CinemaGeneralLatest NewsMollywoodNEWS

‘ആ രംഗം ചിത്രീകരിക്കുന്നതിനടിയിൽ ശരിക്കും ചേച്ചി കുഴഞ്ഞുവീഴുകയായിരുന്നു’; ഫിലോമിനയുടെ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ സിദ്ദിഖ്

സിനിമയിലെ ഫിലോമിന ചേച്ചി വില്ലത്തിയും കുശുമ്പി തള്ളയുമൊക്കെയാണ്. എന്നാൽ ജീവിതത്തിൽ അങ്ങനെയായിരുന്നില്ല.

മലയാള സിനിമാരാധകർ ഇന്നും കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ് ഗോഡ് ഫാദര്‍.
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ സിനിമ റിലീസ് ചെയ്തത് 1991 ലായിരുന്നു. ഫിലോമിനയും എന്‍എന്‍പിള്ളയും മത്സരിച്ച് അഭിനയിച്ച സിനിമയ്ക്ക് ഇന്നും ആരാധകരേറെയാണ്. ഫിലോമിനയെന്ന അഭിനേത്രിയുടെ അസാമാന്യ അഭിനയമികവ് ചിത്രത്തിന്റെ മാറ്റ് കൂട്ടിയിരുന്നു. പതിവില്‍ നിന്നും വിപരീതമായി ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ സ്ത്രീകളിലും ഭദ്രമായിരിക്കുമെന്ന് ഫിലോമിന തെളിയിച്ച സിനിമ കൂടിയാണിത്.

സിനിമയിലെ ഫിലോമിന ചേച്ചി വില്ലത്തിയും കുശുമ്പി തള്ളയുമൊക്കെയാണ്. എന്നാൽ ജീവിതത്തിൽ അങ്ങനെയായിരുന്നില്ല. വളരെ സ്വീറ്റായിരുന്നു. കടുപ്പിച്ചൊരു വാക്കു പോലും പറയാത്ത, എല്ലാവരോടും നന്നായി സംസാരിക്കുന്ന, സ്നേഹമുള്ള, നന്നായി ഇടപഴകുന്ന വ്യക്തിയായിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രത്തെക്കുറിച്ച് എഴുതിയപ്പോള്‍ മുതല്‍ മനസ്സിലുണ്ടായിരുന്നത് ഫിലോമിനയുടെ മുഖമായിരുന്നുവെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഗോഡ് ഫാദര്‍ അനുഭവം പങ്കുവെച്ചത്. ഒപ്പം ഫിലോമിനയെന്ന അഭിനേത്രിയുടെ ഓർമകളെ കുറിച്ചും അദ്ദേഹം പറയുന്നത്. ഫിലോമിന വിടവാങ്ങിയിട്ട് 14 വര്‍ഷം പിന്നിടുകയാണ്.

കഥ എഴുതി തുടങ്ങിയപ്പോള്‍ തന്നെ ആനപ്പാറ അച്ചാമ്മയുടെ കഥാപാത്രത്തിന് എന്റെ മനസ്സില്‍ തെളിഞ്ഞ മുഖം ഫിലോമിന ചേച്ചിയുടേതായിരുന്നു. ഫിലോമിന ചേച്ചിയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് സത്യത്തില്‍ അങ്ങനെ ഒരു കഥാപാത്രത്തിന് രൂപം കൊടുത്തത് എന്ന് തന്നെ പറയാം. സാമാന്യ ബുദ്ധിയുള്ള സ്ത്രീയല്ല ആനപ്പാറ അച്ചാമ്മ, വളരെ കര്‍ക്കശ്ശക്കാരിയായ, തന്റേടിയായ, ധാര്‍ഷ്ട്യമുള്ള സ്ത്രീയാണ്.

അഞ്ഞൂറാന്റെ കുടുംബത്തോട് പകരം വീട്ടാന്‍ സ്വന്തം പേരക്കുട്ടിയെ തന്നെ ആയുധമാക്കുന്ന സ്ത്രീ. വൈരാഗ്യം തീര്‍ക്കാനുള്ള വാശിയായാണ് ആനപ്പാറ അച്ചമ്മയെ ഭരിക്കുന്നത്. ഇതെല്ലാം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണമെങ്കിൽ അപാരമായ കഴിവുള്ള ഒരു നടി തന്നെ അഭിനയിക്കണം. ഫിലോമിന ചേച്ചിയല്ലാതെ മറ്റൊരാളും അത് ചെയ്താല്‍ ശരിയാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് ഫിലോമിന ചേച്ചിയോട് ഈ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ ഇത് ഞാന്‍ തന്നെ ചെയ്യാം മോനെയെന്നായിരുന്നു ചേച്ചി പറഞ്ഞതെന്നും സിദ്ദിഖ് പറയുന്നു.

പ്രമേഹ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചേച്ചി അവശത അനുഭവിക്കുന്ന കാലത്താണ് ഈ കഥ പറയുന്നത്. ശാരീരിക അവശതകള്‍ മറന്നാണ് ചേച്ചി അഭിനയിക്കാനെത്തിയത്. സിനിമയിൽ ഒരു രംഗമുണ്ട്, പേരക്കുട്ടിയുടെ വിവാഹം മുടങ്ങിയെന്നറിഞ്ഞ അച്ചാമ്മ അഞ്ഞൂറാനെ കൊല്ലാന്‍ തോക്കുമായി വീട്ടില്‍ നിന്ന് ഇറങ്ങുന്നു. തടിമാടന്‍മാരായ മക്കള്‍ അച്ചാമ്മയെ തടഞ്ഞു നിര്‍ത്തുന്നു. തോക്ക് പിടിച്ചു വാങ്ങാനും ശ്രമിക്കുന്ന മക്കളെ അച്ചാമ്മ ഒറ്റയ്ക്ക് എതിരിടുന്നു. ആ രംഗം ചിത്രീകരിക്കുന്നതിനിടയിലെ സംഭവങ്ങളെക്കുറിച്ചും സിദ്ദിഖ് തുറന്നുപറഞ്ഞിരുന്നു.

അവസാനം തളര്‍ന്നുവീഴുന്നുണ്ട് ചേച്ചി, എന്നാല്‍ അപ്പോഴും തോക്കിലെ പിടിവിട്ടിരുന്നില്ല. ആ സീന്‍ എടുത്തപ്പോള്‍ ശരിക്കും ചേച്ചി കുഴഞ്ഞുവീഴുകയായിരുന്നു. ശാരീരിക അവശകതകള്‍ ചേച്ചിയെ അലട്ടുന്നുണ്ടായിരുന്നു. എല്ലാവരും ഓടിച്ചെന്ന് ചേച്ചിയെ എടുത്തു കിടത്തി. ഏകദേശം ഒരു ദിവസം വിശ്രമിച്ചതിന് ശേഷമാണ് ചേച്ചി വീണ്ടും അഭിനയിച്ചത്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ചേച്ചി എന്നോട് പറഞ്ഞു,എന്റെ മോനേ, നമ്മള്‍ വളരെ കഷ്ടപ്പെടുത്ത് എടുത്ത സീനാണെങ്കിലും അതിന്റെ ഫലം കണ്ടു.

ഗോഡ് ഫാദറിന് ശേഷം വിയറ്റ്നാം കോളനി എന്ന സിനിമയിലേക്കാണ് പിന്നീട് ഫിലോമിന ചേച്ചിയെ വിളിക്കുന്നത്. ആ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രത്തെയാണ് ഫിലോമിന ചേച്ചി അവതരിപ്പിച്ചത്. ഗോഡ് ഫാദറിലെ അച്ചാമ്മയില്‍ നിന്ന് ഏറെ വ്യത്യസ്തമായ നിഷ്കളങ്കയായ അമ്മവേഷമാണ് വിയറ്റ്നാം കോളനിയിലേത്. വളരെ ഗംഭീരമായാണ് ഫിലോമിന ചേച്ചി അവതരിപ്പിച്ചത്.

മരിക്കുന്നത് വരെ ചേച്ചി പറയുമായിരുന്നു, എന്റെ കരിയറിലെ രണ്ടു മികച്ച കഥാപാത്രങ്ങള്‍ ആനപ്പാറ അച്ചാമ്മയും സുഹറാ ബായിയും ആണെന്ന്. ഇനിയും ഇതുപോലുള്ള നല്ല വേഷങ്ങള്‍ നല്‍കണമെന്ന് ചേച്ചി പറയുമായിരുന്നു. എന്നാൽ അത് സാധിക്കും മുന്‍പ് മരണം കൂട്ടിക്കൊണ്ടു പോയി സിദ്ദിഖ് പറയുന്നു.

shortlink

Post Your Comments


Back to top button