CinemaGeneralIndian CinemaLatest NewsMollywood

ഒരു ഫീമെയിൽ മാനേജർ വേണം, പിന്നെ എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം: ദുരനുഭവം പറഞ്ഞ് മഞ്ജുവാണി ഭാഗ്യരത്നം

നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഞ്ജുവാണി ഭാഗ്യരത്നം. ഒരു അഭിഭാഷകയും ​ഗായികയും കൂടിയാണ് മഞ്ജു. ഇപ്പോളിതാ, തനിക്ക് സിനിമാ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് നടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു അനുഭവം തുറന്നെഴുതിയത്. ഗായിക കൂടിയായ മഞ്ജു 2013ൽ ഒരു ഓഡിഷനിൽ പങ്കെടുത്തതും, തുടർന്ന് ഓഡിഷൻ നടത്തിയ പ്രമുഖൻ അപമര്യാദയായി പെരുമാറിയതുമാണ് മഞ്ജു പറയുന്നത്.

മഞ്ജുവാണി ഭാഗ്യരത്നത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

2013ൽ ആണെന്നാണോർമ്മ!
എഫ് ബി യിൽ ഞാൻ ഷെയർ ചെയ്ത സൗണ്ട്ക്ലൗഡിലെ പാട്ട് എന്നെ കൊണ്ടെത്തിച്ചത് ഒരു സിംഹത്തിന്റെ മടയിൽ.വിവാഹിതനും പിതാവുമൊക്കെയാണെന്ന പൊതുബോധത്തിലാണ് പോകാനൊരുങ്ങുന്നത്. ലൊക്കേഷൻ പറഞ്ഞു തരാൻ സിംഹം എന്നെ ഫോണിൽ വിളിക്കുന്നു. ഒടുവിൽ ആ ഡയലോഗും – “ഫ്ലാറ്റിൽ എന്റൊപ്പം എന്റെ ഗേൾഫ്രണ്ട് ഉണ്ടാവും, കുഴപ്പമൊന്നും ഇല്ലല്ലോ ല്ലേ?”അന്നേരം മനസ്സ് വിളിച്ചു പറഞ്ഞത് വാട്ട് ദ് ഫക്ക് എന്നാണ്. ഭാര്യയും കുട്ടിയുമുള്ളവന് ഗേൾഫ്രണ്ട് ഉണ്ടോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല, എന്നാൽ അതെനിക്ക് കുഴപ്പമാവുമോ എന്ന് ചോദിക്കാൻ തോന്നിയ ആ മനസ്സുണ്ടല്ലോ, അതിന്റെ ചെറിയൊരംശം മതിയായിരുന്നു, കെട്ടിക്കൊണ്ടുവന്നു കൊച്ചുങ്ങളെമുണ്ടാക്കി പകുതിക്ക് വച്ചുപേക്ഷിച്ച ഭാര്യയോട് കാണിക്കാൻ.

പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം! അതുകൊണ്ട്, ചെന്ന് കേറിയപ്പോ കണ്ട ഒരു കൊച്ചു പെണ്ണ് (സോഫയിൽ കയറിയിരുന്ന് ഉച്ചയൂണിനുള്ള ബീൻസ് അരിയുന്നുണ്ടായിരുന്നു) അവൾക്കിതെന്തിന്റെ കേട് എന്ന് തോന്നിയെങ്കിലും, ആരാന്റെ ജീവിതത്തിൽ എനിക്കെന്ത് കാര്യം എന്നോർത്ത് ഞാൻ പോയ കാര്യം (ഓഡിഷൻ) നടത്തി ഇങ്ങു പോന്നു.
പിന്നെ ഇടക്കൊക്കെ സിംഹം എന്നെ വിളിക്കുകയും, ടെക്സ്റ്റ് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. അത്തരമൊരു കോൺവർസെഷനിൽ ഒരു ആവശ്യം ഉന്നയിച്ചു. “ഒരു ഫീമെയിൽ മാനേജർ വേണം”. ആക്കാലത്ത് ഞാനൊരു ജോലി നോക്കിക്കൊണ്ടിരിക്കുകയാണെന്നും, കോർപ്പറേറ്റ് (നാഷണൽ & ഇന്റർനാഷണൽ) ജോബ് എക്സ്പീരിയൻസ് ഉണ്ടെന്നും പുള്ളിക്കറിയാമായിരുന്നു. എനിക്ക് അതുവരെ കിട്ടിക്കൊണ്ടിരുന്ന സാലറി പേ പാക്ക് കൊച്ചിയിൽ അന്നൊരിടത്തും കിട്ടില്ല എന്ന അവസ്ഥയിൽ സ്വാഭാവികമായും ഈ ജോബ് പ്രൊഫൈൽ എന്താണെന്ന് അറിയാനുള്ള ആകാംഷകൊണ്ട് ചോദിച്ചു സാലറി എത്രയാണ്, ജോബ് പ്രൊഫൈൽ എന്തൊക്കെയാണ് എന്ന്.

” സാലറി ഒരു 20000 രൂപ കൊടുക്കാം, പിന്നെ എന്റെ ഒപ്പം ട്രാവൽ ചെയ്യണം, കോർഡിനേഷൻ വർക്കുകൾ, പിന്നെ എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം”. ആ അവസാനത്തെ പ്രൊഫൈൽ ഡിസ്ക്രിപ്ഷൻ എനിക്ക് അത്ര ക്ലിയർ ആയില്ല. അൽപ്പം പുച്ഛം കലർത്തിതന്നെ ചോദിച്ചു – എല്ലാത്തിനും റെഡിയാവണം എന്ന് വച്ചാൽ എന്താ സംഭവം?
കേൾക്കാനിംബമുള്ള ചിരിയിൽ പൊതിഞ്ഞു മറുപടിയെത്തി – “എല്ലാത്തിനും എന്ന് പറഞ്ഞാ അറിയാല്ലോ, എല്ലായിടത്തും എനിക്ക് ഗേൾഫ്രണ്ടിനെ കൊണ്ടുപോകാൻ പറ്റില്ല, അപ്പോ എനിക്കൊരു കൂട്ട്…”

മനസ്സിൽ വന്ന തെറി വായിലൂടെ പുറത്തെടുക്കാതെ ഞാനും പറഞ്ഞു – *എന്റെ പരിചയത്തിലെങ്ങും അത്തരത്തിലൊരാളില്ല, എങ്ങാനും കണ്ടുമുട്ടിയാ ഞാനിക്കാര്യം മനസ്സിൽ വച്ചോളാം.അതെ ഇത്തരം ഊളത്തരം മനസ്സിൽ വക്കുകയല്ലാതെ മാമാപണിക്കിറങ്ങാൻ വയ്യല്ലോ! എന്തായാലും കണ്ടുമുട്ടിയ ഗേൾഫ്രണ്ടിനെ മനസ്സാ നമിച്ചു, കണ്ടിട്ടില്ലാത്ത ഭാര്യയോട് മനസ്സിൽ പറഞ്ഞു – നീ നിന്റെ പാട് നോക്കി ജീവിക്ക് പെണ്ണേ. സിംഹത്തോടും പറഞ്ഞു, അളിയാ നീ സിംഹമല്ലടാ പുലിയാ പുലി.കാലം അത് വീണ്ടും തെളിയിക്കുമ്പോൾ ഇതിവിടെ പറയണമെന്ന് തോന്നി…. അപ്പോ ശെരി
NB: അന്ന് ഓഡിഷനിൽ പാടിയ പാട്ട് ഇവിടെ പാടിയിടാമേ, ഗംഭീരം എന്നാണ് അന്ന് സിംഹപ്പുലി മൊഴിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button