ്ട് സമ്പന്നമാണ് മായാനദി.

ശക്തമായ തിരക്കഥയെ മികച്ച ചിത്രീകരണം കൊണ്ടും സംവിധാനം കൊണ്ടും മികവുറ്റതാക്കാന്‍ ക്യാമറാമാന്‍ ജയേഷ് മോഹനും,ആഷിക് അബുവിനും കഴിഞ്ഞു. ശ്യാം പുഷ്ക്കരന്‍ ദിലീഷ് നായര്‍ കൂട്ടുകെട്ടാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വളരെ മനോഹരമായാണ് ജയേഷ് മോഹന്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രണയവും സംഘര്‍ഷവും, രതിയും, രാത്രിയും ജയേഷ് മോഹന്റെ ക്യാമറകണ്ണില്‍ വിസ്മയം തീര്‍ത്തിരിക്കുന്നു. ചിത്രത്തിന്റെ കലാസംവിധാനവും എടുത്തു പറയേണ്ടത് തന്നെയാണ്. ചിത്രീകരണത്തിനായി തയ്യാറാക്കിയിരിക്കുന്ന സെറ്റുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കയ്യടക്കത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. അവിടെയാണ് ഒരു കലാസംവിധായകന്റെ കഴിവ് വ്യക്തമാകുന്നത്. രംഗങ്ങള്‍ക്ക് അനുയോജ്യമായ ആവശ്യമുള്ള സംഗതികള്‍ മാത്രമാണ് കലാസംവിധാനത്തിനായി ഉപയോഗിച്ചിട്ടുള്ളത്. കഥയ്ക്കും സാഹചര്യങ്ങള്‍ക്കും വേണ്ടി എന്നാല്‍ ഒരു സെറ്റാണ് എന്ന് തോന്നിപ്പിക്കാത്തവിധം കലാസംവിധാനം ഒരുക്കാന്‍ ഷിജി പട്ടണത്തിന് കഴിഞ്ഞിട്ടുണ്ട്. സജി ശ്രീധരന്റെ ചിത്രസംയോജനവും മികച്ചതാണ്. ഗാനങ്ങളും റെക്സ് വിജയന്റെ സംഗീതവും മായനദിയുടെ ഒഴുക്കിന് ശക്തി കൂട്ടുന്നു.വാക്കുകള്‍ക്കതീതമായ മികച്ചൊരു ഫീല്‍ഗുഡ് സിനിമയാണ് മായാനദി..പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒന്നും ഈ ചിത്രത്തില്‍ ഇല്ല. ഒരു മികച്ച ക്ലാസ് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യത്തോടെ മായാനദിക്ക് ടിക്കറ്റ് എടുക്കാം….

മായാനദി ഒഴുകട്ടെ…

 

SHARE