സംസ്ഥാനത്തെ സർവകലാശാല, കോളേജ് ക്യാമ്പസുകളെ ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളാക്കി മാറ്റും. പരിസ്ഥിതി ദിനമായ ജൂൺ 5നാണ് സീറോ വേസ്റ്റ് ക്യാമ്പസിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തുക. ഇത് സംബന്ധിച്ച വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു
അറിയിച്ചു. പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ആയിരം വിദ്യാർത്ഥികൾ ചേർന്ന് തിരുവനന്തപുരം നഗരം ശുചീകരിക്കുന്നതാണ്.
ജൂൺ അഞ്ചിന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് മന്ത്രി ആർ.ബിന്ദു സീറോ വേസ്റ്റ് ക്യാമ്പസ് പ്രഖ്യാപനം നടത്തുക. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും. തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്. എൻസിസി, എൻഎസ്എസ്, കോളേജുകളിലെ മറ്റു ക്ലബ്ബുകൾ എന്നിവ ഏകോപിപ്പിച്ചാണ് സീറോ വേസ്റ്റ് ക്യാമ്പസ് പദ്ധതി യാഥാർത്ഥ്യമാക്കുക. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്.
അധ്യാപക-അനധ്യാപക- വിദ്യാർത്ഥി പങ്കാളിത്തത്തോടെ ക്യാമ്പസുകളിൽ നിന്ന് സമ്പൂർണ്ണമായും മാലിന്യം നീക്കം ചെയ്യും. കൂടാതെ, വിദ്യാർത്ഥികളെ തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വ അംബാസഡർമാരായി നിയമിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ചെടുക്കാൻ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രോത്സാഹനവും, അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതാണ്.
Post Your Comments