KeralaNews

ചാനലുകാര്‍ ലക്ഷ്യമിട്ടത് ശശീന്ദ്രന്‍ അടക്കമുള്ള മന്ത്രിമാരെ മാത്രമല്ല; ഐഎഎസ് ഉദ്യോഗസ്ഥരും ഹണിട്രാപ്പില്‍ കുടുങ്ങിയെന്നു സംശയം

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന ‘ഹണിട്രാപ്പില്‍’ മറ്റ് ഏതാനും മന്ത്രിമാരേയും ചില ഉന്നത ഉദ്യോഗസ്ഥരെയും കുടുക്കാന്‍ ഗൂഢാലോചന നടന്നതായി ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ചില ചാനല്‍ പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

മന്ത്രിമാരുടെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ കുടുക്കാന്‍ ഉന്നതതലഗൂഢാലോചന നടന്നെന്നും ചില ചാനല്‍ പ്രവര്‍ത്തകര്‍ ഇതിന് ചുക്കാന്‍ പിടിച്ചെന്നുമാണ് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം വൃത്തങ്ങള്‍ പറയുന്നത്. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച വിവാദഫോണ്‍ സംഭാഷണം ഇത്തരത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായുണ്ടായതാണെന്ന് കരുതുന്നതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ശശീന്ദ്രനെ കൂടാതെ രണ്ട് മന്ത്രിമാര്‍ കൂടി ഹണിട്രാപ്പില്‍ കുടങ്ങിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാത്രി സംഭാഷണം നടത്തിയ കൂടുതല്‍ ഉന്നതരുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇത് വൈകാതെ പുറത്തുവിടുമെന്നും ശശീന്ദ്രന്റെ വോയ്‌സ് ക്ലിപ്പ് പുറത്തുവിട്ട ചാനലിന്റെ ഉന്നതര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ ലോഞ്ച് ചെയ്ത ചാനലിന്റെ അണിയറക്കാര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയതായാണ് വിവരം.എന്നാലിക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ചാനിലിലെ പലരും പൊലീസ് നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.

അതേസമയം, ഇത്തരത്തിലുള്ള ‘കെണികള്‍ ‘ നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെയുണ്ടായിരുന്നു. എന്നാല്‍, അധികൃതര്‍ ഇക്കാര്യം ഗൗരവമായി കാണാത്തതാണ് പുതിയ വിവാദങ്ങള്‍ക്കാധാരമെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. മുന്‍ ചീഫ് സെക്രട്ടറിയെ ഇത്തരത്തില്‍ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ഒരു ഓണ്‍ലൈന്‍ പത്രം ശ്രമിച്ചതായും എന്നാല്‍ അവസാനനിമിഷം അദ്ദേഹം ഇതില്‍ നിന്ന് രക്ഷപെട്ടെന്നും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേതുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പ് നല്‍കിയത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫിന്റെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ സ്റ്റാഫുകളാരും ‘കെണികളില്‍’ പെടരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അഭ്യുദയകാംക്ഷികളുടെയും ആവലാതിക്കാരുടെയും രൂപത്തില്‍ വരുന്ന എല്ലാവരെയും വിശ്വസിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാനനിര്‍ദ്ദേശം.

ഇടനിലക്കാരെ സെക്രട്ടറിയേറ്റ് വരാന്തകളില്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, ശശീന്ദ്രന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യം വേണ്ട ഗൗരവത്തോടെയല്ല എടുത്തത്. ശശീന്ദ്രന്റെ പേരില്‍ പുറത്തുവന്ന വിവാദ ഫോണ്‍ സംഭാഷണം നടത്തിയെന്ന് കരുതുന്ന സ്ത്രീ അദ്ദേഹത്തിന്റെ ഓഫീസില്‍ പല തവണ വന്നിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മാറ്റങ്ങള്‍ മന്ത്രിമാരുടെ ഓഫീസില്‍ വരുത്തുന്നകാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button