നിര്‍ഭയം ഭയപ്പെടുത്തുന്ന ത്രില്ലര്‍ ആകുന്നതെങ്ങനെ?

കോളിളക്കമുണ്ടാക്കിയ പല കേസുകളും അന്വേഷിച്ച, പൊതുസമൂഹവും കറപുരളാത്ത ഉദ്യോഗസ്ഥനായി ആരാധിച്ച വ്യക്തിയാണ് സിബി മാത്യൂസ്. കോളിളക്കമുണ്ടായ കേസുകളിലും കൊലപാതകങ്ങളിലുമെല്ലാം സര്‍ക്കാരുകള്‍ വിശ്വാസപൂര്‍വം അന്വേഷണം ഏല്‍പ്പിച്ച ഈ പോലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ സര്‍വീസ് അനുഭവക്കുറിപ്പുകള്‍ നിര്‍ഭയം എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. ഒരു ഐപിഎസ് ഓഫീസറുടെ സര്‍വീസ് സ്റ്റോറിയായി മാറുന്ന ഈ രചനയില്‍ പല ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.

വെറും ഒരു പുസ്തകം എന്ന് തള്ളികളയാനോ, ആത്മകഥ മാത്രമായി ചുരുക്കാനോ സാധിക്കാത്ത നിര്‍ഭയം കോളിളക്കം സൃഷ്ടിച്ച പല കേസുകള്‍ക്ക് പിന്നിലും ഉണ്ടായ രാഷ്ട്രീയമായതും സഹപ്രവര്‍ത്തകര്‍ മൂലമുണ്ടായതുമായ പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിലൂടെ  മറ്റൊരു തലത്തിലേക്ക് മാറുന്നു. കോളിളമുണ്ടാക്കിയ കേസുകളുടെ വിവരങ്ങള്‍, പല ചലച്ചിത്രങ്ങളിലൂടെയും നമ്മളെ അമ്പരപ്പിച്ചവ ഒരു കുറ്റാന്വേഷണ കഥ വായിക്കുന്ന ത്രില്ലില്‍ ഈ പുസ്തകത്തിലൂടെ വായിക്കാന്‍ കഴിയും.

ഐഎഎസ് തലനാരിഴയ്ക്ക് നഷ്ടപ്പെട്ട് ഐപിഎസിലേക്ക് എത്തിയത് മുതല്‍ ഈശ്വരവിശ്വാസം കരിയറില്‍ ഏറെ ഗുണം ചെയ്തുവെന്നു സിബി തുറന്നു പറയുന്നു. പോലീസ് സേനയും അതിലെ രാഷ്ട്രീയ ഇടപെടലും അവരെ ഉപയോഗിക്കുന്നതിലെ തെറ്റുമൊക്കെ സവിസ്തരം വിവരിക്കുന്ന ഈ കൃതിയില്‍ ചാരക്കേസിലെ ചാരംമൂടിപ്പോകാത്ത ചില സത്യങ്ങളും, സിബിഐ ഡയറിക്കുറുപ്പ് സിനിമയിലേക്ക് വഴിതെളിച്ച പോളക്കുളം ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരന്റെ കൊലപാതകവും, മദ്രാസിലെ മോന്‍ സിനിമയ്ക്ക് കാരണമായ കരിക്കിന്‍വില്ല കൊലക്കേസും, കല്ലുവാതുക്കല്‍ മദ്യദുരന്തത്തിന്റെ അന്വേഷണവും അപരിചിതനായ ഒരാള്‍ സ്പിരിറ്റ് സൂക്ഷിപ്പ് കേന്ദ്രം ചൂണ്ടിക്കാട്ടിയതും സിബി മാത്യൂസ് കുറിക്കുന്നു.

ഒരു കുറ്റാന്വേഷണ ക്രൈം നോവല്‍ വായിക്കുന്നതുപോലെ അല്ലെങ്കില്‍ ത്രില്ലര്‍ സിനിമ കാണുന്നതുപോലെ വായിക്കാവുന്ന ഈ പുസ്തകത്തിലെ ചില തുറന്നുപറച്ചിലുകള്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും ഇടവരുത്തുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇനി എന്തോക്കോ വിവാദങ്ങള്‍ ഈ കൃതി സമ്മാനിക്കുമെന്ന് കാത്തിരുന്നു കാണാം.