Latest NewsKeralaNews

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമില്ല; ദേവസ്വം ബോർഡ് അസിസ്റ്റന്‍റ് കമ്മീഷണറെ ഉപരോധിച്ച് ഹിന്ദു ഐക്യവേദി

തിരുവനന്തപുരം:  ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമില്ലെന്ന് ആരോപിച്ച് നെയ്യാറ്റിൻകരയിൽ ദേവസ്വം ബോർഡ് അസിസ്റ്റന്‍റ് കമ്മീഷണറെ ഉപരോധിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകര്‍. കൊവിഡിന് മുമ്പ് വരെ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന ഇടത്താവളങ്ങള്‍ ഇത്തവണ ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാര്‍ ഏറെ ബുദ്ധിമുട്ടുന്നുവെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

കൊവിഡ് കാലത്തിന് മുമ്പ് പാറശ്ശാല മഹാദേവർ ക്ഷേത്രം, കൊറ്റാമം അയ്യപ്പക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളം ക്രമീകരിച്ചിരുന്നു. ഇതോടൊപ്പം തമിഴ്നാട്, ആന്ദ്ര, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങൾക്ക് തങ്ങുന്നതിനും വിശ്രമിക്കുന്നതിനും വേണ്ടിയുള്ള ക്രമികരണങ്ങളുമുണ്ടായിരുന്നു. എന്നാൽ ,ഇത്തവണത്തെ മണ്ഡലകാലo തുടങ്ങിയത് മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം അയ്യപ്പൻമാർ കളിയിക്കാവിള അതിർത്തി വഴി ശബരിമലയിലേക്ക് പോകുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പത്ത് ദിവസത്തോളം യാത്ര ചെയ്താണ് കേരളത്തിലേക്ക് അയ്യപ്പൻമാർ എത്തുന്നത്. എന്നാല്‍, അവര്‍ക്ക് വിശ്രമിക്കാനോ മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. നിലവിൽ പെട്രോൾ പമ്പുകൾ, റോഡരികിലെ മൈതാനങ്ങൾ ഇവിടെയാണ് അയ്യപ്പഭക്തർ തങ്ങുന്നത്. നിലവിലെ ഇടത്താവളങ്ങൾ എവിടെയാണ് എന്ന സൂചനാ ബോർഡ് പോലും വച്ചിട്ടില്ലെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. പഴയ ഇടത്താവളങ്ങള്‍ പുനഃക്രമീകരിക്കാന്‍ വേണ്ട നടപടി രണ്ട് ദിവസത്തിനകം ചെയ്യുമെന്ന് ദേവസ്വം അസി: കമ്മീഷണർ ദിലീപ് കുമാർ ഉറപ്പ് നൽകി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അഡ്വ. മോഹൻകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ഉപരോധം സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button