Latest NewsNewsIndia

മദ്യപാനികള്‍ക്ക് പെണ്‍മക്കളെ വിവാഹം ചെയ്തു നല്‍കരുത്, മകന്റെ അനുഭവം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി

ഡല്‍ഹി: മദ്യപാനികള്‍ക്ക് പെണ്‍മക്കളെ വിവാഹം ചെയ്തു നല്‍കരുതെന്ന് കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍. ഒരു റിക്ഷാവണ്ടി വലിക്കുന്ന വ്യക്തിയേയോ കൂലിപ്പണിക്കാരെയോ വില കുറച്ചു കാണരുത്. എന്നാല്‍ മദ്യപാനികളെ കൊണ്ട് ഒരിക്കലും പെണ്‍മക്കളെയും സഹോദരിമാരെയും വിവാഹം കഴിപ്പിക്കരുത്. എംപിയെന്ന നിലയില്‍ തനിക്കും എംഎല്‍എ എന്ന നിലയില്‍ ഭാര്യയ്ക്കും തങ്ങളുടെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല, പിന്നെയെങ്ങനെയാണ് സാധരാണക്കാര്‍ക്ക് മദ്യപാനികളെ രക്ഷിക്കാന്‍ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു. തന്റെ കുടുംബത്തിന് സംഭവിച്ച ദുരന്തം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ലംഭുവ നിയമസഭാ മണ്ഡലത്തില്‍ ഡി-അഡിക്ഷനെക്കുറിച്ചുള്ള പരിപാടിയില്‍ കൗശല്‍ കിഷോര്‍ സംസാരിച്ചത്.

Read Also: എൻഡിടിവി: പ്രണോയി റോയിയും രാധികാ റോയിയും ഓഹരികൾ വിൽക്കാൻ സാധ്യത

‘എന്റെ മകന്‍ ആകാശ് കിഷോറിന് അവന്റെ സുഹൃത്തുക്കളോടൊപ്പം മദ്യം കഴിക്കുന്ന ശീലമുണ്ടായിരുന്നു. അവനെ ഡീ-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ആ ദുശ്ശീലം ഉപേക്ഷിക്കുമെന്ന് കരുതി. ആറ് മാസത്തിന് ശേഷം അവന്‍ വിവാഹിതനായി. എന്നാല്‍, വിവാഹത്തിന് ശേഷം കിഷോര്‍ വീണ്ടും മദ്യപിക്കാന്‍ തുടങ്ങി. അത് ഒടുവില്‍ അവന്റെ മരണത്തിലേക്ക് നയിച്ചു. രണ്ട് വര്‍ഷം മുമ്പ്, ഒക്ടോബര്‍ 19 ന് ആകാശ് മരിക്കുമ്പോള്‍, അവന്റെ മകന് രണ്ട് വയസ്സ് മാത്രമാണ് പ്രായം’, അദ്ദേഹം പറഞ്ഞു.

‘മരുമകള്‍ വിധവയായത് എന്റെ മകന്റെ മദ്യപാനം മൂലമാണ്. അതിനാല്‍ മദ്യപാനികള്‍ക്ക് നമ്മുടെ പെണ്‍മക്കളെയും സഹോദരിമാരെയും വിട്ടു നല്‍കരുത്. സ്വാതന്ത്ര്യ സമരത്തില്‍ 6.32 ലക്ഷം പേര്‍ ബ്രിട്ടീഷുകാരോട് പോരാടി ജീവന്‍ ബലിയര്‍പ്പിച്ചു. അതേസമയം, മദ്യപാനം മൂലം ഓരോ വര്‍ഷവും 20 ലക്ഷം ആളുകള്‍ മരിക്കുന്നു. ക്യാന്‍സര്‍ മരണങ്ങളില്‍ 80 ശതമാനവും പുകയില, സിഗരറ്റ്, ബീഡി എന്നിവയുടെ ഉപയോഗം മൂലമാണ്, കൗശല്‍ കിഷോര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button