Latest NewsKeralaNews

കേരള പൊലീസ് സംഘത്തില്‍ നിന്നും തോക്കും തിരയും നഷ്ടമായ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും

തിരുവനന്തപുരം : മധ്യപ്രദേശ്-രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തില്‍ നിന്നും തോക്കും തിരയും നഷ്ടമായ സംഭവത്തിലെ ദുരൂഹത മാറ്റാനായില്ല. തോക്ക് കാണാതായ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും. ജബല്‍പ്പൂര്‍ പരിസരത്ത് 150 കിലോ മീറ്ററോളം റെയില്‍വെ ട്രാക്കില്‍ പരിശോധിച്ചിട്ടും പൊലീസ് സംഘത്തിന് തോക്കും തിരയും കണ്ടെത്താനായില്ല. നിരവധി ദുരൂഹതകള്‍ നിലനില്‍ക്കെ പൊലീസ് സംഘം നാളെ കേരളത്തിലേക്ക് തിരിക്കും.

Read Also: കടലില്‍ വീണ്ടും അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, കനത്ത മഴയ്ക്ക് സാധ്യത

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ ഐആര്‍ ബറ്റാലിയനിലെ എസ്‌ഐ വിശാഖിന്റെ കൈവശം ഉണ്ടായിരുന്ന തോക്കും തിരയും അടങ്ങിയ ബാഗാണ് കാണാതായത്. ജബല്‍പ്പൂര്‍ പരിസരത്ത് വെച്ചാണ് ബാഗ് നഷ്ടമായതെന്നാണ് സൂചന. ഈ ഭാഗങ്ങളിലെ 150 കിലോ മീറ്റര്‍ റെയില്‍വെ ട്രാക്കില്‍ കേരള പൊലീസ് സംഘാംഗങ്ങള്‍ അരിച്ചുപെറുക്കി. പക്ഷെ ഒന്നും കിട്ടിയില്ല. ഒടുവില്‍ തോക്കും തിരയും ഇല്ലാതെ സംഘം മടങ്ങുകയാണ്.

 

സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന കെഎപി ത്രീ കമാണ്ടന്റിനോട് ബറ്റാലിയന്‍ ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡ്യൂട്ടിക്ക് പോയ സംഘം തിരിച്ചെത്തിയശേഷം ആയുധം നഷ്ടമായതില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചേക്കും.

എസ്‌ഐയുടെ തോക്ക് അടങ്ങിയ ബാഗ് എസ്എപി ക്യാമ്പിലെ ഒരു ഇന്‍സ്‌പെക്ടര്‍ വലിച്ചെറിഞ്ഞുവെന്ന് എം എസ് പിയിലെ ഒരു എസ് ഐ കമാണ്ടന്റിനെ അറിയിച്ചതും സംഭവത്തിലെ ദുരൂഹത കൂട്ടുന്നുണ്ട്. എന്നാല്‍ ഇത് കള്ളമെന്നാണ് ആരോപണവിധേയനായ ഇന്‍സ്‌പെക്ടര്‍ പറയുന്നത്. മധ്യപ്രദേശ്  പൊലീസ് ഇതിനകം സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button