ബാലസാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറം അന്തരിച്ചു

പ്രശസ്ത ബാലസാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറം അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കളമശ്ശേരി രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. നിരവധി കൃതികളുടെ രചയിതാവും പ്രഭാഷകനുമായിരുന്ന രാജൻ കോട്ടപ്പുറത്തിനു 61 വയസ്സായിരുന്നു. . തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് അദ്ദേഹം.

മഹാന്മാരുടെ കുട്ടിക്കാലം, കുട്ടികളും കുടുംബാന്തരീക്ഷവും, നെറ്റിപ്പട്ടം, ആനത്തൊപ്പി, വെഞ്ചാമരം, ദൂരക്കാഴ്ച്ച, ഇത്തിരി മുല്ലാക്കഥകള്‍, രസികന്‍ മുല്ലാക്കഥകള്‍, നമുക്കും നായ് പ്രസംഗിക്കാം, ശ്രീനാരായണഗുരുവിന്റെ ജീവചരിത്രമായ ഏകലോകദര്‍ശകന്‍, മുസിരിസ് ജീവചരിത്ര പരമ്പരയ്ക്ക് വേണ്ടി രചിച്ച ഗുരുഗോപാലകൃഷ്ണന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെക്കുറിച്ചുള്ള ജീവചരിത്ര പുസ്തകമായ ഭാരതപുത്രന്‍, തുമ്പിമോള്‍ടെ അമ്മ തുടങ്ങിയ നിരവധി കൃതികളുടെ രചയിതാവാണ്.

ബാലസാഹിത്യരംഗത്തിന് നല്‍കിയ സമഗ്രസംഭാവനയ്ക്ക് അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം, മഹാന്മാരുടെ കുട്ടിക്കാലം എന്ന പുസ്തകത്തിന് സഹൃദയ പാലാ കെ.എം മാത്യു അവാര്‍ഡ്, 2004ലെ ഇടപ്പിള്ളി സര്‍ഗ ബാലസാഹിത്യ അവാര്‍ഡ്, സമന്വയ യുഎഇ അവാര്‍ഡ്, തൃശ്ശൂര്‍ സമന്വയ സാഹിത്യരത്‌ന പുരസ്‌കാരം, എംടി ജൂസ കവിതാപുരസ്‌കാരം, ഗുരുസ്മൃതി പുര്‌സ്‌കാരം, കേരള പന്തിരുകുലം ആര്‍ട്‌സ് അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിരുന്നു.