മാള്‍ട്ട: ലോകജനതയെ മുള്‍മുനയില്‍ നിര്‍ത്തിയ ലിബിയൻ വിമാനറാഞ്ചലിനു ഞെട്ടിക്കുന്ന ക്ലൈമാക്സ്. ലിബിയയില്‍ നിന്നുള്ള വിമാനം റാഞ്ചിയ ഭീകരരുടെ കയ്യിലുണ്ടായിരുന്നത് കളിത്തോക്കും വ്യാജ ആയുധങ്ങളുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് റാഞ്ചികളുടെ കയ്യിലുണ്ടായിരുന്ന തോക്കുകളും ഗ്രനേഡുകളും വ്യാജമാണെന്ന്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിലൂടെയാണ് കണ്ടെത്തിയത്. മാള്‍ട്ടാ പ്രധാനമനന്ത്രി ജോസഫ് മസ്‌ക്കറ്റാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗദ്ദാഫി അനുകൂലികളായ ഭീകരര്‍ റാഞ്ചിയ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരേയും മോചിപ്പിച്ചിരുന്നു. പിന്നീട് വിമാന റാഞ്ചികള്‍ പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. 118 യാത്രക്കാരുമായി ലിബിയയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ സെഭയില്‍ നിന്നും ട്രിപോളിയിലേക്ക് പറന്ന അഫ്രീഖിയ എയര്‍വെയ്‌സിന്റെ വിമാനമാണ് ഭീകരര്‍ റാഞ്ചിയത്. ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ കൈവശമുള്ള ഗ്രനേഡുകള്‍ ഉപയോഗിച്ച് വിമാനം കത്തിച്ചാമ്പലാക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ഭീകരര്‍ യാത്രക്കാരെ മോചിപ്പിക്കാന്‍ തയ്യാറായത്.
Post Your Comments