NewsIndia

രാമസേതു മനുഷ്യനിര്‍മിതമോ?

ന്യൂഡല്‍ഹി: രാമസേതുവിന്റെ ഉത്ഭവമറിയാന്‍ സമുദ്രഗവേഷണം നടത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞർ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ചാണ് (ഐസിഎച്ച്ആര്‍) രാമസേതു മനുഷ്യനിര്‍മിതമോ, അതോ പ്രകൃതിദത്തമോ എന്നറിയാനുള്ള ഗവേഷണം നടത്തുന്നത്. ഇതിനായി, സമുദ്രസംബന്ധിയായ പുരാവസ്തു- ജലാന്തര പര്യവേക്ഷണ വിഭാഗത്തിലെ 20 ഓളം ഗവേഷകര്‍ രണ്ടാഴ്ചത്തെ പരിശീലനത്തില്‍ ഏര്‍പ്പെടും. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളൊന്നും പദ്ധതിക്ക് ഇല്ലെങ്കിലും ഐസിഎച്ച്ആര്‍ ഈ പഠനത്തിനായി കേന്ദ്രസര്‍ക്കാരിനോട് ധനസഹായം അഭ്യര്‍ഥിക്കും.

റിമോട്ട് സെന്‍സിങ് പഠനങ്ങളില്‍ നിന്നും മറ്റ് പഠന റിപ്പോര്‍ട്ടുകളില്‍ നിന്നും രാമസേതുവിനെ കുറിച്ച് ലഭിച്ചിരിക്കുന്ന അറിവുകളില്‍ പലതും പരസ്പരവിരുദ്ധമാണെന്ന് ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ പ്രൊഫ. എസ്. സുദര്‍ശന്‍ റാവു ചൂണ്ടിക്കാട്ടുന്നു. വസ്തുതാപരമായ തെളിവുകളാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറയുന്നു. അതിനാലാണ് ഇങ്ങനൊരു പര്യവേക്ഷണം ആരംഭിക്കുന്നത്. പുരാവസ്തു വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഗവേഷക വിദ്യാര്‍ഥികളെയും അധ്യാപകരെയുമാണ് പഠനത്തിനായി നിയോഗിക്കുകയെന്നും റാവു വിശദീകരിച്ചു.

2002-ലെ നാസയുടെ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് രാമസേതു മനുഷ്യനിര്‍മിതമാണെന്ന വാദം ഉയര്‍ന്നിരുന്നു. അതേസമയം 2003-ല്‍ ഭാരതിദാസന്‍ സര്‍വകലാശാല, സെന്റര്‍ ഫോർ റിമോട്ട് സെന്‍സിങ് വിഭാഗത്തിന്റെ പഠനപ്രകാരം, രാമാനന്തപുരം-പാമ്പന്‍ ഭാഗത്തെ കടല്‍ത്തീരങ്ങളിലെ കാര്‍ബണ്‍ ഡേറ്റിങ് പഠനം രാമായണം നടന്ന കാലവുമായി യോജിക്കുന്നതായി ചൂണ്ടിക്കാട്ടി. ഇതിഹാസവുമായി രാമസേതുവിന് ബന്ധമുണ്ടോ എന്ന വസ്തുത പരിശോധിക്കണമെന്ന ആവശ്യം അന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. എസ്.എം. രാമസ്വാമി ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button