ഐഫോണ്‍ 8നേക്കാള്‍ മികച്ചത് പഴയ സാംസങ് ഫോണുകള്‍

ഐഫോണ്‍ 8നേക്കാള്‍ മികച്ചത് പഴയ സാംസങ് ഫോണുകള്‍. ഒരു അമേരിക്കന്‍ ടെക് മാഗസിന്‍ ഐഫോണ്‍ 8നേക്കാള്‍ മികച്ചതാണ് പഴയ മൂന്ന് സാംസങ് ഫോണുകളെന്ന് വിലയിരുത്തിയിരിക്കുന്നത്. മുന്‍കാല ഐഫോണുകളെ അപേക്ഷിച്ച് ആപ്പിളിന്റെ ഐഫോണ്‍ 8ന് വിപണിയില്‍ വലിയ പ്രതികരണം സൃഷ്ടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കയ്യടക്കിയിരിക്കുന്നത് കഴിഞ്ഞ മാര്‍ച്ചില്‍ സാംസങ് പുറത്തിറക്കിയ ഗാലക്‌സി എസ്8, ഗാലക്‌സി 8പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ്. നാലാമതും അഞ്ചാമതുമാണ് സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 8ഉം ഐഫോണ്‍ 8പ്ലസും. ഒന്നര വര്‍ഷം മുൻപ് പുറത്തിറങ്ങിയ സാംസങിന്റെ ഗാലക്‌സി എസ് 7നാണ് മൂന്നാം സ്ഥാനം.

കഴിഞ്ഞ ഓഗസ്റ്റില്‍ സാംസങ് പുറത്തിറക്കിയ ഗാലക്‌സി നോട്ട് 8 പട്ടികയില്‍ ഐഫോണുകള്‍ക്കും പുറകില്‍ ആറാമതാണ്. സാംസങ്ങിന്റെ തന്നെ പുതിയ ഫോണുകള്‍ക്ക് പഴയവയോട് കിടപിടിക്കാനാകില്ലെന്ന മോശം സന്ദേശമാണ് ഇതിലൂടെ കിട്ടുന്നത്.