Latest NewsNewsKarkkidakamDevotional

രാമായണ മാസത്തിന്‍റെ പുണ്യവുമായി നാലമ്പല ദര്‍ശനത്തിന് ഇന്ന് തുടക്കം

രാമായണ മാസത്തിന്‍റെ പുണ്യവുമായി നാലമ്പല ദര്‍ശനത്തിന് ഇന്ന് തുടക്കം. രാമായണ മാസമായ കര്‍ക്കിടകത്തില്‍ പ്രസിദ്ധമായി നടന്നു വരുന്നതാണ്‌ നാലമ്പല തീര്‍ത്ഥാടനയാത്ര. ശ്രീരാമ സഹോദരങ്ങളുടെ പ്രതിഷ്ഠയുള്ള തൃപ്രയാര്‍, ഇരിങ്ങാലക്കുട , മൂഴിക്കുളം ,പായമ്മല്‍ ക്ഷേത്രങ്ങളിലായാണ് നാലമ്പല ദര്‍ശനം നടക്കുന്നത്.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. നാലമ്പല ദർശനം പുണ്യമാണെന്നതുകൊണ്ടുതന്നെ ഓരോ വർഷവും നാലമ്പല ദര്‍ശനം നടത്തുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്‌.
തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുത ശേഷം ഉഷപൂജയ്ക്ക് മുമ്പ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരത ക്ഷേത്രത്തിലെത്തണം. തുടര്‍ന്ന് ഉച്ചയ്‍ക്ക് മുമ്പ് മൂഴിക്കുളത്തെ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രത്തിലും പായമ്മല്‍ ശത്രുഘ്‍ന ക്ഷേത്രത്തിലും ദര്‍ശനം പൂര്‍ത്തിയാക്കി തൃപ്രയാറില്‍ മടങ്ങിയെത്തുന്നതോടെ നാലമ്പല ദര്‍ശനം പൂര്‍ത്തിയാകും.
ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം.
മുക്കുവര്‍ ആ നാല് വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക് സമ്മാനിക്കുകയും അദ്ദേഹം അവയെ യഥാവിധി പ്രതിഷ്ഠിച്ച് ആരാധിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button