CinemaMollywoodMovie Reviews

ഇത് മൊയ്തീനും കാഞ്ചനയും പുനര്‍ജ്ജനിച്ച ‘പ്രണയ വിമാനം’

പൃഥ്വിരാജിനെ നായകനാക്കി പ്രദീപ്‌ എം.നായര്‍ സംവിധാനം ചെയ്ത വിമാനം പ്രദര്‍ശനത്തിനെത്തി. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അംഗവൈകല്യത്തെ അതിജീവിച്ച് സ്വയം വിമാനം നിര്‍മ്മിച്ച് ആകാശത്തേക്ക് പറന്ന സജി തോമസ്‌ എന്ന ചെറുക്കാരന്റെ ജീവിതമാണ്‌ വിമാനം എന്ന ചിത്രമെടുക്കാന്‍ പ്രദീപ്‌ നായര്‍ക്ക് പ്രേരണയായത്. എന്നാല്‍ പൂര്‍ണമായും സജി തോമസിന്റെ കഥയല്ല ചിത്രം പറയുന്നത്. സമീപകാലത്തായി നല്ല മലയാള ചിത്രങ്ങളിലൂടെ കയ്യടി നേടുന്ന നടനാണ് പൃഥ്വി. സിനിമ എന്ന കലയെക്കുറിച്ച് വളരെ ആത്മാര്‍ത്ഥയോടെയും, ആധികാരികമായും,ആത്മവിശ്വാസത്തോടെയും, ഏതു വേദിയിലും ചര്‍ച്ച ചെയ്യുന്ന മിടുക്കനായ കലാകാരന്‍, വിമര്‍ശകര്‍ക്ക് അവസരം നല്‍കാതെ നല്ല ചിത്രങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുന്ന  പൃഥ്വിക്ക് ഈ  വര്‍ഷം ഇറങ്ങിയ ‘ടിയാന്‍’, ‘ആദം ജോണ്‍’ എന്നീ ചിത്രങ്ങള്‍ നടനെന്ന രീതിയില്‍ വലിയ പ്രയോജനം ചെയ്തില്ല.

സ്വപ്നങ്ങളുടെ ചിറകുമായി വിണ്ണിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന വെങ്കിടിയുടെ കഥയാണ് വിമാനം പറയുന്നത്. നേരെത്തെ ‘എബി’ എന്ന പേരില്‍ ഇതേ പ്രമേയവുമായി വിനീത് ശ്രീനിവാസന്‍ നായകനായ ഒരു ചിത്രം ബിഗ്‌സ്ക്രീനിലെത്തിയിരുന്നു. കേള്‍വിശേഷിയില്ലാത്ത മിടുക്കനായ വെങ്കിടിയുടെ കഥ ബാല്യത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. വിമാനത്തോടുള്ള ആഗ്രഹത്തിനപ്പുറം നിഷ്കളങ്ക റൂട്ടിലൂടെയുള്ള പ്രണയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. വെങ്കിടിയുടെയും, ജാനകിയുടെയും പ്രണയകഥയ്ക്കിടയില്‍ വിമാനം പറപ്പിക്കണം എന്ന വെങ്കിടിയുടെ സ്വപ്നമോഹം സംവിധായകന്‍ തന്ത്രപൂര്‍വ്വം കണകറ്റ് ചെയ്തിരിക്കുകയാണ് ചിത്രത്തില്‍. ‘ഒരു വിമാന പ്രണയ കഥ’ എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കാവുന്ന ചിത്രത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ കയ്യടക്കമുള്ള അവതരണം പ്രകടമാണ്. വെങ്കിടിയുടെ വിമാനത്തിനൊപ്പം പ്രേക്ഷകരും പൊങ്ങി പറക്കുന്നിടത്ത് പ്രദീപ്‌ നായര്‍ എന്ന നവാഗതനും ഇനി തലയുയര്‍ത്തി നില്‍ക്കാം.

ഒരല്‍പം നാടകീയത ആവശ്യപ്പെടുന്ന കാലഘട്ടവും പ്രമേയവുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ ഓരോ രംഗങ്ങളും ഒരു മികച്ച സംവിധായകന്റെ  കയ്യപ്പോടെ പ്രദീപ്‌ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. വെങ്കിടിയുടെ ബാല്യവും, യുവത്വവും, വാര്‍ധക്യവും ചിട്ടയോടെ അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍. വിമാനം സ്വയം നിര്‍മിച്ച് പറപ്പിക്കണം എന്ന വെങ്കിടിയുടെ പ്രയാണത്തെ സ്വന്തം വീട്ടുകാരും നാട്ടുകാരും പരിഹസിക്കുയും ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട് അവന്‍ ആ ലക്‌ഷ്യം നേടിയെടുക്കയും ചെയ്യുന്ന വളരെ ക്ലീഷേ തലത്തിലുള്ള വിഷയമാണ് വിമാനം കൈകാര്യം ചെയ്യുന്നതെങ്കിലും പ്രേക്ഷകനുമായി ചിത്രം പൂര്‍ണ്ണമായും സംവദിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വെങ്കിടിയുടെയും, ജാനകിയുടെയും പ്രണയ സൗന്ദര്യത്തിനു നല്ല നിറം നല്‍കിയതില്‍ പ്രദീപ്‌ എം.നായരുടെ മേക്കിംഗ് ശൈലി നിര്‍ണായക പങ്കുവഹിച്ചിടുണ്ട്. ചില അവസരങ്ങളിലൊക്കെ ചിത്രം അതി നാടകീയതയിലേക്ക് വഴിമാറുന്നുണ്ടെങ്കിലും ആ രംഗങ്ങളൊക്കെ മനുഷ്യ മനസാക്ഷിയില്‍ സ്പര്‍ശിക്കുന്ന വിധം ചിത്രീകരിച്ചിട്ടുണ്ട്. ‘ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നമാണെങ്കില്‍ ഉപേക്ഷിക്കാം’, ഉറങ്ങാന്‍ സമ്മതിക്കാത്ത സ്വപ്നം ഉപേക്ഷിക്കാന്‍ കഴിയില്ല’, എന്നൊക്കെയുള്ള ചിത്രത്തിലെ മികച്ച സംഭാഷണങ്ങളും വിമാനത്തെ വിണ്ണിലെത്തിക്കുന്നു.

ഒരു പ്രണയകഥയെന്ന നിലയില്‍ വിമാനത്തെ വിലയിരുത്താതാകും ഉചിതം. ‘ജാനകിക്ക് വേണ്ടി വെങ്കിടി പറപ്പിച്ച വിമാനമെന്ന സ്വപ്നത്തിന്റെ കഥ’, അവര്‍ക്കായിമാത്രം നിര്‍മിച്ച ‘mpect’ എന്ന വിമാനത്തിന്റെ കഥ, അതിനെ അതിന്‍റെ ഏറ്റവും മാന്യമായ രീതിയില്‍ പ്രദീപ്‌ എം. നായര്‍ ബിഗ്‌സ്ക്രീനിലെത്തിച്ചു. 
വ്യോമസേനയക്കായി വിമാനം രൂപ കല്പന ചെയ്ത വെങ്കിടി ‘പദ്മഭൂഷണ്‍’ പോലെയുള്ള അഭിമാന നേട്ടം സ്വന്തമാക്കുന്നതൊക്കെ സിനിമയില്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും ആ പ്രൊഫഷനിലെക്ക് എത്തപ്പെടുന്ന വെങ്കിടിയുടെ ജൈത്രയാത്രയുടെ കഥയൊന്നുമല്ല വിമാനം ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കും പോലെ അത്ത്രത്തിലെ ഗൗരവമേറിയ ഒരു കഥാ തന്തുവല്ല ചിത്രത്തിലുള്ളത്.

ജാനകിയുടെയും വെങ്കിടിയുടെയും പ്രണയരംഗങ്ങള്‍ക്കാണ് പ്രാമുഖ്യം, അവരുടെ പ്രണയത്തിനു പക്ഷം പിടിക്കുന്നവരും എതിര്‍ക്കുന്നവരും ആ നാട്ടിലുണ്ട്, രാത്രിയുടെ മനോഹരമായ നിലാവില്‍ കാമുകിയെ കാണാന്‍ ടെറസ്സിലെത്തുന്ന കാമുകന്‍, പിന്നീട് അവര്‍ ഒന്നിച്ചുള്ള സ്നേഹം പങ്കിടല്‍ ഇതൊക്കെ നല്ല ഫീല്‍ ഉണ്ടാക്കുന്ന തരത്തില്‍ പ്രദീപ്‌ എം. നായര്‍ ചെയ്തിട്ടുണ്ട്, അന്നത്തെ കാലഘട്ടത്തിലെ പ്രണയങ്ങള്‍ക്ക് ഇത്തരം നാടകീയതയുടെ റൊമാന്റിക് സ്വരം ആവശ്യമാണ്, അത് ആനാവശ്യമായി ക്രിയേറ്റ് ചെയ്തു അലങ്കോലപ്പെടുത്താതിരിക്കുക എന്നതിലാണ് ഒരു സംവിധായകന്‍ ശ്രദ്ധ വയ്ക്കേണ്ടത്. ആ കാര്യത്തില്‍ പ്രദീപ്‌ എം. നായര്‍ എന്ന സംവിധായകന്‍ പൂര്‍ണ്ണ വിജയം നേടി. ഈ രണ്ടു പ്രണയ കഥാപാത്രങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടുള്ള ചിത്രീകരണ വേളയിലൊക്കെ ചുറ്റുപാടുമുള്ള നല്ല ലൊക്കേഷന്‍ സാധ്യതകളെയും സംവിധായകന്‍ പരിഗണിക്കുന്നുണ്ട്. അതിഭാവുകത്വം ഇല്ലാതെ ആവശ്യത്തിനു മാത്രമുള്ള കഥാപാത്രങ്ങളെ രംഗത്തെത്തിച്ച് അതിമനോഹരമായി ചെയ്തെടുത്ത വിമാനത്തിനു നല്ല സിനിമയുടെ വാസനയുണ്ടെന്നു കാണുന്ന ഏതൊരു പ്രേക്ഷകനും ബോധ്യപ്പെടും.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വെങ്കിടിയെ അവതരിപ്പിച്ച പൃഥ്വിരാജ് ആക്ടിഗിന്‍റെ കാര്യത്തില്‍ ഒരു പ്രസരിപ്പ് ഫീല്‍ ചെയ്യിപ്പിച്ചാണ് സിനിമയിലുടനീളം തിളങ്ങിയത്. ചിത്രത്തിലെ കഥാപാത്രത്തോട് പൃഥ്വി പൂര്‍ണ്ണമായും നീതി പുലര്‍ത്തി. അവാര്‍ഡ്‌ കമ്മിറ്റികളില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാവുന്ന ആക്ടിംഗ് സ്റ്റൈല്‍, വെങ്കിടിയെ ഒരര്‍ത്ഥത്തിലും പൃഥ്വിരാജ് മോശമാക്കിയിട്ടില്ല. റൊമാന്റിക് സീനുകളിലൊക്കെ വളരെ ഭംഗിയായി ഉപയോഗിക്കാവുന്ന നടനാണ് അദ്ദേഹം, അത്തരം കഥാപാത്രങ്ങളോട് അതിവേഗം കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള മിടുക്ക് പൃഥ്വിയുടെ ആക്ടിംഗ് ശൈലിയില്‍ പ്രകടനമാണ്. യുവത്വത്തില്‍ നിന്ന് വാര്‍ധക്യത്തിലേക്ക് എത്തുമ്പോഴും മികച്ച ശരീരഭാഷയോടെയും വളരെ പാകതയോടെയും ആ കഥാപാത്രം തന്നിലേക്ക് ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട് പൃഥ്വിരാജ്.

ചിത്രത്തില്‍ നായികായി അഭിനയിച്ച ദുര്‍ഗ്ഗ കൃഷ്ണയുടെ പ്രകടനം ദുര്‍ബലമായിരുന്നു, പ്രണയരംഗങ്ങളില്‍ നായകനേക്കാളും പ്രേക്ഷകരുടെ ശ്രദ്ധ വീഴുന്നത് പലപ്പോഴും നായികയിലേക്കാണ്, സ്ത്രീകളുടെ പ്രണയ തീവ്രതയ്ക്കാണ് ഓഡിയന്‍സിനിടയില്‍ കൂടുതല്‍ മാര്‍ക്കറ്റ്. നഷ്ടപ്രണയത്തിന്റെ വൈകാരികതയില്‍ ആ കഥാപാത്രം അവതരിപ്പിക്കുന്നതില്‍ ദുര്‍ഗ്ഗ കൃഷ്ണ പരാജയപ്പെട്ടു.ഒരു നടിയുടെ ആദ്യ ശ്രമമെന്ന നിലയില്‍ അവരുടെ പരിശ്രമത്തെ അംഗീകരിക്കുന്നുവെങ്കിലും കുറച്ചു കൂടി ശ്രദ്ധ ചെലുത്തിയിരുന്നുവെങ്കില്‍ ദുര്‍ഗ്ഗയിലെ ജാനകി  പെര്‍ഫോമന്‍സിന്‍റെ കാര്യത്തില്‍ മൊയ്തീനിലെ കാഞ്ചനയോളം മികച്ചു നില്‍ക്കുമായിരുന്നു. ജാനകി എന്ന കഥാപാത്രത്തിന് ഭംഗിയായ ചുറ്റുപാട് ഒരുക്കിയും ധാവണി പോലെയുള്ള നാടന്‍ വേഷങ്ങളില്‍ സുന്ദരിയാക്കിയും ആ കഥാപാത്രത്തെ സംവിധായകന്‍ നന്നായി പരുവപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ അലന്‍സിയറുടെ വേഷം നല്ല അഭിനയത്തിന്‍റെ പര്യായമായി. സുധീര്‍ കരമന, ലെന തുടങ്ങിയവരുടെ പ്രകടനം പ്രേക്ഷകരില്‍ ഇഷ്ടമുണ്ടാക്കി.

പി. ബാലചന്ദ്രന്‍, സൈജു കുറുപ്പ്, അശോകന്‍, തസ്നി ഖാന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. റഫീക്ക് അഹമ്മദ് എഴുതിയ സന്ദര്‍ഭോചിതമായ ഗാനങ്ങളും വിമാനത്തെ മാനത്ത് നിര്‍ത്തുന്നുണ്ട്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിലെ മ്യൂസിക് ചെയ്തിരിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് വ്യത്യസ്ത രീതിയില്‍ പാട്ടൊരുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രണയ സീനുകളിലും വിമാനം ഉയര്‍ന്നു പറക്കുമ്പോഴുമൊക്കെയുള്ള സന്ദര്‍ഭങ്ങളിലും ഗോപി സുന്ദര്‍ മീട്ടിയ ബിജിഎം പ്രശംസനീയമായിരുന്നു.

ഷഹ്നാദ് ജലാലിന്റെ ക്യാമറ ചിത്രത്തിലെ പല ഫ്രെയിമുകള്‍ക്കും ആനച്ചന്തം നനല്‍കി, ശിലയും , കടലും, മലയുമൊക്കെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള ചിത്രത്തിലെ വേഷവിധാനങ്ങള്‍ ഗംഭീരമാക്കിയത്തില്‍ സമീറ സനീഷിനും ഇരിക്കട്ടെ ഒരു കുതിരപവന്‍.

അവസാന വാചകം

വിമാനം നല്ല സന്ദേശം നല്‍കുന്ന ഒതുക്കമുള്ള ഒരു പ്രണയകഥയാണ്, മലയാള സിനിമയില്‍ ഇടയ്ക്ക് മാത്രം സംഭവിക്കുന്ന മിതത്വമുള്ള സിനിമകളില്‍ ഒന്ന്. വലിയ മോഹങ്ങളുടെ ഈ വിമാന കഥ നിങ്ങള്‍ക്കും ധൈര്യമായി മനസ്സില്‍ പറപ്പിക്കാം…

നിരൂപണം ; പ്രവീണ്‍.പി നായര്‍

Tags

Post Your Comments

Related Articles


Back to top button
Close
Close