Life Style

മഴക്കാലത്തെ അടുക്കള ശുചീകരണം എങ്ങിനെ?

മഴക്കാലമാകുന്നതോടെ രോഗങ്ങളും ഏറെ സജീവമാകും. പ്രധാനമായും ശുചിത്വവുമായി ബന്ധപ്പെട്ട് നമുക്ക് സംഭവിക്കുന്ന പിഴവുകളോ അശ്രദ്ധയോ തന്നെയാണ് മഴക്കാല രോഗങ്ങളും വര്‍ധിപ്പിക്കുന്നത്. നനവും ഈര്‍പ്പവുമെല്ലാം തുടരുന്ന അന്തരീക്ഷത്തില്‍ രോഗകാരികളായ സൂക്ഷ്മജീവികള്‍ക്ക് അതിജീവിക്കാനും പെരുകാനുമെല്ലാം എളുപ്പത്തില്‍ കഴിയുന്നു.

Read Also: എല്ലാ പുരുഷന്മാരും ഈ അഞ്ച് മെഡിക്കല്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമായും ചെയ്യണം, മരണത്തില്‍ നിന്നും ഒരു പരിധി വരെ രക്ഷ നേടാം

അതുപോലെ തന്നെ മാലിന്യങ്ങള്‍ വെള്ളത്തിലേക്ക് ഒഴുകിയെത്തുകയും വെള്ളത്തിലൂടെ പകരുന്ന രോഗാണുക്കള്‍ വ്യാപകമാവുകയും ചെയ്യുന്നതും, കൊതുകുകളുടെ ആക്രമണം പെരുകുന്നതുമെല്ലാം മഴക്കാലരോഗങ്ങള്‍ വര്‍ധിപ്പിക്കുന്നു.

എന്തായാലും വീടുകളില്‍ വച്ച് രോഗബാധയുണ്ടാകാതിരിക്കാന്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയും. ഇത്തരത്തില്‍ മഴക്കാലത്ത് നമ്മുടെ അടുക്കളകള്‍ വഴി രോഗങ്ങളെത്താതിരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

മഴക്കാലത്ത് എപ്പോഴും അടുക്കള നല്ലരീതിയില്‍ വൃത്തിയാക്കി വെള്ളം അധികം ഇരിക്കാത്ത രീതിയില്‍ സൂക്ഷിക്കണം. അടുക്കളയിലെ എല്ലാ മുക്കും മൂലയും ഇത്തരത്തില്‍ വൃത്തിയാക്കി വയ്ക്കണം. കാരണം മഴക്കാലത്ത് രോഗബാധയ്ക്ക് ഇത്തരം ഏരിയകള്‍ ഏറെ അനുകൂലമാണ്. അടുക്കളയിലെ ഷെല്‍ഫുകളും മറ്റും ഇക്കൂട്ടത്തില്‍ കൃത്യമായി വൃത്തിയാക്കണം.

ബാക്കിയായ ഭക്ഷണങ്ങള്‍ അപ്പപ്പോള്‍ വേസ്റ്റ് ബിന്നിലേക്ക് മാറ്റണം. അത് നല്ലതുപോലെ അടച്ചുവയ്ക്കണം. ബിന്‍ നിശ്ചിതസമയത്തിനകം ഒഴിവാക്കി വൃത്തിയാക്കുകയും വേണം.

അതുപോലെ പഴയ പാത്രങ്ങളോ, വൃത്തിയാക്കാത്ത സഞ്ചികളോ എല്ലാം അടുക്കളയിലോ വര്‍ക്ക് ഏരിയയിലോ എല്ലാം വെറുതെ നനഞ്ഞ് കിടക്കുന്നത് നന്നല്ല. ഇതെല്ലാം ഒഴിവാക്കേണ്ടതാണ്. പാറ്റ, ഉറുമ്പ് പോലുള്ള ജീവികളെ ഒഴിവാക്കാന്‍ വേണ്ട മുന്നൊരുക്കങ്ങളും നടത്തുക.

രണ്ട്…

അടുക്കളയില്‍ നല്ലതുപോലെ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ മഴക്കാലത്ത് അടുക്കളയില്‍ നനവും ഈര്‍പ്പവും ഉണങ്ങാതെ കിടക്കും. ഇത് രോഗങ്ങളിലേക്കുള്ള സാധ്യത കൂട്ടും. എക്‌സ്‌ഹോസ്റ്റ് ഫാന്‍, ജനാലകള്‍ എല്ലാം അടുക്കളയിലെ വായുസഞ്ചാരത്തിന് ഉപകരിക്കും.

മൂന്ന്…

അടുക്കളയില്‍ പാചകത്തിനായി ഉപയോഗിക്കുന്ന വിവിധ മസാലപ്പൊടികളും മറ്റ് കൂട്ടുകളുമൊന്നും നനവെത്താതെ സൂക്ഷിക്കണം. കാരണം ഇവയില്‍ നനവ് കയറിയാല്‍ പൂപ്പല്‍ വരാം. ഇതറിയാതെ നാം ഇവ വീണ്ടും ഉപയോഗിച്ചാലും അത് രോഗങ്ങളിലേക്ക് നയിക്കാം. പാചകത്തിനുള്ള ചേരുവകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളും അതുപോലെ വൃത്തിയുള്ളതും ഉണങ്ങിയതുമായിരിക്കണം.

നാല്…

പാചകം ചെയ്ത ഭക്ഷണം തന്നെ വൃത്തിയായി സൂക്ഷിക്കുക. എല്ലാം ഭദ്രമായി അടച്ചുവയ്ക്കണം. അല്ലാത്ത പക്ഷം ചെറുജീവികളും പ്രാണികളുമെല്ലാം അടുക്കളയില്‍ പതിവാകും. അതുപോലെ തന്നെ ഭക്ഷണസാധനങ്ങള്‍ എളുപ്പത്തില്‍ കേടാവുകയും ചെയ്യും. ഇതെല്ലാം രോഗങ്ങളിലേക്കുള്ള സാധ്യതകളാണ് തുറന്നിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button