ന്യൂഡൽഹി: വിമാനയാത്രക്കിടെ ബോളിവുഡ് നടി സൈറ വസീമിനെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വികാസ് സച്ദേവ് എന്ന മുപ്പത്തിയൊമ്പതുകാരനെയാണ് മുംബൈ പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടികൾക്കെതിരെയുള്ള കുറ്റം തടയുന്ന പോക്സോ ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ വിസ്താര വിമാനത്തിൽ യാത്ര ചെയ്യവെയാണ് സീറ്റിനു പിന്നിൽ ഇരുന്ന വികാസ് പതിനെട്ടു വയസ് തികയാത്ത നടിക്കുനേരെ അതിക്രമത്തിന് ശ്രമിച്ചത്. പിന്നിലിരുന്ന യാത്രക്കാരൻ തന്റെ കാൽ ഉപയോഗിച്ച് നടിയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു.സംഭവം വിവരിച്ച് നടി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
പ്രതി പിടിയിലായതിനെ തുടർന്ന് നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പൊലീസ് മൊഴിയെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിനാണ് മുംബൈ പൊലീസ് കേസെടുത്തത്. കേന്ദ്രവ്യോമയാന മന്ത്രാലയവും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലും വിമാനക്കമ്പനിയില്‍ നിന്ന് വിശദീകരണവും തേടിയിരുന്നു. ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും വിമാനത്തിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ കമ്പനികള്‍ ശ്രമിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയും ആവശ്യപ്പെട്ടു.
Post Your Comments