ErnakulamKeralaNattuvarthaLatest NewsNews

മുട്ടുകാല്‍ നിലത്ത് മുട്ടിയ നിലയിൽ മൃതദേഹം, മുറിയിൽ മയക്കുമരുന്ന്: നേഹയുടെ മരണത്തിന് പിന്നില്‍ സിദ്ധാര്‍ത്ഥ് നായരോ?

നേഹയുടെയും സിദ്ധാര്‍ത്ഥിന്റെയും മുറിയില്‍ പുറത്ത് നിന്നും നിരവധി പേര്‍ എത്തുമായിരുന്നു.

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയും വ്ളോഗറുമായ നേഹാ നിഥിനെ(27) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍ ദുരൂഹത. ആറുമാസം മുന്‍പാണ് പോണേക്കര ജവാന്‍ ക്രോസ് റോഡിലുള്ള മെര്‍മെയ്‌ഡ് അപ്പാര്‍ട്ട്മെന്റില്‍ കാസര്‍കോട് സ്വദേശി സിദ്ധാര്‍ത്ഥ് നായരും നേഹയും താമസിക്കാൻ എത്തിയത്. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർ ആണെന്നും ദമ്പതികളാണെന്നും ഇവർ അയൽവാസികളെ ധരിപ്പിച്ചിരുന്നു.

ഫാനില്‍ ഷാളുപയോഗിച്ച്‌ കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന രീതിയിലാണ് നേഹയുടെ മൃതദേഹം കണ്ടെത്തിയത്. മുട്ടുകാല്‍ നിലത്ത് മുട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നതും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് സനൂജിന്റെ പെരുമാറ്റ രീതിയും മുറിയിലും കാറിലും നിന്നും മയക്കുമരുന്ന് കണ്ടെത്തിയതും സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. കൂടാതെ, നേഹയുടെ മരണവിവരം അറിഞ്ഞതിനു പിന്നാലെ സിദ്ധാര്‍ത്ഥ് നായർ ഒളിവിൽ പോയതും സംശയങ്ങൾ ഉയർത്തുന്നുണ്ട്.

read also: ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റഷ്യ: അനുശോചനം അറിയിച്ച് റഷ്യൻ അംബാസിഡർ

കഴിഞ്ഞ വെള്ളിയാഴ്ച സിദ്ധാര്‍ത്ഥ് നേഹയുമായി വഴക്കിട്ട് കാസര്‍കോട്ടേക്ക് പോയിരുന്നു. നേഹയ്ക്ക് കൂട്ടായി സുഹൃത്ത് മുഹമ്മദ് സനൂജിനെ ഇവിടെ നിർത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാന്‍ സനൂജ് പുറത്ത് പോയി വന്നപ്പോഴാണ് നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ബഹളം വെച്ച്‌ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ എളമക്കര പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കാക്കനാട് ഐ.ടി കമ്പനിയിലാണ് ജോലിയെന്നാണ് സിദ്ധാർഥ് പറഞ്ഞിരുന്നത്. എന്നാൽ, ഈ വിവരം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ഇത് കൂടാതെ, നേഹയുടെ മരണവിവരം അയൽവാസികളെ അറിയിച്ച സനൂജിന്റെ പെരുമാറ്റം സംശയമുളവാക്കുന്നതാണ് എന്നും ചിലർ പറയുന്നു. കണ്ണില്‍ നിന്നും ഒരിറ്റു കണ്ണുനീര്‍ പോലും വരാതെ മറ്റുള്ളവരെ കാണിക്കാനായി ഉച്ചത്തില്‍ കരയുകയായിരുന്നു. ഇതെല്ലാം നേഹയുടെ മരണത്തില്‍ സംശയമുളവാക്കുന്നുണ്ട്. കൂടാതെ, ആത്മഹത്യ ചെയ്ത ദിവസം നേഹയെ കാണാനെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ സലാമില്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തതും സംശയത്തിന് ആക്കം കൂട്ടുന്നു.

നേഹയുടെയും സിദ്ധാര്‍ത്ഥിന്റെയും മുറിയില്‍ പുറത്ത് നിന്നും നിരവധി പേര്‍ എത്തുമായിരുന്നു. ഇത് ചോദ്യം ചെയ്ത അയല്‍വാസികളോട് രാത്രിയില്‍ വിദേശ കമ്പനികള്‍ക്ക് വേണ്ടി മുറിയിലിരുന്ന് ജോലി ചെയ്യാനെത്തുന്നവരാണെന്നാണ് ഇവർ പറഞ്ഞിരുന്നത്. എന്നാല്‍, വന്നിരുന്നത് മയക്കുമരുന്ന് മാഫിയാ സംഘങ്ങളായിരുന്നു എന്നാണു സൂചന. നേഹയുടെ മരണം നടന്ന ദിവസം പൊലീസ് എത്തുന്നതിന് തൊട്ടു മുന്‍പ് അബ്ദുള്‍സലാം എന്നയാൾ കാറില്‍ അവിടെയെത്തിയിരുന്നു. മുറിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ അയല്‍ക്കാര്‍ തടഞ്ഞു. മൃതദേഹം അഴിച്ചു താഴെയിറക്കി ശേഷം പൊലീസ് കാര്യങ്ങൾ തിരക്കുന്നതിനിടയിൽ, അബ്ദുള്‍ സലാമിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി കാര്‍ പരിശോധിക്കുകയും എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

നേഹയുടെ മുറി പരിശോധിച്ചപ്പോള്‍ അവിടെ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു. സിദ്ധാര്‍ത്ഥിനെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ട് നേഹയുടെ മരണവിവരം പറയുകയും എത്രയും വേഗം എറണാകുളത്തേക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇയാളെക്കുറിച്ച്‌ യാതൊരു വിവരവുമില്ല. കണ്ണൂരിലുള്ള നേഹയുടെ ബന്ധുക്കളെ പോലീസ് ബന്ധപ്പെടുകയും മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു. നേഹ എട്ടുവർഷത്തിനു മുൻപ് വിവാഹിതയായ സ്ത്രീയാണ്. എന്നാൽ, ഭർത്താവുമായി കഴിഞ്ഞ ഒരുവർഷമായി അകന്നു കഴിയുകയാണ്. നേഹയുടെ മരണത്തിന് പിന്നില്‍ കാസര്‍കോട് സ്വദേശിയായ സിദ്ധാര്‍ത്ഥ് നായരാണെന്നു യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button