പ്രമുഖ കമ്പനിയുടെ കാർ സർവീസ് സെന്ററിലെ തട്ടിപ്പ് വെളിച്ചത്തായി ; വീഡിയോ വൈറലാകുന്നു

ബംഗളുരു: പ്രമുഖ കമ്പനിയുടെ കാർ സർവീസ് സെന്ററിലെ തട്ടിപ്പ് വെളിച്ചത്തായി വീഡിയോ വൈറലാകുന്നു. ബംഗളൂരുവിലെ മാരുതി സുസുക്കി സര്‍വീസ് സെന്ററായ മാന്‍ഡോവി മോട്ടോഴ്സിലെ സർവീസ് തട്ടിപ്പ് ബാംഗ്ലൂർ സ്വദേശിയായ യുവാവാണ് കണ്ടു പിടിച്ചത്.

തന്റെ പുതിയ ബലേനൊ ആര്‍എസിന്റെ രണ്ടാമത്തെ ഫ്രീ സര്‍വീസിനാണ് യുവാവ്  സർവീസ് സെന്ററിൽ എത്തിയത്. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോള്‍ പെട്രോളിന്റെ മണം വരുന്നു എന്ന് പറഞ്ഞാണ് യുവാവ് കാർ സർവീസിന് നൽകിയത്. ഈ സമയം കാർ ഡാഷ്‌ബോർഡ് ക്യാമറ ഓണാക്കാനും യുവാവ് മറന്നില്ല. ശേഷം സർവീസ് കഴിഞ്ഞു തിരികെ ലഭിച്ച കാറിലെ വീഡിയോ പരിശോധിച്ച യുവാവ് ശരിക്കും ഞെട്ടി.

വെറുതെ കഴുകിയതിനു ശേഷം സര്‍വീസ് നടത്തിയെന്നു കള്ളം പറഞ്ഞു തിരിച്ചു നല്‍കിയതല്ലാതെ രണ്ടാം സര്‍വീസില്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും വര്‍ക്ക്ഷോപ്പില്‍ ചെയ്തില്ലെന്നും ഓയില്‍ മാറ്റുകയോ പരിശോധിക്കുകയോ പോലും ചെയ്തില്ലെന്നു വീഡിയോയിൽ നിന്നും വ്യക്തമായി. സര്‍വ്വീസ് സെന്ററിലെ യുവാക്കള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് എസി പ്രവര്‍ത്തിപ്പിച്ച്‌ അതിനകത്തിരുന്നു ഭക്ഷണം കഴിച്ചെന്നും സർവീസിന് നൽകാൻ നേരം പറഞ്ഞ കാര്യം പോലും അവർ പരിശോധിച്ചില്ലെന്നും ഉടമ പറയുന്നു.

അടുത്ത ദിവസം തന്നെ സർവീസുമായി ബന്ധപ്പെട്ട് സെന്ററിലെ മാനേജറുമായി സംസാരിച്ചെങ്കിലും തണുത്ത പ്രതികരണമാണു ലഭിച്ചത്. ഇതിനെ തുടർന്നാണ് 30 മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തത്‌. വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ സര്‍വീസ് സെന്ററിലെ മാനേജരും മാരുതി നെക്സയുടെ മേധാവികളും വിളിച്ച് ക്ഷമ ചോദിച്ചു. പിന്നീട് വാഹനം വീട്ടില്‍ വന്നു പരിശോധിച്ചെന്നും വിഡിയോ മാറ്റണമെന്ന് കമ്പനി നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും യുവാവ് പറയുന്നു.

മാരുതിയുടെ വാഹനങ്ങളെയും സര്‍വീസിനെയും മോശമായി ചിത്രികരിക്കാന്‍ വേണ്ടിയല്ല വീഡിയോ അപ്ലോഡ് ചെയ്തത്.  എല്ലാ വാഹന സര്‍വീസ് സെന്ററുകളും ഉപഭോക്താക്കളോടു നീതിപൂര്‍വ്വം പെരുമാറണമെന്ന് പറയാനാണ് ശ്രമിച്ചതെന്നും. ഉപഭോക്താക്കള്‍ക്ക് ഇതൊരു മുന്നറിയപ്പാകട്ടെ എന്നും യുവാവു പറയുന്നു.