KeralaLatest NewsNews

കല്യാണതണ്ട് മാലിന്യമുക്തമാക്കി: കട്ടപ്പനയില്‍ സ്വച്ഛ് അമൃത് മഹോത്സവ്

ഇടുക്കി: ശുചിത്വ മിഷനും സ്വച്ഛ് ഭാരത് മിഷനും (നഗരം) ചേര്‍ന്ന് മാലിന്യമുക്ത നഗരങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സ്വച്ഛ് അമൃത് മഹോത്സവിന്റെ കട്ടപ്പന നഗരസഭാതല ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി കല്യാണതണ്ട് മലമുകളിലാണ് ആരംഭിച്ചത്.

‘വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി ഭാരത സര്‍ക്കാര്‍ നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷന്‍’. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത ബീച്ച്, മലയോര കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെയാണ് സ്വച്ഛ് അമൃത് മഹോത്സവ് നടപ്പിലാക്കുന്നത്.

കട്ടപ്പന നഗരസഭയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി നഗരസഭ അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, എ.ഡി.എസ്, സി.ഡി.എസ് പ്രതിനിധികള്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍.സി.സി, എന്‍.എസ്.എസ് എന്നിവരെ ഉള്‍പ്പെടുത്തി കട്ടപ്പന ബ്ലാസ്റ്റേഴ്‌സ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ക്ലബിന്റെ നേതൃത്വത്തില്‍ ബോധവത്കരണ റാലിയോടെയാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. ഫ്ളാഷ് മോബും നിശ്ചല ദൃശ്യവും പരിപാടിയുടെ ഭാഗമായി നടത്തി.

കല്യാണതണ്ട് മലമുകളിലെ മാലിന്യങ്ങള്‍ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. നഗരസഭയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇത്തരത്തില്‍ ശുചീകരിക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഏലിയാമ്മ കുര്യാക്കോസ്, നഗരസഭാ അംഗങ്ങളായ സിജു ചക്കുമൂട്ടില്‍, ഐബി മോള്‍, പ്രശാന്ത് രാജു, ബെന്നി കുര്യന്‍, നഗരസഭ സൂപ്രണ്ട് ഗിരിജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button