NewsIndia

ഏകീകൃത ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ-‘നീറ്റ്’ ഇന്ന് നടക്കും

ന്യൂഡല്‍ഹി: രാജ്യത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള ഏകീകൃത ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ-‘നീറ്റ്’ ഇന്ന് നടക്കും. ആറര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് ഒന്നാംഘട്ട പരീക്ഷയെഴുതുന്നത്.

പരീക്ഷ തടയണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ശനിയാഴ്ച തള്ളി. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച കേസ് പരിഗണിക്കാനായി ഇന്നലെ ചേര്‍ന്നപ്പോഴാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നീറ്റ് പരീക്ഷ നടത്തിയാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയത്. കേരളത്തിലും ഗുജറാത്തിലും സംസ്ഥാനത്തിന്റെ പ്രവേശനപ്പരീക്ഷ നടന്നുകഴിഞ്ഞു. ഇക്കാര്യത്തില്‍ ഇനി ഒന്നും നടക്കില്ല. വിഷയം ബഞ്ച് കേട്ടതാണ്. അത് അവസാനിച്ചു കഴിഞ്ഞു. ഇനി പരീക്ഷ നടക്കട്ടെയെന്നാണ് ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറും ജസ്റ്റിസുമാരായ എ.കെ.സിക്രിയും ആര്‍.ഭാനുമതിയും അടങ്ങുന്ന മൂന്നംഗ ബഞ്ച് പറഞ്ഞത്. ഈ പരീക്ഷാര്‍ഥികള്‍ ഉടന്‍തന്നെ സിബിഎസ്ഇ നടത്തുന്ന പൊതുപരീക്ഷയും എഴുതണമെന്നു ശഠിക്കുന്നത് അവര്‍ക്കു വേണ്ടത്ര തയാറെടുപ്പിനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സിബിഎസ്ഇ സിലബസും സംസ്ഥാന സിലബസുകളും വ്യത്യസ്തമാണ്. ഈ വര്‍ഷം ഏകീകൃത പരീക്ഷ നടത്തണമെന്ന ഉത്തരവു പുനഃപരിശോധിക്കണമെന്നും അഭിഭാഷകര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയാറായില്ല. മറ്റൊരു ബെഞ്ചാണു കേസ് പരിഗണിച്ചത്. അവര്‍ തീരുമാനവും എടുത്തുകഴിഞ്ഞു. പരീക്ഷ മുന്‍നിശ്ചയപ്രകാരം നടക്കട്ടെ. അതിനിടയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല – കോടതി പരാമര്‍ശിച്ചു. വിദ്യാര്‍ഥികളുടെ ഹര്‍ജി ഈ കേസില്‍ വാദം കേള്‍ക്കുന്ന ബെഞ്ചിനു മുന്‍പാകെ ഫയല്‍ ചെയ്യാനും നിര്‍ദേശിച്ചു. ഇനി ചൊവ്വാഴ്ചയാണു കേസ് പരിഗണിക്കുക. ഇതിനിടെ, ഇനിയും പരീക്ഷ നടത്താനുള്ള സംസ്ഥാനങ്ങള്‍ അതിനുള്ള തയാറെടുപ്പുമായി മുന്നോട്ടുപോവുകയാണ്.

വിവിധ സംസ്ഥാനങ്ങളും കല്‍പ്പിത സര്‍വകലാശാലകളും സ്വകാര്യ മെഡിക്കല്‍ കോളജുകളും ഇതിനകം നടത്തിയ പരീക്ഷയുടെ സാധുത സംബന്ധിച്ചു കോടതി ഉത്തരവിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ആശങ്കാകുലമായ മനസ്സുമായിട്ടാവും വിദ്യാര്‍ഥികള്‍ ഇന്ന് മല്‍സരപ്പരീക്ഷയെ അഭിമുഖീകരിക്കുക. ഇതിനകം അപേക്ഷിക്കാത്തവര്‍ക്കായുള്ള രണ്ടാംഘട്ടം പരീക്ഷ ജൂണ്‍ 24ന് ആണ്. രണ്ടു പരീക്ഷകളുടെയും ഫലപ്രഖ്യാപനം ഓഗസ്റ്റ് 17നു നടത്തി അതില്‍ നിന്നാണു പ്രവേശനം നടത്തുക.

കേരളത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ നടന്നുകഴിഞ്ഞ സാഹചര്യത്തില്‍ അഖിലേന്ത്യാ പരീക്ഷയുടെ റാങ്ക് പട്ടികയില്‍ നിന്നു പ്രവേശനം നടത്താനുള്ള ബുദ്ധിമുട്ട് സംസ്ഥാനം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. ഇതു സംബന്ധിച്ച കേസുകള്‍ ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ കേരളത്തിന്റെ നിലപാട് അറിയിക്കും പരീക്ഷ പൂര്‍ത്തിയായതിനാല്‍ കേരളത്തിലെ സാഹചര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരുമായി ഇതു സംബന്ധിച്ചു പ്രവേശന പരീക്ഷാ കമ്മിഷണര്‍ ബി.എസ്.മാവോജി ചര്‍ച്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button