KeralaLatest NewsNews

മുഖം മിനുക്കാൻ കൊച്ചി ധനുഷ്കോടി ദേശീയപാത-85: നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

നവീകരണത്തിന്റെ ഭാഗമായി നേര്യമംഗലത്ത് പുതിയ പാലം ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്നതാണ്

നവീകരണ പ്രവർത്തനങ്ങളിലൂടെ മുഖം മിനുക്കാൻ ഒരുങ്ങി കൊച്ചി ധനുഷ്കോടി ദേശീയപാത-85. ഘട്ടം ഘട്ടമായാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. നിലവിൽ, ആദ്യ ഘട്ടമെന്ന നിലയിൽ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. രണ്ട് വർഷം കൊണ്ടാണ് ദേശീയപാത നവീകരണം നടത്തുക. ഇകെകെ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് കരാർ ചുമതല. കൊച്ചി മുതൽ മൂന്നാർ വരെ 125 കിലോമീറ്ററാണ് ദേശീയപാതയുടെ നവീകരണം നടത്തുക. ഇതിനായി 1074.8 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

നവീകരണത്തിന്റെ ഭാഗമായി നേര്യമംഗലത്ത് പുതിയ പാലം ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്നതാണ്. 9 പാലങ്ങൾ വീതി കൂട്ടുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ഇരുഭാഗങ്ങളിലുമായി 186 കിലോമീറ്റർ ദൂരത്തിൽ പുതിയ കാനകൾ നിർമ്മിക്കുന്നതാണ്. ഇവയുടെ പ്രവർത്തനമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നിലവിൽ, ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാവിയിൽ നിയന്ത്രണങ്ങൾ വേണ്ടി വന്നേക്കാം.

Also Read: മൂത്ത മകന്‍റെ വീട്ടിലേക്ക് പോകാത്തതിന് വൃദ്ധമാതാവിനെ മകൻ സ്റ്റീൽ പാത്രം കൊണ്ട് തലയ്ക്കടിച്ചു

നേരത്തെ കോതമംഗലം ബൈപ്പാസ്, മൂവാറ്റുപ്പുഴ ബൈപ്പാസ് എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഇറങ്ങിയിരുന്നു. 30 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുന്നതിനാണ് വിജ്ഞാപനം. കോതമംഗലം ബൈപ്പാസിനായി കോതമംഗലം, വാരപ്പെട്ടി വില്ലേജുകളില്‍ 3.8 കിലോമീറ്റര്‍ നീളത്തിലും കോതമംഗലം, വെള്ളൂര്‍ക്കുന്നം വില്ലേജുകളില്‍ 4.3 കിലോമീറ്റര്‍ മൂവാറ്റുപുഴ ബൈപ്പാസിനായുമാണ് ഭൂമി ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ഉടമകൾക്ക് ഈ മാസം 29 വരെ സമർപ്പിക്കാൻ അവസരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button