മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ ലക്ഷങ്ങൾ നൽകുമ്പോൾ കവികൾക്ക് തുച്ഛമായ പ്രതിഫലമാണ് നൽകുന്നതെന്ന വിമർശനവുമായി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത് എത്തിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെ സാഹിത്യ അക്കാദമി തനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാൽ അത് തനിക്ക് വേണ്ടെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,
സാഹിത്യ അക്കാദമി എനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്കാവശ്യമില്ല.
കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻമാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം.
മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി വെളിപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്.
സാഹിത്യസമ്പർക്കത്തിന്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോൽസവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെയും ഞാൻ ആദരിക്കുന്നു.
സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്.
Post Your Comments