ദമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്ക്കസിലെ പോലിസ് ആസ്ഥാനത്തിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് ആക്രമികളടക്കം അഞ്ച് പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കുണ്ട്. സംഭവത്തെക്കുറിച്ചും എവിടെ നിന്ന് എങ്ങനെയാണ് അക്രമികള്‍ എത്തിയെന്നതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി ദമസ്കസ് പോലിസ് മേധാവി മുഹമ്മദ് ഖൈര്‍ ഇസ്മാഈല്‍ ഔദ്യോഗിക ടെലിവിഷനില്‍ അറിയിച്ചു. സ്ഥിതി നിന്ത്രണാധീനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ടെലഗ്രാം മെസേജിംഗ് ആപ്ലിക്കേഷന്‍ വഴി അയച്ച ഒരു സന്ദേശത്തില്‍ മൂന്ന് പോരാളികളെ അയച്ചത് തങ്ങളാണ് ഐ.എസ് അവകാശപ്പെട്ടു.
എന്നാല്‍ സാധാരണ ഇത്തരം സംഭവങ്ങളില്‍ അവകാശവാദവുമായി പ്രത്യക്ഷപ്പെടാറുള്ള ഐ.എസ്സിന്റെ അല്‍ അമാഖ് വെബ്സൈറ്റ് സംഭവം വിവരിക്കുന്നതല്ലാതെ ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെടുന്നില്ല. സിറിയയിലെ ഏറ്റവും പ്രധാനപ്പെട്ട പോലിസ് ആസ്ഥാനം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. എന്നാല്‍ പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് അവിടെ വച്ച് സ്ഫോടനം നടത്തുകയായിരുന്നു.
ദമസ്കസിലെ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെ പോലിസ് സ്റ്റേഷനു പുറത്താണ് അരയില്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചെത്തിയ രണ്ടു പേര്‍ സ്ഫോടനം നടത്തിയത്. മൂന്നാമത്തെയാള്‍ അതേ സ്ട്രീറ്റിലെ ഒതു തുണിക്കടയുടെ പ്രവേശന കവാടത്തില്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ മാസം പോലിസ് സ്റ്റേഷനു നേരെ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഒക്ടോബര്‍ രണ്ടിന് ദമസ്കസിലെ അല്‍ മിദാന്‍ ജില്ലയിലെ പോലിസ് സ്റ്റേഷനു നേരെയായിരുന്നു ആയുധധാരികള്‍ ആക്രമണം നടത്തിയത്.
Post Your Comments