Prathikarana Vedhi

പാറാവുകാരനല്ല പട്ടാളക്കാരൻ

അനീഷ് കുറുവട്ടൂര്‍

നാടിനു കാവൽ നിൽക്കുന്ന വെറും പാറാവുകരനല്ല ഒരു പട്ടാളക്കാരൻ. ഹിമവാന്റെ നെറുകയിലെ അതിശൈത്യത്തെ ദേശപ്രേമത്തിന്റെ തീക്ഷ്ണാഗ്നിയിൽ അലിയിച്ചുകളഞ്ഞു നൂറ്റിമുപ്പതുകോടി ജനതയുടെ സ്വാതന്ത്ര്യത്തിനു കവചമൊരുക്കുന്ന ധീരതയുടെ പ്രതിരൂപങ്ങളാണവർ. പ്രണയവും മോഹങ്ങളും സ്വപ്നങ്ങളുമെല്ലാം രാഷ്ട്രദേവതയുടെ കാൽക്കീഴിൽ സമർപ്പിച്ചു ദേശരക്ഷയുടെ ധീരദൗത്യം സ്വയം സ്വീകരിച്ചവർ. ഒരുപൊതി ചപ്പാത്തിയും ഒരു ഫ്ലാസ്ക് വെള്ളവും കൊണ്ട് ഒരാഴ്ച കഴിഞ്ഞുകൂടുന്ന സിയാച്ചിനിലെ സൈനികരുടെ പ്രാർത്ഥനയും ജാഗ്രതയുമാണ് ഇന്ത്യാക്കാരന്റെ സ്വാതന്ത്ര്യം. ഇടിവെട്ടിപ്പെയ്യുന്ന കാലവർഷത്തിൽ നനഞ്ഞുകുതിർന്ന വിറങ്ങലിച്ചുനിൽക്കുമ്പോഴും മഴത്തുള്ളികൾക്കിടയിലൂടെ ശത്രുവിനെ നിരീക്ഷിക്കുന്ന നിതാന്തജാഗ്രതയെ ഏസി മുറിയിലെ കമ്പ്യൂട്ടർ കീബോർഡുകൊണ്ട് വിമർശിക്കാൻ വളരെയെളുപ്പം. ഒരു ചാറ്റൽ മഴയേറ്റാൽ ജലദോഷം വന്നു അഡ്മിറ്റാകുന്നവരും പോലീസുകാരെ കണ്ടാല്‍ നെഞ്ചുവേദന വരുന്നവരുമൊക്കെ ഇന്ത്യന്‍ സൈന്യത്തിന്‍റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതു കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ഭാര്യയേയും മക്കളേയും അവസാനമായി ഒരു നോക്കുകാണാനാകാതെ ശത്രുവിൻറെ വെടിയുണ്ടക്കുമുമ്പിൽ നെഞ്ചുവിരിച്ചു നിന്നു സ്വർഗ്ഗപദം പൂകിയ ആയിരം വീരഭിമന്യുമാരെ ത്രിവർണ്ണപതാകയിൽ പൊതിഞ്ഞു എതിരേൽക്കേണ്ടിവന്നിട്ടും സഹിഷ്ണുതയുടെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ സ്വന്തം കർമ്മം അനസ്യൂതം തുടരുന്ന പട്ടാളക്കാരുടെ വേദന കാണേണ്ടവർ, തീവ്രവാദിയുടേയും വിഘടനവാദിയുടേയും പക്ഷം ചേരുന്നത് ആപത്താണ്.

കാശ്മീരിലെ അസ്വസ്ഥതകളുടെ ആസൂത്രണം അതിർത്തിക്കപ്പുറമാണെന്ന് അറിയാത്തവരായി ആരുമില്ലെങ്കിലും, ചിലരിപ്പോഴും സൈന്യത്തെ പഴിയ്ക്കുന്നു. പെല്ലറ്റുകളേറ്റ വിഘടനവാദികളുടെ ചിത്രം കാണിച്ചു വാവിട്ടു നിലവിളിക്കുന്നവർ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത് ? 1990 നു ശേഷം കാശ്മീരിൽ നിന്നും പലായനം ചെയ്തവരിൽ പലരും ഇന്ത്യയിലെ വിവിധനഗരങ്ങളിലെ തെരുവുകളിൽ കഴിയുന്നുണ്ട് അവരുടെ ചിത്രം നോക്കി നെടുവീർപ്പിടാൻ പോലും ഇവരാരും ഇതുവരെ തയ്യാറായിട്ടില്ല. ക്രൂരമായി കൊല്ലപ്പെട്ട കാശ്മീരിപണ്ഡിറ്റുകളുടെ ആത്മാക്കൾ ഗതികിട്ടാതെ ഇന്നും അലയുന്നുണ്ടാകും, പെല്ലറ്റേറ്റവരുടെ ചിത്രങ്ങളിൽ അവയുടെ നിഴൽ പതിയാതെ നോക്കണം. കാശ്മീരിനെ ഇന്ത്യയിൽ നിന്നും തട്ടിയെടുക്കാനായി ആളും അർത്ഥവും നൽകി സായുധകലാപത്തിനു ആഹ്വാനം ചെയ്ത പാക് തീവ്രവാദികൾക്കും അവർക്കു താരാട്ടുപാടുന്ന ഇന്ത്യയിലെ തീവ്രവാദസംഘടനകളും നടത്തുന്ന നാടകമാണ് കാശ്മീരിലെ അസ്വസ്ഥതകൾ. പതിനായിരക്കണക്കിനു വ്യാപാരികളും കർഷകരും ലക്ഷക്കണക്കിനു കുടുംബങ്ങളും ഇന്നും സമാധാനത്തോടെ കഴിയുന്ന താഴ്വരയിൽ , കൂലിവാങ്ങി സൈന്യത്തെ കല്ലെറിഞ്ഞുകൊല്ലാൻ ഇറങ്ങിയവർ ആയിരമോ രണ്ടായിരമോ പേർ മാത്രമാണ്. അവരല്ല കാശ്മീരിൻറെ പ്രതീകങ്ങൾ ഇതിനിടയിൽ ശാന്തമായി ജീവിക്കുന്ന പട്ടാളക്കാർക്കു വൈള്ളവും ഭക്ഷണവും നൽകി അവരുടെ ആത്മവീര്യം വർദ്ധിപ്പിക്കുന്ന ലക്ഷക്കണക്കിനുള്ള കാശ്മീരിജനതയാണ് കാശ്മീനെ പ്രതിനിധീകരിക്കുന്നത്. പട്ടാളക്കാർ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്നാണ് കേരളത്തിലെ ചില പുംഗവൻമാർ പറയുന്നത്. പാർട്ടി ഓഫിസിൽ വനിതാനേതാവിനെ ബലാത്സംഗം ചെയ്യുന്ന സ്വന്തം നേതാക്കളുടെ സംസ്കാരം ആണ് ഇന്ത്യയുടെ ധീരജവാൻമാർക്കെന്നു കരുതിയെങ്കിൽ അവരോടൊക്കെ ഒന്നേപറയാനുള്ളു. നിങ്ങൾ ശ്വസിക്കുന്ന പ്രണവായുവിൻറെ സ്വാതന്ത്ര്യം പോലും മഞ്ഞുമലയിൽ തപംചെയ്യുന്ന സൈനികരുടെ ത്യാഗത്തിൻറെ ഫലമാണ്. ഇന്തോ-ചൈന യുദ്ദത്തിൽ പരുക്കേറ്റ പട്ടാളക്കാരന് രക്തം നൽകിയവരെ വിമർശിച്ച് പാരമ്പര്യമുള്ളവർ സൈന്യത്തെ ഇന്നും വിമർശിക്കുന്നുവെങ്കിൽ അതവരുടെ ജനിതകപ്രശ്നമാണ്. ”വയംപഞ്ചാധികംശതം” എന്ന യുധിഷ്ഠിരവാക്യമാണ് ഈസമയത്ത് നാം ഓർക്കേണ്ടത്. ശത്രുവിനോട് ഏറ്റുമുട്ടുമ്പോൾ നാം നൂറ്റിഅഞ്ചുപേരാണ്. അല്ലാത്ത സമങ്ങളിൽ നാം നൂറും അഞ്ചും ആയിരിക്കാം.
ഭാരത് മാതാ കീ ജയ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button