NewsIndia

വനിതാ എംഎല്‍എമാരുടെ കാര്യത്തില്‍ ചരിത്രം കുറിച്ച് യുപി

ലക്‌നോ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടിയ ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു റെക്കോര്‍ഡ് വാര്‍ത്തകൂടി. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങളുടെ കാര്യത്തിലാണ് യുപി മറ്റൊരു റെക്കോര്‍ഡ് കുറിച്ചത്. വിവിധ പാര്‍ട്ടികളില്‍ നിന്നായി 38 വനിതാ എംഎല്‍എമാരാണ് ഇത്തവണ നിയമസഭയിലെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭയിലേക്ക് ഇത്രയധികം വനിതകള്‍ എത്തുന്നത്.

വിവിധ കക്ഷികള്‍ ഇത്തവണ ആകെ 96 വനിതകള്‍ക്കാണ് ടിക്കറ്റ് നല്‍കിയത്. ഇതില്‍ 38 പേര്‍ വിജയം കണ്ടു. ഏറ്റവും കൂടുതല്‍ വനതികള്‍ക്ക് ടിക്കറ്റ് നല്‍കിയത് ബിജെപിയാണ്. 43 വനിതാസ്ഥാനാര്‍ത്ഥികളാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്. ഇതില്‍ 32 പേരും വിജയിച്ചു. ബിജെപിയില്‍ നിന്ന് ഇത്രയധികം വനിതകള്‍ നിയമസഭയിലെത്തിയതോടെയാണ് റെക്കോര്‍ഡ് പിറന്നത്.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് നിയമസഭയിലെത്തിയത് വിരലിലെണ്ണാവുന്ന എംഎല്‍എമാര്‍ മാത്രം. മായാവതി എന്ന വനിത നയിക്കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്ന് നിയമസഭയിലെത്തിയത് രണ്ടു വനിതകള്‍. കോണ്‍ഗ്രസില്‍ നിന്നും രണ്ടുപേര്‍. ഭരണകക്ഷിയായിരുന്ന അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി(എസ്പി)യില്‍ നിന്നും അപ്‌നാദളില്‍ നിന്നും ഓരോരുത്തരും. ബിഎസ്പി മത്സരത്തിനിറക്കിയത് 20 വനികളെയായിരുന്നു. ഇതിലാണ് രണ്ടുപേര്‍ ജയിച്ചത്. ഇത്തവണ 11 സീറ്റുകള്‍ കോണ്‍ഗ്രസ് വനിതകള്‍ക്ക് നല്‍കി. ഇതില്‍ രണ്ടുപേരാണ് ജയിച്ചത്. സമാജ്‌വാദി പാര്‍ട്ടി ഇത്തവണ ടിക്കറ്റ് നല്‍കിയതാകട്ടെ 33 വനിതകള്‍ക്ക്. ഇതില്‍ നിന്ന് ഒരു വനിതയ്ക്കു മാത്രമാണ് ജയിക്കാനായത്.

ഇലക്ഷന്‍ കമ്മീഷന്റെ രേഖകള്‍ പ്രകാരം യുപിയില്‍ ഇതിന് മുന്‍പ് ഏറ്റവും അധികം വനിതാ എംഎല്‍മാരുണ്ടായിരുന്നത് കഴിഞ്ഞ നിയമസഭയുടെ കാലത്താണ്. 2012 -ല്‍ നിയസഭയിലെത്തിയത് 35 വനിതകളാണ്. 1985 ല്‍ 31 വനിതകള്‍ ആണ് യുപി നിയമസഭയിലുണ്ടായിരുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയശേഷം ഉത്തര്‍പ്രദേശില്‍ നടന്ന ആദ്യം തെരഞ്ഞെടുപ്പില്‍ 20 വനിതാ എംഎല്‍മാരുണ്ടായിരുന്നു. അത്രയും വനിതകള്‍ അന്ന് നിയമസഭയിലെത്തിയത് വന്‍ വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button