KeralaLatest NewsNews

മീസില്‍സ് – റൂബെല്ല വാക്‌സിന്‍ : മതനേതാക്കളുടെ സഹായം തേടി ആരോഗ്യവകുപ്പ്

 

കോഴിക്കോട്: മീസില്‍സ് – റൂബെല്ല പ്രതിരോധ കുത്തിവയ്പ്പിനെ എതിര്‍ത്ത് മലബാറില്‍ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് മുസ്ലിം പള്ളി കമ്മിറ്റികളുടെയും മദ്രസ അധ്യാപകരുടെയും സഹായം തേടുന്നു.
മതസംഘടനാ നേതാക്കളുമായി ആരോഗ്യ വകുപ്പ് അധികൃതര്‍ ബന്ധപ്പെട്ടു വരികയാണ്. കുത്തിവയ്പ്പ് അവസാനിക്കുന്ന ഈ മാസം 18-ന് മുമ്പ് പരമാവധി കുട്ടികളെ ഇതിനു വിധേയമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഒക്ടോബര്‍ മൂന്നിനാണ് എം.ആര്‍. വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചത്.

കോഴിക്കോട് ജില്ലയില്‍ വളയം, കുറ്റ്യാടി, നാദാപുരം, ചെറൂപ്പ, ഒളവണ്ണ, കൊയിലാണ്ടി, ചെറുവാടി, വടകര, ചെറുവണ്ണൂര്‍, പേരാമ്പ്ര എന്നീ മേഖലകളിലാണു കുത്തിവയ്പ്പിനു വിധേയരാക്കാത്ത കൂടുതല്‍ കുട്ടികള്‍ ഉള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അംഗന്‍വാടികളും കേന്ദ്രീകരിച്ച് ബോധല്‍കരണ ക്ലാസുകള്‍ നടത്തുകയും പലതവണ സ്‌കൂളുകള്‍ വഴി ബന്ധപ്പെടുകയും ചെയ്‌തെങ്കിലും അനുകൂല പ്രതികരണം രക്ഷിതാക്കളില്‍നിന്നു ലഭിക്കാത്ത അവസ്ഥയാണുള്ളത്.

കോഴിക്കോട്ടെ ഒമ്പത് സ്‌കൂളുകളില്‍ ആരും കുത്തിവയ്പ്പിനെത്തിയില്ല. 21 സ്‌കൂളുകളില്‍ പത്തു ശതമാനത്തിനു താഴെയാണ് കുത്തിവയ്പ്പ് എടുത്തത്.
ഈ സാഹചര്യത്തിലാണ് മതസംഘടനാ മേധാവികളുമായി അധികൃതര്‍ ബന്ധപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button