ശ്രീനഗര്‍: കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണം ലക്ഷ്യംവെച്ചത് ശ്രീനഗര്‍ വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്. സിആര്‍പിഎഫിന്റെയും ബിഎസ്‌എഫിന്റെയും സുരക്ഷയുള്ള ശ്രീനഗര്‍ വിമാനത്താവളത്തില്‍ കടക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭീകരുടെ സംഘം ബിഎസ്‌എഫ് കേന്ദ്രം ആക്രമിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്‌എഫ് 182 ബറ്റാലിയന്‍ ആസ്ഥാനത്ത് നടന്ന ചാവേര്‍ ഭീകരാക്രമണം വിമാനത്താവളത്തെ ലക്ഷ്യംവെച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. സിആര്‍പിഎഫ് സൈനികരുടെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ ആക്രമണത്തിനെത്തിയതെന്നാണ് സൂചന. വെടിവെപ്പിനൊപ്പം സുരക്ഷാസൈനികര്‍ക്കുനേരേ ഭീകരര്‍ ഗ്രനേഡുകളും എറിഞ്ഞു. തുടര്‍ന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ക്യാമ്പിനുള്ളില്‍ പ്രവേശിച്ചത്. ആദ്യത്തെ ഭീകരന്‍ കൊല്ലപ്പെട്ടതോടെ ബാക്കി രണ്ടുപേര്‍ രണ്ട് കെട്ടിടങ്ങളിലായി നിലയുറപ്പിക്കുകയും സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
പരസ്പരമുള്ള ഏറ്റുമുട്ടലിനൊടുവില്‍ ഇതില്‍ ഒരാളെക്കൂടി സൈന്യം വധിച്ചു. ഇതിനിടയില്‍ മറ്റെയാള്‍ സിആര്‍പിഎഫ് യൂണിഫോമില്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍നിന്ന് പുറത്തെത്തുകയും സൈനികനെന്ന വ്യാജേന ഏറ്റുമുട്ടല്‍ നടത്തുന്ന സൈനികര്‍ക്ക് സമീപത്തേയ്ക്കു വരികയും ചെയ്തു. ആദ്യഘട്ടത്തില്‍ തങ്ങള്‍ക്ക് സമീപത്തേയ്ക്ക് വരുന്നത് ഭീകരരില്‍ ഒരാളാണെന്ന് തിരിച്ചറിയാന്‍ സൈനികര്‍ക്ക് സാധിച്ചില്ല. സൈനികര്‍ക്ക് സമീപമെത്തിയ ഭീകരന്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം ഇയാളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ജെയ്ഷെ ഇ മുഹമ്മദിന്റെ അഫ്സല്‍ ഗുരു സ്ക്വാഡ് എന്ന വിഭാഗമാണ് ഇന്നലെ നടന്ന ആക്രമണത്തിനു പിന്നിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments