KeralaLatest NewsNews

കോമരമായി മാറി തുള്ളി പറയുന്ന കാര്യങ്ങള്‍ സൂപ്പര്‍ നാച്വറല്‍ പവറല്ല… ഇതൊന്നും ദൈവങ്ങളോ പ്രേതങ്ങളോ അല്ല… ഇത് ഭക്തിയുടെ മറവിലുള്ള ക്വട്ടേഷന്‍ ..ഇതിനു പുറകെ പായുന്നവര്‍ ദയവായി ഈ കാര്യങ്ങള്‍ മനസിലാക്കൂ… വൈറലായി ഡോക്ടറുടെ കുറിപ്പ്

പ്രേതത്തെയും, ഈശ്വരമാരെയും ദേഹത്ത് കയറ്റി മനുഷ്യന് ഇങ്ങനെ തന്‍ കാര്യങ്ങളും നടത്താവുന്നതാണ്

കോമരമായി മാറി തുള്ളി പറയുന്ന കാര്യങ്ങള്‍ സൂപ്പര്‍ നാച്വറല്‍ പവറല്ല… ഇതൊന്നും ദൈവങ്ങളോ പ്രേതങ്ങളോ അല്ല… ഇതിനു പുറകെ പായുന്നവര്‍ ദയവായി ഈ കാര്യങ്ങള്‍ മനസിലാക്കൂ… വൈറലായി ഡോക്ടറുടെ കുറിപ്പ്. കോമരം കല്‍പ്പന പുറപ്പെടുവിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ വീട്ടമ്മയുടെ സംഭവം ആസ്പദമാക്കിയാണ് ഡോ.സി.ജെ.ജോണ്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ യുവതിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം തുള്ളി പറയുകയും തുടര്‍ന്ന് യുവതി ജീവനൊടുക്കുകയുമായിരുന്നു. തൃശൂര്‍ മണലൂരിലായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു അന്വേഷണം തുടങ്ങി. രണ്ടു കുട്ടികളുടെ അമ്മയായ 32 വയസ്സുകാരി ശ്യാംഭവിയാണ് ഒരാഴ്ച മുന്‍പ് ജീവനൊടുക്കിയത്.

സുഹൃത്തിന്റെ പ്രേരണയാല്‍ കോമരം യുവതിയ്ക്ക് മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുകയായിരുന്നു. ഈ വിഷയം സംബന്ധിച്ച് ഡോ. സി ജെ ജോണ്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.

Read also : യുവതി ജീവനൊടുക്കിയ സംഭവം, സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം തുള്ളിപറഞ്ഞതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന : യുവതിയുടെ അമ്മാവന്റെ മകനെതിരെ കൂടുതല്‍ തെളിവുകള്‍

ഡോ. സി ജെ ജോണ്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

കോമരമായി മാറി ഒരു സ്ത്രീയെ കുറിച്ച് ചൊല്ലിയ വെളിപാടുകള്‍ അവരുടെ ആത്മഹത്യയ്ക്ക് കാരണമായിയെന്ന കുറ്റം ചാര്‍ത്തി ഒരു വ്യക്തിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത വായിച്ചു. ആവേശിച്ച സൂപ്പര്‍ നാച്യുറല്‍ കക്ഷിയെ അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ലാത്തത് കൊണ്ട് അതിനു കയറാനും ഈ വിടുവായത്തം വിളമ്ബാനും അവസരമുണ്ടാക്കിയ ഉടലിന് പൊലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നു.

വിശ്വാസത്തിലധിഷ്ഠിതമായ ഒരു പ്രകടനത്തിലൂടെ കോമരം പറഞ്ഞ കാര്യത്തിന് ആ വ്യക്തിക്ക് ഉത്തരവാദിത്തം ഉണ്ടോയെന്ന സംഗതി കോടതി എങ്ങനെ കാണും എന്ന് നോക്കാം. ബാധകയറ്റം മനഃശാസ്ത്രപരമായ ഒരു പ്രതിഭാസമാണ്. പ്രതിസന്ധികള്‍ ഉണ്ടാകുമ്‌ബോള്‍ ചില ദുര്‍ബലമനസ്‌കര്‍ സ്വയം അറിയാതെ പ്രേതം ആവേശിച്ചതു പോലെയാകും. മണിചിത്രത്താഴിലെ നാഗവല്ലി അതിന്റെ കാല്‍പ്പനിക രൂപമാണ്. ഒരു സംഭവ കഥ ഇങ്ങനെ;

ഒരു യുവതിക്ക് അമ്മായിയമ്മയുമായി വലിയ പ്രശ്‌നം. ഭര്‍ത്താവിന് അമ്മയോടുള്ള വിധേയത്വം മൂലം അവള്‍ക്ക് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥ. അമ്മായിയമ്മ അവസരം മുതലെടുത്തു മരുമകളെ വല്ലാതെ കഷ്ടപ്പെടുത്താന്‍ തുടങ്ങി. അമ്മയ്ക്ക് ആകെ പേടിയുള്ളത് ഭൂതപ്രേതാദികളെ മാത്രം. സഹനത്തിന്റെ നെല്ലിപ്പലക തകര്‍ന്ന വേളയില്‍, യുവതി ആ പ്രദേശത്തു തൂങ്ങി മരിച്ച ഒരു പെണ്ണിന്റെ പേരു ചൊല്ലി നാഗവല്ലി സ്‌റ്റൈലില്‍ തുള്ളി.

അമ്മായിയമ്മയ്ക്ക് നല്ല തല്ലും കൊടുത്തു. പിന്നെ ഒരു ബോധം കെടല്‍ നടത്തി. കണ്ണ് തെളിഞ്ഞപ്പോള്‍ ഞാനെന്താ ചെയ്തതെന്ന മതിഭ്രമം. ബാധ ഒഴിപ്പിക്കാനുള്ള കര്‍മ്മങ്ങള്‍ ചെയ്തു. കൂട്ടത്തില്‍ ഒരു മാനസികാരോഗ്യ പരിശോധനക്കായി കൊണ്ട് വരുകയും ചെയ്തു. ഒക്കെ ഒരു നാടകമായിരുന്നുവെന്നും, അത് കൊണ്ട് അമ്മായിയമ്മയുടെ പീഡിപ്പിക്കല്‍ ബാധയ്ക്ക് മയം വന്നുവെന്നും അവള്‍ തുറന്നുപറഞ്ഞു.

പ്രേതത്തെയും, ഈശ്വരമാരെയും ദേഹത്ത് കയറ്റി മനുഷ്യന് ഇങ്ങനെ തന്‍ കാര്യങ്ങളും നടത്താവുന്നതാണ്. വിദ്യാഭ്യാസ നിലവാരം കൂടിയതോടെ മാനസിക പിരിമുറുക്കങ്ങളുടെ ഫലമായി പ്രേതബാധ കാട്ടുന്നവരുടെ തോത് വളരെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭക്തിയുടെ ഭാഗമായുള്ള തുള്ളലുകളും തള്ളലുകളും എല്ലാ മതവിഭാഗങ്ങളിലും കൂടുകയാണ്. ആരെയെങ്കിലും ദ്രോഹിക്കുന്ന കൊട്ടേഷന്‍ എടുക്കില്ലെന്ന നൈതീകത നല്ലതാണ്. ഇതൊക്കെ മനുഷ്യരാണ് ചെയ്യുന്നതെന്ന് പൊതുജനവും ഓര്‍ത്താല്‍ കൊള്ളാം. പാവം ദൈവങ്ങളും പ്രേതഭൂതാദികളും വെറും മാപ്പ് സാക്ഷികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button