KollywoodMovie Reviews

നെരുപ്പ്  ഡാ ….. ഇത് തന്നെയാണ് കബാലി !

സുജിത്ത്  ചാഴൂർ 

നെരുപ്പ്  ഡാ ….. ഇത് തന്നെയാണ് കബാലി ! ലോകം മുഴുവൻ കാത്തിരുന്ന കബാലിക്ക് ഇതിനേക്കാൾ വലിയ വാക്കില്ല.

കബാലി ഇറങ്ങുന്നതിന് മുമ്പ് ഉണ്ടായ കുറെയേറെ സംഭവങ്ങളുണ്ട്. ഇതുവരെയെങ്ങും ഉണ്ടായിട്ടില്ലാത്ത ആവേശം. വലിയ കയ്യടിയോടെ ഏറ്റുവാങ്ങിയ ട്രെയ്‌ലർ. എങ്ങും കബാലി സംസാരങ്ങൾ. വിമാനച്ചിറകുകളിൽ പോലും പരസ്യം.  ഏറ്റവും  ഒടുവിൽ തമിഴ്‌നാട്ടിലെ ഐ.ടി ജീവനക്കാർ അടക്കം തൊഴിലാളികൾ മൊത്തം കമ്പനികളിൽ  ലീവ് അപേക്ഷ നൽകിയപ്പോൾ കമ്പനികൾ ഒന്നു മനസ്സിലാക്കി. ലീവ് അനുവദിച്ചില്ലെങ്കിൽ  ശിക്ഷാനടപടികൾ പോലും  സന്തോഷത്തോടെ  സ്വീകരിക്കാൻ ആരാധകർ  ഇന്നേ ദിവസം ജോലിക്ക് ഹാജരാകില്ല എന്ന്. അവസാനം പൊതു അവധി കൊടുക്കേണ്ടി വന്നു. ഇതെല്ലാം ഒരേയൊരു മനുഷ്യനോടുള്ള ആരാധന ആണെന്ന് മനസ്സിലാക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ ഒരു  മാസ് ചിത്രത്തിന്റെ റിലീസ് ദിവസം മരണമാസ് ആകുന്നത്.

പാ രഞ്ജിത് സംവിധാനം ചെയ്ത കബാലി ഒന്നുകൊണ്ടും ആരാധകരെ നിരാശപ്പെടുത്തുന്നില്ല. കബാലി എന്ന ഗാങ്സ്റ്ററുടെ ഉദയവും ജീവിതവും ഉയർച്ചയും താഴ്ച്ചയും പറയുന്ന സിനിമ രജനിയുടെ ഇൻട്രൊഡക്ഷൻ മുതൽ തീ പിടിക്കുന്നുണ്ട്. രജനി ചിത്രങ്ങളുടെ പതിവ് ചേരുവകളിലൂടെ കടന്നുപോകുമ്പോഴും മുമ്പെങ്ങുമില്ലാത്ത ഒരു ശൈലി കൊണ്ടു വരാൻ സംവിധായകന് കഴിഞ്ഞു എന്നത് തന്നെയാണ് കബാലിയുടെ വിജയം. ഇതിനു മുമ്പിറങ്ങിയ ലിംഗായും കൊച്ചടിയാനും ആരാധകരെ നിരാശപ്പെടുത്തിയപ്പോൾ അതിന്റെ കൂടി വിഷമം മാറ്റുകയാണ് കബാലി. ഒരുപാട് കണ്ടുമടുത്ത അധോലോക വിഷയങ്ങളും ശൈലികളും ഒരിക്കൽ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുമ്പോൾ അതിലെന്തെങ്കിലും പുതുമ വേണം, തീർച്ചയായും. രജനി ചിത്രങ്ങളുടെ ശൈലിയും ആരാധകർക്ക് മനഃപാഠമാണ്. അങ്ങനെയുള്ളപ്പോൾ ഒരു ഗാങ്സ്റ്റർ – രജനി കോമ്പിനേഷൻ അത്രയേറെ രസകരമായി അവതരിപ്പിച്ചില്ലെങ്കിൽ കൈപൊള്ളും. ആ ഒരു കടുത്ത റിസ്ക് പാ രഞ്ജിത് എന്ന സംവിധായകൻ ഏറ്റെടുത്തത് അത്രയേറെ ചങ്കൂറ്റത്തോടെ ആയിരിക്കണം.

ഗാങ്സ്റ്റർ എന്ന പേരുണ്ടെങ്കിലും കടുംബബന്ധങ്ങളുടെ കഥ  കൂടി പറയുന്നുണ്ട്. കബാലിയുടെ നഷ്ടങ്ങളുടെയും കാത്തിരിപ്പിന്റെയും കഥ. കബാലിയെ കാത്തിരിക്കുന്നവരുടെ കഥ. ആദ്യപകുതിയുടെ വേഗത്തെ അല്പമൊന്ന് ഇഴയാൻ വിടുന്നുണ്ട് ബന്ധങ്ങളുടെ കാഴ്ചകൾ. രണ്ടാം പകുതിക്കു അതിവേഗം തീപിടിക്കുന്നുണ്ട്  കബാലിക്ക്. വാശിയേറിയ ഒരു ഫുട്‌ബോൾ കളിയുടെ എക്സ്ട്രാ ടൈമിനോട് കബാലിയെ ഉപമിച്ചാൽ തരക്കേടാവില്ല. എടുത്തുപറയേണ്ടത്  മികച്ച പശ്ചാത്തലസംഗീതമാണ്.   പ്രത്യേകിച്ചും രജനി സ്റ്റൈൽ  സന്ദർഭങ്ങളിൽ.   .  യുക്തിചിന്തകൾക്ക് രജനി ചിത്രത്തിൽ പണ്ടുമുതലേ പ്രസക്തിയില്ല. എങ്കിലും  ആരാധാകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തിക്കൊണ്ട് കബാലി അരങ്ങേറുകയാണ്. കേരളത്തിൽ മാത്രം മുന്നൂറിലേറെ തീയറ്ററുകളിൽ രണ്ടായിരം പ്രദർശനങ്ങളാണ്‌ ആദ്യദിവസം തന്നെ സാധ്യമാകുന്നത്.

കലൈപുലി എസ് താണു നിർമ്മിച്ച് പാ രഞ്ജിത് തന്നെ എഴുതിയ ഈ ചിത്രത്തിൽ സംഗീതം സന്തോഷ് നാരാണയണനാണ്. രജനിക്കൊപ്പം രാധിക ആപ്‌തെ ,വിൻസ്റ്റൺ ചാവോ , ധൻസിക , ദിനേശ് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.സിനിമാട്ടോഗ്രാഫി ജി. മുരളി. കേരളത്തിൽ ഈ ചിത്രത്തിന്റെ വിതരണം ആശിർവാദ് റിലീസ് ആണ് എടുത്തിരിക്കുന്നത്.

ഓൺലൈൻ ടിക്കറ്റുകൾ മുമ്പേ വിറ്റുപോയതാണ് കബാലിയുടെ. ഇന്ന് രാവിലെ മുതൽ കേരളത്തിലെ തീയറ്ററുകളിൽ  തുടങ്ങി. മിക്കതിലും രാത്രി വൈകിയും ഷോ ഉണ്ട്. എന്നിട്ടും  ടിക്കറ്റ് കിട്ടാത്തവർ നിരവധിയാണ് തീയറ്ററുകൾക്ക് പുറത്തുണ്ട്. രജനിയെ കാണാൻ. കബാലിയെ കാണാൻ. ഇന്ത്യയിലെ മാസ് മാസ് ക്രൗഡ് പുള്ളറെ കാണാൻ

രജനി തരംഗം ആസ്വദിക്കൂ…   നെരുപ്പ്  ഡാ

 

shortlink

Related Articles

Post Your Comments


Back to top button