KeralaLatest NewsIndia

അതിവേഗ നടപടിക്രമങ്ങൾ, നൂറാം ദിവസം വിധിന്യായം: ആലുവ ക്രൂര കൊലപാതകക്കേസിന്‍റെ നാള്‍വഴികള്‍

കൊച്ചി: മനഃസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ കൊലപാതകം സംഭവിച്ച് മുപ്പത്തഞ്ചാം ദിവസം കുറ്റപത്രം, 15 ദിവസങ്ങളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി, നൂറാം ദിവസം വിധിന്യായം. അങ്ങനെ അതിവേഗ നടപടിക്രമങ്ങളാല്‍ പ്രത്യേകത നേടിയ കേസുകൂടിയാണ് ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം. അസഫാക്ക് ആലം എന്ന കൊടും കുറ്റവാളിക്ക് കോടതി പരമാവധി ശിക്ഷ ഉറപ്പാക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം.

2023 ജൂലൈ 28-നാണ് ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 720/2023. എറണാകുളം പ്രത്യേക പോക്‌സോ കോടതിയില്‍ സെഷന്‍സ് കേസ് നമ്പര്‍ 1385/2023. പ്രതിയെ പിടികൂടിയത് കുറ്റകൃത്യം നടത്തിയതിന്റെ പിറ്റേദിവസം, ജൂലൈ 29-ന്. ബിഹാര്‍ സ്വദേശി അസഫാക് ആലമാണ് കേസിലെ പ്രതി. കുറ്റകൃത്യം നടത്തി 35-ാം ദിവസം പ്രതിക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 11 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കൊലപാതകം, മരണസല കാരണമാകുന്ന ബലാത്സംഗം, പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിക്കെതിരായ ബലാത്സംഗം, നിരന്തര ലൈംഗിക അതിക്രമം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, കുറ്റകൃത്യത്തിനായി ലഹരി നല്‍കുക, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവ.

പോക്‌സോ നിയമമനുസരിച്ച് നാല് കുറ്റങ്ങള്‍. കുട്ടികള്‍ക്കെതിരായ ബലാത്സംഗം, പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ബലാത്സംഗം, ആവര്‍ത്തിച്ചുള്ള ബലാത്സംഗം തുടങ്ങി ആകെ 15 കുറ്റങ്ങള്‍. 645 പേജുള്ള കുറ്റപത്രം അംഗീകരിക്കുന്നതും വായിച്ചുകേള്‍പ്പിക്കുന്നതും ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ നാലിന് വിചാരണ തുടങ്ങി. 15 പ്രവര്‍ത്തി ദിനങ്ങളില്‍ സാക്ഷി വിസ്താരവും വാദവും ഉള്‍പ്പടെയുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 30-ന് വിധി പറയാന്‍ മാറ്റി.

10 തൊണ്ടി മുതലുകള്‍, 95 രേഖകള്‍, 45 സാക്ഷികള്‍, 16 സാഹചര്യത്തെളിവുകള്‍. ഡിഎന്‍എ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍. സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണ് കോടതിക്ക് മുന്നിലുള്ളത്.ആലുവ ഈസ്റ്റ് സിഐ എംഎം മഞ്ജുദാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ജി മോഹന്‍രാജാണ് പ്രോസിക്യൂട്ടര്‍. അതിവേഗ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ്. ഏകപ്രതിയായ അസഫാക് ആലം കുറ്റവാളിയെന്ന വിധിയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

 

shortlink

Post Your Comments


Back to top button